കാനഡയുമായുള്ള നയതന്ത്രബന്ധം വഷളാക്കിയ നിജ്ജാര്‍ കൊലപാതകം: മൂന്ന് ഇന്ത്യാക്കാര്‍ അറസ്റ്റില്‍; ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കാനഡ

കാനഡയുമായുള്ള നയതന്ത്രബന്ധം വഷളാക്കിയ നിജ്ജാര്‍ കൊലപാതകം: മൂന്ന് ഇന്ത്യാക്കാര്‍ അറസ്റ്റില്‍; ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കാനഡ

ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളാക്കിയ ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസില്‍ ഹിറ്റ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന മൂന്ന് ഇന്ത്യക്കാരെ കനേഡിയന്‍ പൊലീസ് അറസ്റ്റ് ചെയ്തതു. കരണ്‍ ബ്രാര്‍ (22), കമല്‍പ്രീത് സിങ് (22), കരണ്‍പ്രീത് സിങ് (28) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തിന്റെ പ്രഭവകേന്ദ്രമായി നിജ്ജാറിന്റെ കൊലപാതകം മാറിയിരുന്നു. അതേസമയം കാനഡയുടെ ആരോപണങ്ങള്‍ ഇന്ത്യ തള്ളിയിരുന്നു. അറസ്റ്റിലായ ഇന്ത്യാക്കാര്‍ സ്റ്റുഡന്റ് വിസയില്‍ കാനഡയില്‍ എത്തിയവരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവര്‍ ഏതെങ്കിലും യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നവരാണെന്ന് കണ്ടെത്താനും ആയിട്ടില്ലെന്നാണ് വിവരം.

മൂന്ന് മുതല്‍ അഞ്ച് വര്‍ഷമായി ആല്‍ബര്‍ട്ടയില്‍ താല്‍കാലികമായി താമസിക്കുകയാണെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന സൂപ്രണ്ട് മന്‍ദീപ് മൂക്കര്‍ പറഞ്ഞു. കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജാര്‍ വിവിധ തീവ്രവാദ കുറ്റങ്ങള്‍ ചുമത്തി ഇന്ത്യ തിരയുന്ന ഭീകരനാണ്. പിടിയിലായവര്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും കനേഡിയന്‍ പൊലീസ് വ്യക്തമാക്കി.

2023 ജൂണ്‍ 18 ന് സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ചായിരുന്നു നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. കനേഡിയന്‍ പൗരത്വമുള്ള നിജ്ജാറിനെ ഇന്ത്യന്‍ ഏജന്റുകളാണ് കൊലപ്പെടുത്തിയതെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം രണ്ട് രാജ്യങ്ങളും തമ്മില്‍ വന്‍ തര്‍ക്കത്തിന് കാരണമായി. തുടര്‍ന്ന് ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. ട്രൂഡോയുടെ ആരോപണം നിരസിച്ച ഇന്ത്യ വിഘടന വാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും കാനഡ രാഷ്ട്രീയ ഇടം നല്‍കുന്നുവെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചുവെന്നും പറഞ്ഞിരുന്നു.

ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) എന്ന സംഘടനയുടെ വക്താവാണ് നിജ്ജാര്‍. സംഘടനയില്‍ ഗുര്‍പത് സിങ് പന്നൂനിന് ശേഷം രണ്ടാമനായി കാണുന്ന വ്യക്തികൂടിയാണ് ഇയാള്‍. ജലന്ധറിലെ ഭര്‍സിങ് പുര ഗ്രാമത്തില്‍ നിന്ന് 1996 ല്‍ നിജ്ജാര്‍ കാനഡയിലേക്ക് പോയി എന്നാണ് പഞ്ചാബ് പൊലീസിന്റെ പക്കലുള്ള വിവരം. കാനഡയില്‍ പ്ലംബറായി ജോലി ചെയ്തിരുന്ന നിജ്ജാറിന്റെ സമ്പത്ത് ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെട്ടെന്ന് വര്‍ധിക്കുകയായിരുന്നു.

ഇന്ത്യയിലെ ഖാലിസ്ഥാന്‍ അനുകൂല സംഘങ്ങളെ കണ്ടെത്തി കൃത്യമായി ഫണ്ട് നല്‍കി പരിപോഷിപ്പിക്കുന്നതില്‍ നിജ്ജാര്‍ ഭാഗമായിരുന്നു. അതിന്റെ ഭാഗമായി ഇയാള്‍ക്കെതിരെ 10 എഫ്‌ഐആറുകളും ഉണ്ട്. 2014 ല്‍ ആത്മീയ നേതാവായ ബാബ ഭനിയാറയുടെ കൊലപാതകം ആസൂത്രണം ചെയ്തതും നിജ്ജാര്‍ ആണ്.
2020 നവംബറില്‍ നിജ്ജാര്‍, ആര്‍ഷ ദല്ല എന്ന മറ്റൊരു ഗ്യാങ്സ്റ്റര്‍ നേതാവിനൊപ്പം ചേര്‍ന്ന് ദേര സഛാ സൗദ അനുയായി ആയ മനോഹര്‍ ലാലിന്റെ കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തിരുന്നു. ഈ കൊലപാതകം നടക്കുന്നത് 2021 ല്‍ പഞ്ചാബിലെ ബത്തിണ്ടയില്‍ മനോഹര്‍ ലാലിന്റെ ഓഫീസിലാണ്.

ഇന്ത്യ വര്‍ഷങ്ങളായി ആഗോളതലത്തില്‍ ഉന്നയിക്കുന്ന വിഷയമാണ് കാനഡയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന സംരക്ഷണം. വളരെ ഗുരുതരമായ അത്തരം പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഈ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അന്ന് വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.