റിവേഴ്സ് സ്വീപ് : ശ്രേയാസ് ഡല്‍ഹിയുടെ വിജയ ശില്‍പി; തിരുത്തണം കൊല്‍ക്കത്ത പിഴവുകള്‍

റിവേഴ്സ് സ്വീപ് : ശ്രേയാസ് ഡല്‍ഹിയുടെ വിജയ ശില്‍പി; തിരുത്തണം കൊല്‍ക്കത്ത പിഴവുകള്‍

ഷാർജ : കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ടുവെങ്കിലും ബാറ്റിംഗ് ലഭിച്ച ഡല്‍ഹി ക്യാപിറ്റല്‍സ്, കൃത്യമായ പ്ലാനിംഗോടെയാണ്, ക്രീസിലെത്തിയത്.അതുകൊണ്ടു തന്നെയാണ്, ഈ സീസണിലെ   ഏറ്റവും ഉയര്‍ന്ന സ്‌കോറായ 228 റണ്‍സ് നേടാന്‍ സാധിച്ചതും.പവ‍ർ പ്ലേ ഓവറുകള്‍  എങ്ങനെ  മുതലാക്കണമെന്നതുസംബന്ധിച്ച് ധാരണ നേരത്തെയുണ്ടായിരുന്നതിനാല്‍, ഓപ്പണ‍ർമാർ അഗ്രസിവായി തന്നെയാണ് ബാറ്റുവീശിയത്. ഷാ‍ർജയില്‍ കഴിഞ്ഞ മത്സരങ്ങളില്‍ ടീമുകള്‍ നേടിയ സ്കോറും, ചെറിയ ബൗണ്ടറികളും മനസില്‍ വച്ചുതന്നെയാണ്, ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറുകളില്‍, ശ്രദ്ധിച്ചുകളിക്കുകയെന്നുളളതാണ്, പല ടീമുകളും പിന്തുടരുന്ന കളിരീതി. എന്നാല്‍, ഈ മത്സരത്തില്‍ പൃഥ്വി ഷായും ശിഖ‍ർ ധവാനും ആദ്യം മുതല്‍ തന്നെ അഗ്രസ്സീവായി കളിക്കാനാണ് ശ്രദ്ധിച്ചത്. അത് ഫലം കാണുകയും ചെയ്തു. പൃഥ്വി ഷാ‍, സ്കോ‍ർ ഉയർത്താന്‍ മികച്ച ഷോട്ടുകള്‍ പായിച്ചുവെങ്കില്‍, ശിഖർ ധവാനും,  പിന്നീട് വമ്പന്‍ ഷോട്ടുകള്‍ക്ക് മുതിർന്നു. 26 റണ്‍സെടുത്ത് ശിഖർ ധവാന്‍ മടങ്ങുമ്പോഴേക്കും ടീമിന്, നല്ല  തുടക്കം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പിന്നീട് വന്ന ശ്രേയസ് അയ്യരാണ് മത്സരം മാറ്റി മറിച്ചത്. ശ്രേയസ് അയ്യരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നായി ഈ  ഇന്നിംഗ്സിനെ വിലയിരുത്താം. രണ്ട് കാര്യങ്ങളാണ്, ഡല്‍ഹിക്ക് തുണയായത്. ടീമിനുമേലുളള സമ്മ‍ർദ്ദം കൂടുതലായെടുക്കാന്‍ പൃഥ്വി ഷാ തയ്യാറായി. കളമുറപ്പിച്ചതിന് ശേഷം, മികച്ച ഷോട്ടുകളിലൂടെ ശ്രേയസും സ്കോ‍ർ ഉയർത്താന്‍ ശ്രദ്ധിച്ചു. പ്രത്യേകിച്ചും, സ്പിന്നേഴ്സിനെ വളരെ ഫലപ്രദമായി കളിക്കാന്‍ സാധിച്ചുവെന്നുളളതാണ് ടീമിന്‍റെ സ്കോറിംഗിന് അടിത്തറയിട്ടത്. ഒരല്‍പം ആവേശക്കൂടുതല്‍ കാണിച്ച് പൃഥ്വിഷാ പുറത്തായപ്പോഴും പിന്നീട് വന്ന ഋഷഭ് പന്തും, റണ്‍സുയർത്തുന്ന, ടെമ്പോ, തുടരാന്‍ നിർദ്ദേശം ലഭിച്ചപോലെയായിരുന്നു കളിച്ചത്. വളരെ എളുപ്പത്തില്‍ അവ‍ർക്കത് സാധ്യവുമായി. അതിന് കാരണം ഇന്ത്യന്‍ കളിക്കാരുടെ ഏറ്റവും മികച്ച ഒരു ഗ്രൂപ്പ് ഡല്‍ഹി ക്യാപിറ്റല്‍സിലുണ്ട് എന്നുളളത് തന്നെയാണ്. ആദ്യ നാല് ബാറ്റ്സ്മാന്‍മാരും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരാകുന്ന  മറ്റ് ടീമുകളുണ്ടോയെന്നുളളതുതന്നെ സംശയം.അത് തന്നെയാണ് ടീമിന്‍റെ ഗുണവും. ഒരു ഫിനിഷറില്ലെന്നുളള പോരായ്മ,സ്റ്റോനെയ്സിലൂടെ ഡല്‍ഹി ക്യാപിറ്റല്‍സ് നികത്തിയിട്ടുണ്ട്. ഇന്നത്തെ മത്സരത്തില്‍ കാര്യമായ സംഭാവന നല്കാന്‍ സാധിച്ചില്ലെങ്കില്‍ കൂടി. എല്ലാ വിക്കറ്റിലും നല്ല കൂട്ടുകെട്ടുകളുണ്ടാക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് കഴിഞ്ഞു.

നി‍ർണായകമായ ഓവറുകളില്‍ ആ‍ർക്കാണ്പന്ത്  നല്‍കേണ്ടതെന്ന ധാരണ ഇപ്പോഴും ദിനേശ് കാർത്തിക്കിനില്ലെന്ന് തോന്നും മത്സരം കണ്ടാല്‍. 7 ബൗളർമാരെ വരെ ഉപയോഗിക്കാമെന്നുളള രീതിയിലാണ്, കൊല്‍ക്കത്ത ടീമിനെ സജ്ജമാക്കിയിട്ടുളളത്. എന്നാല്‍, നന്നായി ബൗളെറിഞ്ഞത് ഓള്‍ റൗണ്ടറായ ആന്ദ്രേ റസ്സല്‍. പലപ്പോഴും അവസാന രണ്ട് ഓവറുകള്‍ മാത്രമാണ് അദ്ദേഹത്തിന് എറിയാന്‍ സാധിച്ചത്.പാറ്റ് കമ്മിന്‍സ് നിരാശപ്പെടുത്തി. വരുണ്‍ ചക്രബർത്തിയാണ് ഭേദപ്പെട്ട നിലയില്‍ പന്തെറിഞ്ഞത്.ചെയ്സ് ചെയ്യുന്ന സമയത്ത്, അഗ്രസീവായി കളിക്കുകയെന്നുളളത് തന്നെയാണ് കൊല്‍ക്കത്തയും പിന്തുടർന്നത്. എന്നാല്‍ പലപ്പോഴും അവർ വിശ്വസിക്കുന്നത്,സുനിൽ നരെയ്ൻ  ബാറ്റ് ചെയ്ത് ജയിപ്പിക്കുമെന്നാണെന്ന് തോന്നും അവരുടെ  മത്സരം കണ്ടാല്‍. തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഇന്നിംഗ്സ്.  പിന്നാലെയെത്തിയ നിതീഷ് റാണയ്ക്കൊപ്പം ചേർന്ന് ശുഭ്മാന്‍ ഗിൽ സ്കോർ ഉയർത്തി. അത് കൊല്‍ക്കത്തക്ക് ഗുണമായി.കൊല്‍ക്കത്തയെ സംബന്ധിച്ച്, അവരുടെ മാണിക്യമായ ആന്ദ്രെ റസ്സലിനെ എവിടെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് വലിയ ധാരണയില്ലെന്ന് തോന്നുന്നു.

നിതീഷ് റാണയ്ക്ക് കൂട്ടായി എത്തിയ ആന്ദ്രെ റസ്സൽ വമ്പൻ ഷോട്ടുകൾ പായിച്ച് സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും അധികം ആയുസുണ്ടായില്ല.13 റൺസാണ് റസ്സൽ നേടിയത്.ഒയിന്‍ മോർഗന്‍ കളിച്ചതുപോലുളള ഇന്നിംഗ്സ് ആന്ദ്ര റസ്സല്‍ കളിച്ചിരുന്നുവെങ്കില്‍,കുറച്ചുകൂടി സമ്മർദ്ദം, ഡല്‍ഹി ബൗളേഴ്സിന് നല്‍കാന്‍ സാധിക്കുമായിരുന്നു. അവസാന ആറോ ഏഴോ ഓവറുകൾ  കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ റസ്സലിന് കഴിഞ്ഞേക്കും. ഒയിൻ മോര്‍ഗൻ – രാഹുൽ ത്രിപാഠി സഖ്യം വമ്പൻഷോട്ടുകളുമായി കളം നിറഞ്ഞു. മാർക്കസ് സ്റ്റോയ്നിസ് എറിഞ്ഞ 17 ാം ഓവറിൽ മൂന്നു സിക്സും ഒരു ഫോറുമുൾപ്പെടെ കൊൽക്കത്ത 24  റൺസാണ് അടിച്ചുകൂട്ടിയത്. 19 ആം ഓവറില്‍, ഒയിന്‍ മോർഗന്‍ പുറത്തായി.ആൻറിച്ച് നോർജെയുടെ പന്തിൽ ഷിംറോൺ ഹെറ്റ്മെയർക്ക് ക്യാച്ച്. 18 പന്തിൽ അഞ്ച് സിക്സും ഒരു ഫോറുമുൾപ്പെടെ 44 റൺസാണ് മോര്‍ഗൻ നേടിയത്.ഇതാണ് മത്സരം മാറ്റി മറിച്ചത്. രാഹുല്‍ ത്രിപാഠിയെ കളിപ്പിച്ച തീരുമാനം ഫലം കണ്ടുവെന്ന് പറയാം. ചുരുക്കത്തില്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് താളം കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും, ബാറ്റ്സ് മാന്‍മാരുടെ സ്ഥാനം മാറ്റിയാല്‍, കൊല്‍ക്കത്തക്ക് വിജയ വഴിയിലെത്താന്‍ കഴിയും. എന്തുതന്നെയായാലും ആവേശകരമായ മറ്റൊരു മത്സരത്തിനാണ്, ഷാ‍ർജ സാക്ഷ്യം വഹിച്ചത്. 

സ്കോർ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ക്യാപ്റ്റില്‍സ് 228 റണ്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ എട്ടു വിക്കറ്റിന് 210 റണ്‍സ് 

( മുന്‍ രജ്ഞി ക്യാപ്റ്റന്‍ സോണി ചെറുവത്തൂ‍ർ ഗോള്‍ഡ് 101.3 എഫ് എമ്മിനുവേണ്ടി നടത്തിയ വിലയിരുത്തലുകളുടെ പ്രസക്ത ഭാഗം)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.