തനിക്ക് ഏറ്റവും പ്രിയങ്കരമായവ - പിതാവിൽനിന്ന് കേട്ടതെല്ലാം - നമുക്കായി പങ്കുവയ്ക്കുന്ന യേശുവിനെ ഉറ്റസുഹൃത്തായി കാണുക: ഫ്രാൻസിസ് പാപ്പ

തനിക്ക് ഏറ്റവും പ്രിയങ്കരമായവ - പിതാവിൽനിന്ന് കേട്ടതെല്ലാം - നമുക്കായി പങ്കുവയ്ക്കുന്ന യേശുവിനെ ഉറ്റസുഹൃത്തായി കാണുക: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: കർത്താവുമായുള്ള നമ്മുടെ സൗഹൃദം വളർത്തുകയും അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നതിൽ ഉത്സാഹം കാണിക്കണമെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പ. ബ്രസീലിലുണ്ടായ വെള്ളപ്പൊക്കത്തിൻ്റെ ഇരകളായവരെയും യുക്രെയ്ൻ, ഇസ്രായേൽ, പലസ്തീൻ എന്നിവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സമാധാനചർച്ചകളെയും പാപ്പാ തന്റെ പ്രാർത്ഥനയിൽ പ്രത്യേകം അനുസ്മരിച്ചു.

ഞായറാഴ്ച ത്രികാലജപ പ്രാർത്ഥനയോടനുബന്ധിച്ച് പതിവുപോലെ സുവിശേഷസന്ദേശം നൽകുകയായിരുന്നു പാപ്പ. യേശു തന്റെ അപ്പസ്തോലന്മാരോട് അരുളിചെയ്ത, 'ഇനി ഞാന്‍ നിങ്ങളെ ദാസന്‍മാര്‍ എന്നു വിളിക്കുകയില്ല.....എന്നാല്‍, ഞാന്‍ നിങ്ങളെ സ്നേഹിതന്‍മാരെന്നു വിളിച്ചു' (യോഹന്നാന്‍ 15 : 15) എന്ന വചനം ഞായറാഴ്ചത്തെ സുവിശേഷവായനയുടെ മുഖ്യസന്ദേശമായി എടുത്തുകൊണ്ടാണ് പരിശുദ്ധ പിതാവ് ധ്യാനചിന്തകൾ പങ്കുവെച്ചത്.

ദൈവത്തിൻ്റെ ദാസരായി പ്രത്യേകം തിരഞ്ഞെടുക്കപ്പെടുകയും തൻ്റെ നിധി ഭരമേൽപ്പിക്കുകയും ചെയ്തവരായ മോശ, ദാവീദ് രാജാവ്, ഏലിയാ പ്രവാചകൻ, പരിശുദ്ധ കന്യകാമറിയം എന്നിവരെ അനുസ്മരിച്ച്, മാർപാപ്പ ഇപ്രകാരം വിശദീകരിച്ചു: യേശുവുമായുള്ള സൗഹൃദത്തിൽ നാം വളരണമെങ്കിൽ, കൂടുതൽ വലിയവ അവിടുന്ന് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം നാം മനസ്സിലാക്കണം.

സൗഹൃദത്തിൻറെ സൗന്ദര്യം

കുട്ടിക്കാലം മുതൽക്കേ സൗഹൃദങ്ങൾ നാം അനുഭവിച്ചു തുടങ്ങുന്നു. ഒരുപക്ഷേ, കളിപ്പാട്ടങ്ങളോ, മറ്റു സമ്മാനങ്ങളോ പങ്കുവെച്ചുകൊണ്ടായിരിക്കും നാം അത് ആരംഭിക്കുന്നത്. കൗമാരപ്രായമാകുമ്പോൾ അത് കൂടുതൽ വിശ്വസ്തതയാർജ്ജിക്കുന്നു. മുതിർന്നവരെന്ന നിലയിൽ നമ്മുടെ ഭാരങ്ങളും ഓർമ്മകളും ജീവിതാനുഭവങ്ങളും പരസ്പരം പങ്കുവയ്ക്കുന്നു. നമ്മുടെ സുഹൃത്തുക്കളെ ഓർത്ത് കർത്താവിനോട് നമുക്ക് നന്ദി പറയാം - പാപ്പാ പറഞ്ഞു.

സൗഹൃദം കൊടുങ്കാറ്റുകളെ അതിജീവിക്കുന്നു

യഥാർത്ഥ സൗഹൃദം നമ്മുടെ പൊതുവായ മനുഷ്യത്വത്തെ അംഗീകരിക്കുന്നതായിരിക്കും അല്ലാതെ, കണക്കുകൂട്ടലുകളുടെയോ, നിർബന്ധത്തിൻ്റെയോ ഫലമായി ഉണ്ടാകുന്നതല്ല. 'ആത്മാർഥ സുഹൃത്ത് എല്ലായ്പ്പോഴും സ്നേഹിക്കുന്നു' - സുഭാഷിതങ്ങളുടെ പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. നാം തെറ്റുകൾ ചെയ്താൽ പോലും നമ്മെ ഉപേക്ഷിക്കാതെ, വേണ്ട തിരുത്തലുകൾ നൽകുന്ന ഒരു യഥാർത്ഥ സുഹൃത്ത്, നമ്മെ ശാസിച്ചാൽ പോലും നമ്മോട് ക്ഷമ കാണിക്കുന്നു.

എല്ലാ പ്രതീക്ഷകൾക്കുമുപരി

ഇന്നത്തെ സുവിശേഷത്തിലൂടെ യേശു നമ്മോട് പറയുന്നത്, നമ്മുടെ എല്ലാ പ്രതീക്ഷകൾക്കും യോഗ്യതകൾക്കുമപ്പുറം അവിടുന്ന് നമ്മെ സ്നേഹിതരാക്കിയിരിക്കുന്നു എന്നാണ്. കരങ്ങൾ നീട്ടി തന്റെ സ്നേഹവും കൃപയും വചനവും അവിടുന്ന് നമുക്ക് തരുന്നു. തനിക്ക് ഏറ്റവും പ്രിയങ്കരമായവ, തന്റെ പിതാവിൽ നിന്ന് കേട്ടവയെല്ലാം അവിടുന്ന് നമുക്കായി പങ്കുവയ്ക്കുന്നു. ഒരു ബലഹീനനെപ്പോലെ ആയിത്തീർന്ന്, നമ്മുടെ കരങ്ങളാൽ വഹിക്കപ്പെടാൻ അനുവദിച്ചു കൊണ്ടുപോലും അവിടുന്ന് നമ്മെ സ്നേഹിക്കുന്നു. നമ്മുടെ നന്മ അഗ്രഹിച്ചുകൊണ്ട്, അവിടുത്തെ നന്മയിൽ നമ്മെ പങ്കാരാകുന്നു.

ഒരു സുഹൃത്തെന്ന നിലയിലാണോ അതോ, ഒരു അപരിചിതനെപ്പോലെയാണോ നമ്മുടെ ജീവിതത്തിൽ നാം കർത്താവിനെ കാണുന്നതെന്ന് ചിന്തിക്കാൻ പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു. അവിടുത്തെ അതിരില്ലാത്ത സ്നേഹം സ്വീകരിക്കുകയും അത് നമ്മുടെ സഹോദരീസഹോദരന്മാരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ടോ? വളരെ പ്രത്യേകമായി, നമ്മോട് തെറ്റ് ചെയ്യുന്നവരോടും നമ്മുടെ ക്ഷമ ആവശ്യമുള്ളവരോടും - പാപ്പാ ചോദിച്ചു. തന്റെ പുത്രൻ്റെ സ്നേഹിതരായി വളർന്നു വരാൻ പരിശുദ്ധ അമ്മ നമ്മെ സഹായിക്കട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട് പാപ്പ തൻ്റെ സന്ദേശം ഉപസംഹരിച്ചു.

ഈസ്റ്റർ ആശംസകൾ

ജൂലിയൻ കലണ്ടർ പ്രകാരം ഞായറാഴ്ച ഈസ്റ്റർ ആഘോഷിച്ച ഓർത്തഡോക്സ്, പൗരസ്ത്യ കത്തോലിക്ക സഭാംഗങ്ങൾക്ക് മാർപാപ്പ ഉയിർപ്പുതിരുനാളിന്റെ മംഗളങ്ങൾ ആശംസിച്ചു.

യുദ്ധവും ദുരിതങ്ങളും

തുടർന്ന്, കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കും ലോകസമാധാനത്തിനും വേണ്ടി പരിശുദ്ധ പിതാവ് പ്രാർത്ഥിച്ചു. ബ്രസീലിൻ്റെ തെക്കൻ മേഖലയിൽ ഉണ്ടായ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നവരെയും ജീവൻ നഷ്ടപ്പെട്ടവരെയും പാപ്പാ പ്രാർത്ഥനയിൽ അനുസ്മരിച്ചു. യുക്രെയ്ൻ, ഇസ്രായേൽ, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളുടെ പേരുകൾ എടുത്തുപറഞ്ഞ്, അവിടങ്ങളിൽ സമാധാനത്തിനായുള്ള ചർച്ചകൾ ഫലമണിയുന്നതിനുവേണ്ടി പ്രാർത്ഥനകൾ തുടരണമെന്ന് പാപ്പാ എല്ലാവരോടും ആവശ്യപ്പെട്ടു.

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.