ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹിന്ദു ജനസംഖ്യാനുപാതത്തില്‍ 7.81 ശതമാനത്തിന്റെ ഇടിവുണ്ടായെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്.
1950 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഈ കാലയളവില്‍ മുസ്ലിം ജനസംഖ്യാനുപാതം 43.15 ശതമാനം വര്‍ധിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.
1950 ല്‍ രാജ്യത്തെ ജനസംഖ്യയുടെ 84.68 ശതമാനമായിരുന്നു ഹിന്ദുക്കള്‍. 2015 ല്‍ ഇത് 7.81 ശതാനം ഇടിഞ്ഞ് 78.06 ശതമാനമായി കുറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ 9.84 ശതമാനമായിരുന്നു 1950 ല്‍ മുസ്ലിം അനുപാതം. 2015 ല്‍ ഇത് 14.09 ശതമാനായി ഉയര്‍ന്നു. അനുപാതത്തിലെ വര്‍ധന 43.15 ശതമാനം.
തെക്കന്‍ ഏഷ്യയില്‍ മ്യാന്‍മറിന് ശേഷം ഭൂരിപക്ഷ സമുദായത്തിന്റെ അനുപാതത്തില്‍ കൂടുതല്‍ ഇടിവുണ്ടായത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളായ ശമിക രവി, അപൂര്‍വ കുമാര്‍ മിശ്ര, ഏബ്രഹാം ജോസ് എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം ആശങ്കപ്പെടുത്തും വണ്ണം കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ മറിച്ചാണ് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം റിപ്പോര്‍ട്ടിനെ രാഷ്ട്രീയ ആയുധമാക്കി ബിജെപി രംഗത്തു വന്നു. കോണ്‍ഗ്രസ് ഭരണമാണ് ഹിന്ദുക്കള്‍ കുറയാന്‍ കാരണമായതെന്ന് ബിജെപി ഐടി മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.