കന്യാകുമാരി: കന്യാകുമാരി ഗണപതിപുരത്ത് സ്വകാര്യ ബീച്ചില്‍ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. സഹപാഠിയുടെ സഹോദരന്റെ വിവാഹത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
തഞ്ചാവൂര്‍ സ്വദേശി ഡി. ചാരുകവി (23), കന്യാകുമാരി സ്വദേശി പി. സര്‍വ ദര്‍ശിത് (23), ആന്ധ്രാപ്രദേശില്‍ നിന്നുള്ള വെങ്കടേഷ് (24), നെയ്‌വേലി സ്വദേശി ബി. ഗായത്രി (25), ഡിണ്ടിഗല്‍ സ്വദേശി എം. പ്രവീണ്‍ സാം (23) എന്നിവരാണ് മരിച്ചത്.
ഗണപതിപുരം ലെമൂര്‍ ബീച്ചിലാണ് അപകടം ഉണ്ടായത്. എട്ട് പേരാണ് കുളിക്കാനായി കടലില്‍ ഇറങ്ങിയത്. മൂന്നു പേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു. ഇവര്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുച്ചിറിപ്പിളളി മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് എല്ലാവരും.
സഹപാഠിയുടെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 12 വിദ്യാര്‍ഥികള്‍ സംഘമായാണ് നാഗര്‍കോവിലില്‍ എത്തിയത്. ഞായറാഴ്ച നടന്ന വിവാഹത്തിന് ശേഷം ഇവര്‍ കന്യാകുമാരിയില്‍ എത്തുകയായിരുന്നു. ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ ശക്തമായ തിരയില്‍ പെട്ടുപോകുകയായിരുന്നു.
സംഭവത്തിന് ദൃക്സാക്ഷികളായ, കരയിലുണ്ടായിരുന്ന വിദ്യാര്‍ഥികളില്‍ രണ്ടുപേര്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൂത്തുക്കുടി, കന്യാകുമാരി മേഖലയില്‍ കടല്‍ ക്ഷോഭത്തിനുള്ള സാധ്യതയുണ്ടെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. കടല്‍ ക്ഷോഭത്തില്‍ തമിഴ്നാട്ടില്‍ മറ്റ് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പോലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.