ന്യൂഡല്‍ഹി: അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ദിവസങ്ങള്‍ നീണ്ട സസ്പന്‍സുകള്‍ക്ക് വിരാമമായി. അമേഠിയില്‍ വീണ്ടും രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയുടെ തട്ടകമായ റായ്ബറേലിയില്‍ മകള്‍ പ്രിയങ്ക ഗാന്ധിയും മത്സരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും രാഹുല്‍ തന്നെയാണ് അമ്മയുടെ മണ്ഡലത്തില്‍ പോരിനിറങ്ങുന്നത്. പ്രിയങ്ക മത്സര രംഗത്തില്ല.
ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കെ.എല്‍ ശര്‍മയാണ് അമേഠിയില്‍ ബിജെപിയുടെ സ്മൃതി ഇറാനിയെ നേരിടുന്നത്. മെയ് 20 ന് അഞ്ചാം ഘട്ടത്തിലാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്.
പതിറ്റാണ്ടുകളായി ഗാന്ധി കുടുംബത്തിന്റെ മണ്ഡലമായിരുന്നു ഉത്തര്‍പ്രദേശിലെ അമേഠി. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കള്‍ തുടരേ വിജയിച്ചു വന്ന അമേഠി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായിരുന്നു. 2019 ല്‍ രാഹുലിനെതിരെ സ്മൃതി ഇറാനി വിജയിക്കുന്നത് വരെ ഈ സീറ്റ് ഗാന്ധി കുടുംബത്തിന്റെ ഉരുക്ക് കോട്ട എന്നാണ് അമേഠി അറിയപ്പെട്ടത്.
രാഹുലിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധി 1981 മുതല്‍ മരിക്കുന്ന 1991 വരെ പ്രതിനിധീകരിച്ചിരുന്നത് അമേഠിയെ ആയിരുന്നു. 1999 മുതല്‍ സോണിയ അമേഠിയുടെ പ്രതിനിധിയായി. പിന്നീട് 2004 ല്‍ രാഹുലിന് കൈമാറി. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസിനേറ്റ കനത്ത പ്രഹരമായിരുന്നു.
കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നത്. കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണ് റായ്ബറേലിയും. 1951 മുതലുള്ള പൊതുതെരഞ്ഞെടുപ്പില്‍ മൂന്ന് തവണ മാത്രമാണ് മണ്ഡലം കോണ്‍ഗ്രസിനെ കൈവിട്ടത്. ഇന്ദിരാ ഗാന്ധിയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ഫിറോസ് ഗാന്ധി ഇവിടെ രണ്ട് തവണ വിജയിച്ചിട്ടുണ്ട്. 1952 ലും 57 ലുമാണ് ഫിറോസ് ഇവിടെ നിന്നും മത്സരിച്ചത്.
2004 മുതല്‍ സോണിയ സ്ഥിരമായി ജയിച്ചു വന്ന മണ്ഡലം കൂടിയാണ് റായ്ബറേലി. 2019 ല്‍ യുപിയില്‍ ബജെപി തരംഗം ആഞ്ഞടിച്ചപ്പോഴും റായ്ബറേലി സോണിയയ്‌ക്കൊപ്പം നിന്നു. ഇത്തവണ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കുകയും പിന്നീട് രാജ്യസഭയിലേക്ക് സോണിയ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ദിനേശ് പ്രതാപ് സിങാണ് റായ്ബറേലിയിലെ ബിജെപി സ്ഥാനാര്‍ത്ഥി. 2019 ല്‍ ദിനേശ് സോണിയയോട് പരാജയപ്പെട്ടിരുന്നു.
അമേഠിയില്‍ അങ്കത്തിനിറങ്ങുന്ന കിശോരി ലാല്‍ ശര്‍മ എന്ന കെ.എല്‍ ശര്‍മ പഞ്ചാബ് ലുധിയാന സ്വദേശിയാണ്. പതിറ്റാണ്ടുകളായി ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്നു ശര്‍മ. 1991 ല്‍ രാജീവ് ഗാന്ധിയുടെ മരണശേഷം ഗാന്ധി കുടുംബവുമായുള്ള ശര്‍മയുടെ ബന്ധം കൂടുതല്‍ ദൃഢമായി.
1983 ലാണ് കിഷോരി ലാല്‍ ശര്‍മ ആദ്യമായി അമേഠിയില്‍ എത്തുന്നത്. അന്ന് തൊട്ട് മണ്ഡലത്തില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. 1999 ല്‍ അമേഠിയിലെ സോണിയയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയത്തില്‍ ശര്‍മ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. മകന്‍ രാഹുലിന് വേണ്ടി സോണിയാ ഗാന്ധി സീറ്റ് ഒഴിഞ്ഞതിന് ശേഷം അമേഠിയിലും റായ്ബറേലിയിലും പാര്‍ട്ടി കാര്യങ്ങള്‍ നിയന്ത്രിച്ചത് ശര്‍മയാണ്. ബിഹാറിലും പഞ്ചാബിലും ശര്‍മ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.