തിരഞ്ഞെടുപ്പ്: കെജരിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി

തിരഞ്ഞെടുപ്പ്: കെജരിവാളിന്  ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയുമടങ്ങുന്ന ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്. ജാമ്യ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം ഇടക്കാല ജാമ്യം നല്‍കുന്നതിനെ ഇഡി എതിര്‍ത്തു.

ഇടക്കാല ജാമ്യം നല്‍കും എന്ന് പറയുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ചില കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. ജാമ്യം നല്‍കുകയാണങ്കില്‍ എന്തൊക്കെ ജാമ്യ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണം എന്നത് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് കോടതി നിര്‍ദേശം ആരാഞ്ഞു.

വാദം തീരാനുള്ള താമസം ചൂണ്ടിക്കാട്ടിയാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ഇടക്കാല ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത ഇ.ഡി ജാമ്യം ലഭിച്ചിട്ടുള്ള ആം ആദ്മി പാര്‍ട്ടിയുടെ മറ്റുനേതാക്കള്‍ പുറത്ത് നടത്തുന്ന പ്രസ്താവനകള്‍ ശ്രദ്ധയില്‍ എടുക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ മാര്‍ച്ച് 21 നാണ് കെജരിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി ബിജെപി രംഗത്തെത്തിയിരുന്നു. കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാതെ തന്നെ ജയിലില്‍ നിന്ന് ഭരണം കൈകാര്യം ചെയ്യുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.