മുന്നറിയിപ്പ് നല്‍കിയിട്ടും കുറ്റവാളികള്‍ക്ക് കാനഡ വിസ നല്‍കുന്നു: വിമര്‍ശനവുമായി എസ്. ജയശങ്കര്‍

മുന്നറിയിപ്പ് നല്‍കിയിട്ടും കുറ്റവാളികള്‍ക്ക് കാനഡ വിസ നല്‍കുന്നു: വിമര്‍ശനവുമായി എസ്. ജയശങ്കര്‍

ഭുവനേശ്വര്‍: ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടും കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ക്ക് കാനഡ വിസ നല്‍കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.

കാനഡയില്‍ പാകിസ്ഥാന്‍ അനുകൂല ചായ്വുള്ളവര്‍ രാഷ്ട്രീയമായി സംഘടിക്കുകയും സ്വാധീനമുള്ള ഒരു രാഷ്ടീയ ലോബിയായി മാറിയിരിക്കുകയുമാണ്. അദേഹത്തിന്റെ 'വൈ ഭാരത് മാറ്റേര്‍സ്' എന്ന പുസ്തകവുമായി ബന്ധപ്പെട്ട സംവാദപരിപാടിക്കിടെയാണ് ജയശങ്കറിന്റെ പ്രതികരണം.

ചില രാജ്യങ്ങളില്‍ ഇത്തരം ആളുകള്‍ രാഷ്ട്രീയമായി സംഘടിക്കുകയും ഒരു രാഷ്ട്രീയ ലോബിയായി മാറുകയും ചെയ്യുന്നു. ഇപ്പോള്‍ നമ്മുടെ ഏറ്റവും വലിയ പ്രശ്നം കാനഡയാണ്. കാനഡയില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയും മറ്റു പാര്‍ട്ടികളും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ തീവ്ര വാദത്തിനും വിഘടന വാദത്തിനും അക്രമത്തിന്റെ വക്താക്കള്‍ക്കും നിയമ സാധുത നല്‍കുന്നു.

ഈ ലോകം ഒരു വഴിയിലൂടെ മാത്രം സഞ്ചരിക്കുന്ന ഒന്നല്ലെന്ന് അവര്‍ മനസിലാക്കണം. ന്യൂട്ടണ്‍സ് ലോ ഓഫ് പൊളിറ്റിക്സ് ഇവിടെ പ്രാവര്‍ത്തികമാകും. പ്രതിപ്രവര്‍ത്തനമുണ്ടാകും. മറ്റുള്ളവര്‍ അതിനെ പ്രതിരോധിക്കാനായി നടപടികളെടുക്കുമെന്നും ജയശങ്കര്‍ പറഞ്ഞു.

പഞ്ചാബില്‍ നിന്നുള്ള കുറ്റവാളികളെ കാനഡ സ്വാഗതം ചെയ്യുകയാണ്. കാനഡ വിസ നല്‍കിയവര്‍ ഇന്ത്യ നോട്ടമിട്ട ക്രിമിനലുകളാണെന്ന് കാനഡയോട് പറഞ്ഞിട്ടുള്ളതാണ്. ഒട്ടുമിക്കവരും വ്യാജ രേഖയിലാണ് വരുന്നത്. എന്നിട്ടും അവരെ അവിടെ താമസിക്കാന്‍ അനുവദിക്കുകയാണ്. അവിടെ എന്തെങ്കിലും സംഭവിച്ചാല്‍ അവരാണ് അതില്‍ വിഷമിക്കേണ്ടതെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ അറസ്റ്റിലായിരുന്നു. കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് അറസ്റ്റ്.

കാനഡയുടെ ആരോപണം ഇന്ത്യന്‍ അധികൃതര്‍ പല തവണ നിഷേധിച്ചിട്ടുണ്ട്. നിജ്ജറുടെ കൊലപാതകം പോലെയുള്ള വിഷയങ്ങളില്‍ ഇടപെടുകയെന്നത് ഇന്ത്യയുടെ നയമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കാനഡയെ അറിയിച്ചിട്ടുണ്ടെന്ന് ജയശങ്കര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.