ഇന്നും സര്‍വീസ് മുടക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കണ്ണൂരിലും നെടുമ്പാശേരിയിലും വിമാനങ്ങള്‍ റദ്ദാക്കി

ഇന്നും സര്‍വീസ് മുടക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കണ്ണൂരിലും നെടുമ്പാശേരിയിലും വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: സമരം ഒത്തുതീര്‍പ്പായതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും സംസ്ഥാനത്തെ രണ്ട് വിമാനത്താവളങ്ങളില്‍ ഇന്നും സര്‍വീസുകള്‍ മുടങ്ങി. കണ്ണൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ നിന്നുളള സര്‍വീസുകളാണ് ഇന്നും മുടങ്ങിയത്.

കണ്ണൂരില്‍ പുലര്‍ച്ചെ മുതലുള്ള അഞ്ച് സര്‍വീസുകള്‍ റദ്ദാക്കി. ഷാര്‍ജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. സര്‍വീസ് റദ്ദാക്കിയവയില്‍ നെടുമ്പാശേരിയില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളും ഉള്‍പ്പെടുന്നു. രാവിലെ 8.35 ന് പുറപ്പെടേണ്ട ദമാം, 8.50 ന് പുറപ്പെടേണ്ട മസ്‌കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്.

എന്നാല്‍ കരിപ്പൂരിലും തിരുവനന്തപുരത്തും സര്‍വീസുകള്‍ പുനരാരംഭിച്ചു. കരിപ്പൂരില്‍ നിന്നുളള ദമാം, മസ്‌കറ്റ് സര്‍വീസുകള്‍ പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 നുള്ള അബുദാബി വിമാനവും സര്‍വീസ് നടത്തി.

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം പ്രവാസികള്‍ക്ക് അടക്കം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. സമരത്തെ തുടര്‍ന്ന് പിരിച്ചുവിട്ട എല്ലാ ക്യാബിന്‍ ക്രൂ അംഗങ്ങളെയും ഉടന്‍ തിരിച്ചെടുക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സമ്മതിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ചീഫ് ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റിന്റെയും പ്രതിഷേധിച്ച ജീവനക്കാരുടെയും യോഗത്തിലാണ് തീരുമാനം ആയത്.

മുന്‍കൂര്‍ അനുമതിയില്ലാതെ നിരവധി ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി മുതല്‍ 100 ലധികം ഏയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഫ്ളൈറ്റുകള്‍ റദ്ദാക്കിയിരുന്നു. കൂട്ട അവധിയില്‍ പോയ 30 ക്യാബിന്‍ ക്രൂ അംഗങ്ങളുടെ സേവനം അവസാനിപ്പിക്കുന്നതായി എയര്‍ലൈന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഈ നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.