ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും. രാവിലെ 11നാണ് പൊതുബജറ്റ് അവതരണം. കോവിഡ് മഹാമാരിയുടെയും മറ്റും പശ്ചാത്തലത്തില്‍ രാജ്യത്ത് ഉടലെടുത്ത രൂക്ഷമായ സാമ്പത്തിക മാന്ദ്യം മൂലം ബജറ്റില്‍ കാര്യമായ നികുതി ഇളവിന് സാധ്യതയില്ലെന്നാണ് സൂചന.
എന്നാല്‍ കൊവിഡിനെ നേരിടാനുള്ള കൂടുതല്‍ പദ്ധതികള്‍, തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതല്‍ തുക, കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള പ്രത്യേക സഹായം, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ മധ്യവര്‍ഗത്തെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ തുടങ്ങിയ പ്രഖ്യാപനങ്ങളുണ്ടായേക്കും.
വളര്‍ച്ച ഉറപ്പാക്കാനും കര്‍ഷകരെ കൂടെ നിര്‍ത്താനുമുള്ള പ്രഖ്യാപനങ്ങളുമുണ്ടാവും. കര്‍ഷകപ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് കാര്‍ഷിക മേഖലയ്ക്കുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചേക്കും. 15ാം ധനകാര്യകമ്മീഷന്‍ റിപ്പോര്‍ട്ടും ധനമന്ത്രി സഭയില്‍ വയ്ക്കും. ഒരുവര്‍ഷത്തില്‍ മൂന്നോ നാലോ മിനിബജറ്റ് അവതരിപ്പിച്ച് കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയാവും ഇന്നത്തെ ബജറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പൊതുബജറ്റിന്റെ സ്വഭാവമെന്താവുമെന്ന സൂചന നല്‍കിയിരുന്നു.
കൊവിഡ് സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയത് വലിയ ഇടിവാണ്. എന്നാല്‍, ഇപ്പോള്‍ തിരിച്ചുവരവിന്റെ ലക്ഷണം കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊതുരംഗത്ത് കൂടുതല്‍ പണം ചെലവഴിക്കുക എന്നതാണ് സര്‍ക്കാരിനു മുന്നിലുള്ള പ്രധാന നിര്‍ദേശം. ഒപ്പം വാക്സിനേഷന്‍ 130 കോടി ജനങ്ങളിലേക്കുമെത്തണം.
ഇതിനായി കൊവിഡ് സെസ് എന്ന നിര്‍ദേശം വരുന്നുണ്ട്. കൊവിഡ് സെസിനുള്ള നിര്‍ദേശം വന്നാല്‍ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ രാഷ്ട്രീയമായി തിരിച്ചടി ആയേക്കാവുന്ന ഈ നിര്‍ദേശം ഒഴിവക്കണമെന്ന വികാരം ഭരണ കക്ഷിയിലുമുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ നിര്‍ദേശങ്ങളും ധനമന്ത്രിയുടെ ബജറ്റ് പ്‌സംഗത്തിലുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.