ഫാ. മാത്യു മാവേലി അന്തരിച്ചു; വിട പറഞ്ഞത് ലളിത ജീവിതം കൊണ്ട് ഇടവക ജനത്തിന് മാതൃകയായ അജപാലകന്‍

ഫാ. മാത്യു മാവേലി അന്തരിച്ചു; വിട പറഞ്ഞത് ലളിത ജീവിതം കൊണ്ട് ഇടവക ജനത്തിന് മാതൃകയായ അജപാലകന്‍

താമരശേരി: താമരശേരി രൂപത മുന്‍ വികാരി ജനറാളും മുന്‍ കോര്‍പ്പറേറ്റ് മാനേജരും കല്ലുരുട്ടി സെന്റ് തോമസ് ഇടവകയുടെ വികാരിയുമായ ഫാ. മാത്യു മാവേലി (75) അന്തരിച്ചു.

കൈനകരിയിലെ സ്വന്തം വീട്ടിലേക്കുള്ള യാത്രാമധ്യേ ട്രെയിനില്‍ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആലുവയിലുള്ള രാജഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ 07.40 ന് മരണമടയുകയായിരുന്നു.

1949 ജൂണ്‍ 19 ന് ചങ്ങനാശേരി അതിരൂപതയിലെ കൈനകരി ഇടവകയില്‍ പരേതരായ മാവേലില്‍ മാത്യു - അന്നമ്മ ദമ്പതികളുടെ അഞ്ച് മക്കളില്‍ നാലാമത്തെ മകനായി ജനിച്ചു. കൈനകരിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1964 ല്‍ അഭിഭക്ത തലശേരി രൂപത മൈനര്‍ സെമിനാരിയില്‍ വൈദിക പഠനം ആരംഭിച്ചു.

1973 ഡിസംബര്‍ 18 ന് കൈനകരി സെന്റ് ഏലിയാസ് ആശ്രമത്തില്‍ വച്ച് അഭിവന്ദ്യ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ചു.1974 ല്‍ കൂടരഞ്ഞി ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി അജപാലന ദൗത്യം ആരംഭിച്ചു.

പേരാവൂര്‍, ആലക്കോട് എന്നിവടങ്ങളിലും അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് വാലില്ലാപ്പുഴ, തലയാട്-വയലിട, റയറോം, വിളക്കാംതോട്, തേക്കുംകുറ്റി, കൂമുള്ളി, ആനക്കാംപൊയില്‍, കൂരാച്ചുണ്ട്, താമരശേരി എന്നിവിടങ്ങളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൂടാതെ തലശേരി രൂപത മൈനര്‍ സെമിനാരിയില്‍ സ്പിരിച്ച്വല്‍ ഡയറക്ടറായും താമരശേരി രൂപത മൈനര്‍ സെമിനാരിയില്‍ റെക്ടറായും സ്പിരിച്ച്വല്‍ ഡയറക്ടറായും രൂപത കോര്‍പ്പറേറ്റ് മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2013 മുതല്‍ 2018 വരെ താമരശേരി രൂപതയുടെ വികാരി ജനറാളായിരുന്നു. 2022 മുതലാണ് കല്ലുരുട്ടി സെന്റ് തോമസ് ഇടവക വികാരിയായി ചുമതലയേറ്റത്.

സഹോദരങ്ങള്‍: ജോസഫ് മാത്യു കൈതവന, തോമസ് മാത്യു കൈനകരി (പരേതര്‍), സഖറിയാസ് മാത്യു കൈനകരി, തങ്കമ്മ ജെയിംസ് കൂപ്ലിക്കാട്.

മൃതദേഹം സഹോദരന്‍ സഖറിയാസ് മാത്യു കൈനകരിയുടെ ഭവനത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മൃത സംസ്‌കാര ശുശ്രൂഷകള്‍ നാളെ ഉച്ചയ്ക്ക് ഒന്നിന് ഭവനത്തില്‍ ആരംഭിക്കും.

രണ്ടിന് അറുനൂറ്റംപാടം സേക്രഡ് ഹാര്‍ട്ട് ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കും അനുബന്ധ ശുശ്രൂഷകള്‍ക്കും ശേഷം കൈനകരിയിലുള്ള സെന്റ് മേരീസ് ദൈവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

ലളിത ജീവിതം നയിച്ച് ഏവര്‍ക്കും മാതൃകയായി മാറിയ മാത്യു മാവേലിയച്ചന്‍ കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ ഏറെ അസൗകര്യങ്ങള്‍ തരണം ചെയ്ത് ഇടവകകളില്‍ തന്റെ ശക്തമായ നേതൃത്വവും കഠിനാധ്വാനവും കൊണ്ട് ഇടവക ജനത്തെ മുന്നോട്ട് നയിച്ച അജപാലകനായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.