യുവ തലമുറയില്‍ ഹിറ്റായി ഫാ. റോബര്‍ട്ട് ഗാലിയയുടെ വീഡിയോ ഗെയിം 'മെറ്റാസെയിന്റ്'; ഇതുവരെ സന്ദര്‍ശിച്ചത് ഏഴു ലക്ഷത്തോളം പേര്‍

യുവ തലമുറയില്‍ ഹിറ്റായി ഫാ. റോബര്‍ട്ട് ഗാലിയയുടെ വീഡിയോ ഗെയിം 'മെറ്റാസെയിന്റ്'; ഇതുവരെ സന്ദര്‍ശിച്ചത് ഏഴു ലക്ഷത്തോളം പേര്‍

വത്തിക്കാന്‍ സിറ്റി: കുട്ടികളുടെ ഇഷ്ട വീഡിയോ ഗെയിമായ സൂപ്പര്‍ മാരിയോയുടെ മാതൃകയില്‍ ഓസ്‌ട്രേലിയന്‍ വൈദികനായ ഫാ. റോബര്‍ട്ട് ഗാലിയ പുറത്തിറക്കിയ 'മെറ്റാസെയിന്റ്' എന്ന കാത്തലിക് ഗെയിമിന് വിശ്വാസികള്‍ക്കിടയില്‍ വന്‍ സ്വീകാര്യത. പെസഹ വ്യാഴാഴ്ച റിലീസ് ചെയ്ത ഗെയിമിനെ കുട്ടികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. ദൈവത്തെക്കുറിച്ചും ബൈബിളിലെ സംഭവങ്ങളെക്കുറിച്ചും കുട്ടികള്‍ക്കു മുന്നില്‍ ആകര്‍ഷകമായി അവതരിപ്പിക്കുന്ന ഗെയിം ഇതുവരെ, ഏഴു ലക്ഷത്തോളം പേര്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. ഈ കണക്ക് അനുദിനം ഗണ്യമായി വളരുകയാണ്.

യുവ തലമുറ ഏറെ ഇഷ്ടപ്പെടുന്ന പ്രമുഖ ക്രിസ്ത്യന്‍ ഗായകനും ഗാനരചയിതാവുമായ ഫാ. റോബര്‍ട്ട് ഗാലിയയാണ് ദൈവത്തെ പ്രഘോഷിക്കാന്‍ നവമാധ്യമത്തിന്റെ സാധ്യതകള്‍ തുറന്നിട്ടത്. അതിമനോഹരമായ ദൃശ്യഭംഗിയാണ് ഗെയിമിന്റെ പ്രത്യേകത.



ഒരു വെര്‍ച്വല്‍ കത്തീഡ്രലില്‍ നിന്നാണ് ഗെയിം ആരംഭിക്കുന്നത്. ദേവാലയത്തിന്റെ കല്‍ഭിത്തികളിലെ ഗ്ലാസ് ജാലകങ്ങളില്‍ ബൈബിളില്‍ നിന്നുള്ള ഒരു രംഗം ചിത്രീകരിച്ചിരിക്കുന്നു. അവിടെ നിന്ന് അവിസ്മരണീയമായ ഒരു ബൈബിള്‍ സാഹസിക യാത്ര ആരംഭിക്കുന്നു. ഈ ജാലകങ്ങളിലൂടെയാണ് ഗെയിമിന്റെ ഒരോ തലത്തിലേക്കും നമ്മെ കൊണ്ടുപോകുന്നത്. പ്രകൃത ഭംഗി നിറഞ്ഞ ഏദന്‍ തോട്ടം, നക്ഷത്രപ്രകാശമുള്ള ബെത്‌ലഹേം, ക്രിസ്തുവിന്റെ അത്ഭുതങ്ങള്‍ ഇങ്ങനെ ബൈബിളിന്റെ സൗന്ദര്യവും സത്യവും തിരിച്ചറിയുന്ന ഗെയിമാണിതെന്ന് നിസംശയം പറയാം.

മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഓരോ ലോകവും പര്യവേക്ഷണം ചെയ്യുന്നതിലൂടെ കുട്ടികള്‍ക്ക് മികച്ചൊരു കാഴ്ച്ചാനുഭവം ലഭിക്കും. ഓരോ ലോകത്തേക്കും നമ്മെ നയിക്കാന്‍ ഒരു മാലാഖ ഗൈഡായും ഉണ്ട്. ഒരോ ലെവലിലും കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ടാസ്‌കുകളുമുണ്ട്.

ഫാ. റോബര്‍ട്ട് ഗാലിയയുടെ നേതൃത്വത്തിലുള്ള ഐക്കണ്‍ കാത്തലിക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലാണ് മെറ്റാസെയിന്റ് എന്ന പേരിലുള്ള ഗെയിം പുറത്തിറക്കിയത്. ജനപ്രിയ ഓണ്‍ലൈന്‍ ഗെയ്മിങ് പ്ലാറ്റ്‌ഫോമായ റോബ്ലോക്‌സിലാണ് മെറ്റാസെയിന്റ് വികസിപ്പിച്ചെടുത്തത്.
70 ദശലക്ഷത്തിലധികം പ്രതിദിന ഉപയോക്താക്കളുള്ള റോബ്ലോക്‌സില്‍ പകുതിയും 15 വയസും അതിന് താഴെയുമുള്ള കുട്ടികളാണ് ഉള്ളത്. തോക്കും ആയുധങ്ങളുമെടുത്തുള്ള ഗെയിമുകള്‍ക്കു പകരം സമാധാനത്തിന്റെ സന്ദേശം പകരുന്ന ക്രിസ്തീയ വിശ്വാസത്തിന്റെ വിത്തുകള്‍ പാകാനുള്ള ഇടമായി റോബ്ലോക്‌സിനെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ഫാ. റോബര്‍ട്ട് ഗാലിയ.

മെറ്റാസെയിന്റില്‍ കുട്ടികള്‍ക്ക് ഗെയിമുകള്‍ കളിക്കാനും ബൈബിളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സന്ദര്‍ശിക്കാനും കഴിയും. ഗെയിമിന്റെ അവസാനം ഒരു വെര്‍ച്വല്‍ മെഴുകുതിരി കത്തിച്ചും ഒരു ജോടി മാലാഖ ചിറകുകള്‍ സ്വീകരിച്ചും തങ്ങള്‍ക്ക് മെറ്റാസെയിന്റ് ആകണോ എന്ന് കുട്ടികള്‍ക്ക് തീരുമാനിക്കാമെന്ന് വൈദികന്‍ പറയുന്നു.

പ്രമുഖ ഗെയിംസ് സ്റ്റുഡിയോയായ ഡബ്ബിറ്റുമായി ചേര്‍ന്ന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന മെറ്റാസെയ്‌ന്റെന്ന ഗെയിമിങ് ആപ്പ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും വലിയ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ ഗെയിം കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ കത്തോലിക്കാ വിശ്വാസം പഠിക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗമാണെന്ന് ഫാ. റോബര്‍ട്ട് ഗാലിയ ഉറപ്പു നല്‍കുന്നു.

മെറ്റാസെയിന്റ് കളിക്കാന്‍, ചുവടെയുള്ള വെബ്പേജ് സന്ദര്‍ശിച്ച് സൈന്‍ അപ്പ് ചെയ്യാം.

https://www.roblox.com/games/15298842350/MetaSaint

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.