ബൈക്ക് അപകടത്തില്‍ പരിക്കേറ്റ സഹയാത്രികനെ വഴിയില്‍ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; പതിനേഴുകാരന് ദാരുണാന്ത്യം

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ സഹയാത്രികനെ വഴിയില്‍ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; പതിനേഴുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: ബൈക്ക് അപകടത്തില്‍പ്പെട്ട സഹയാത്രികനെ വഴിയിലുപേക്ഷിച്ച് യുവാവ് കടന്നതോടെ ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരനെ പൊലീസ് പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇലന്തൂര്‍ നെല്ലിക്കാല പ്ലാങ്കൂട്ടത്തില്‍ മേലേതില്‍ വീട്ടിലെ സുധീഷ് ആണ് മരിച്ചത്. പരിക്കേറ്റ കൂട്ടുകാരനെ വഴിയിലുപേക്ഷിച്ച് കടന്നു കളഞ്ഞ പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദി(23)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പത്തനംതിട്ട-കോഴഞ്ചേരി റോഡില്‍ ഇന്നലെ രാത്രി 9:11 ഓടെയാണ് ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. സഹദ് ഓടിച്ചിരുന്ന ബൈക്കിന്റെ പിന്‍സീറ്റിലായിരുന്നു സുധീഷ് യാത്ര ചെയ്തിരുന്നത്.

എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന സഹദും പിന്നിലിരുന്ന സുധീഷും റോഡിലേക്ക് തെറിച്ചു വീണു.

ബൈക്കില്‍ നിന്നും തെറിച്ച് തലയിടിച്ചു വീണ സുധീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. വീണിടത്ത് നിന്ന് എഴുന്നേറ്റ സഹദ് ചലനമറ്റ് കിടന്ന സുധീഷിനെ തിരിഞ്ഞ് നോക്കാതെ ബൈക്കെടുത്ത് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

സ്ഥലത്തു നിന്നും മുങ്ങാന്‍ ശ്രമിച്ച സഹദിനെ നാട്ടുകാര്‍ തടഞ്ഞു വെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കടയിലേക്ക് എന്നു പറഞ്ഞാണ് സുധീഷ് സഹദിനൊപ്പം പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.