ഐശ്വര്യ കേരളയാത്രയ്ക്ക് തുടക്കമായി; പാര്‍ട്ടി മുഖപത്രത്തില്‍ വന്ന ആദരാഞ്ജലി പരസ്യം കല്ലുകടിയായി

 ഐശ്വര്യ കേരളയാത്രയ്ക്ക് തുടക്കമായി;  പാര്‍ട്ടി മുഖപത്രത്തില്‍ വന്ന ആദരാഞ്ജലി  പരസ്യം കല്ലുകടിയായി

കാസര്‍ഗോഡ്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് കാസര്‍ഗോഡ് ജില്ലയിലെ കുമ്പളയില്‍ തുടക്കമായി. മുന്‍ മുഖ്യമന്ത്രിയും യുഡിഎഫ് തെരഞ്ഞെടുപ്പ് മേല്‍നോട്ട കമ്മിറ്റി ചെയര്‍മാനുമായ ഉമ്മന്‍ചാണ്ടി ചെന്നിത്തലയ്ക്ക് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു.

വിജയിച്ച പ്രതിപക്ഷ നേതാവാണെന്ന് രമേശ് ചെന്നിത്തലയെന്ന് ഉമ്മന്‍ചാണ്ടി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ചെന്നിത്തല ഉന്നയിച്ച കാര്യങ്ങളെല്ലാം സത്യമാണെന്ന് തെളിഞ്ഞു. വിജയിയായിട്ടാണ് അദ്ദേഹം ജാഥ നയിക്കുന്നത്. കേരളത്തിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ പാഴാക്കി.

വലിയ വികസനം നടത്തിയെന്ന സര്‍ക്കാര്‍ വാദം സത്യമല്ല. നാടിനോ ജനങ്ങള്‍ക്കോ യാതൊരു പ്രയോജനവും ഉണ്ടായില്ല. സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നു. പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ നീതിക്കായി ഓടി നടക്കുമ്പോള്‍ സര്‍ക്കാരിന്റെ നീക്കം ചെറുപ്പക്കാര്‍ക്കുള്ളില്‍ തീക്കനല്‍ ആയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

അടുത്തമാസം 22ന് തിരുവനന്തപുരത്ത് ജാഥയുടെ സമാപിക്കും. 'സംശുദ്ധം സദ്ഭരണം' എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥയെത്തും. എല്‍ഡിഎഫിന്റെ ദുര്‍ഭരണവും അഴിമതിയും അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളും ജാഥ മുന്നോട്ടുവയ്ക്കുന്നു. വാഹന ജാഥയില്‍ ചെന്നിത്തലയ്‌ക്കൊപ്പം ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ് തുടങ്ങി പ്രമുഖരായ യുഡിഎഫ് നേതാക്കള്‍ പങ്കുചേരും.

ഇതിനിടെ ഇന്നിറങ്ങിയ പാര്‍ട്ടി മുഖപത്രമായ വീക്ഷണത്തില്‍ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പുറം പേജില്‍ വന്ന സപ്ലിമെന്റ് പരസ്യം വിവാദമായിട്ടുണ്ട്. ഐ ഗ്രൂപ്പ് നേതാവായ രമേശ് ചെന്നിത്തലയെ അപകീര്‍ത്തിപ്പെടുത്താന്‍ എ ഗ്രൂപ്പ് നേതാക്കള്‍ നേതൃത്വം നല്‍കുന്ന വീക്ഷണത്തിലൂടെ നടന്ന ഗൂഢ നീക്കങ്ങളാണ് ഇതിന് പിന്നിലെന്നാണ് ഐ ഗ്രൂപ്പ് ഉന്നയിക്കുന്ന ആക്ഷേപം. ചെന്നിത്തല ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.