വോട്ടിൽ നോട്ടമിട്ട് പ്രഖ്യാപനം; കേരളത്തിന്റെ ദേശീയപാത വികസനത്തിന് 65000 കോടി

വോട്ടിൽ നോട്ടമിട്ട് പ്രഖ്യാപനം; കേരളത്തിന്റെ ദേശീയപാത വികസനത്തിന്  65000 കോടി

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. ആദ്യ കടലാസ് രഹിത ബജറ്റാണിത്. ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ തന്നെ കര്‍ഷക സമരത്തിനെ പിന്തുണച്ചുകൊണ്ട് പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ഒരു പുതിയ സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ് അവതരണമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ബജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങള്‍ പ്രത്യേകം വികസിപ്പിച്ച ആപ്പില്‍ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിനും ബംഗാളിനും തമിഴ്നാടിനുമായി വൻ പദ്ധതികളാണ് ബജറ്റിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. കേരളത്തിലെ 1100 കിലോ മീറ്റർ ദേശീയ പാത വികസനത്തിനായി 65000 കോടി രൂപ വകയിരുത്തി. മുംബൈ– കന്യാകുമാരി പാതയ്ക്ക് 600 കോടി രൂപയും കൊല്ലം– മധുര ഉൾപ്പടെ തമിഴ്നാട്ടിലെ ദേശീയ പാത വികസനത്തിനായി 1.03 ലക്ഷം കോടിരൂപയും ബംഗാളിലെ ദേശീയപാത വികസനത്തിനും റോഡ് നിർമാണത്തിനുമായി 25000 കോടി രൂപയും വകയിരുത്തിയതായി ധനമന്ത്രി വ്യക്തമാക്കി.

അതേസമയം കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന സൂചന നല്‍കി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികള്‍ തുടരുമെന്ന് നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.  എന്നാൽ ആരോഗ്യമേഖലയ്ക്ക് വന്‍നേട്ടം. 64,180 കോടിയുടെ പി.എം ആത്മനിര്‍ഭര്‍ ആരോഗ്യ അടിസ്ഥാനസൗകര്യവികസന പദ്ധതി പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ലാബുകള്‍, 602 ആശുപത്രികളില്‍ തീവ്രപരിചരണവിഭാഗവും ഇതിൽ ഉൾപ്പെടുന്നു. കോവിഡ് വാക്സീന് 35000 കോടി രൂപ അനുവദിച്ചു. രണ്ട് കോവിഡ് വാക്സീനുകള്‍ കൂടി ഉടന്‍ വിപണിയിലെത്തുമെന്നും അതിലൂടെ കൂടുതൽ കരുത്താർജിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

റെയിൽവേ വികസനത്തിനായി 1,10,5000 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി നിർമലാ സീതാരാമൻ. ഇതിൽ 1,7000 കോടി രൂപ മൂലധനത്തിലേക്ക് ചിലവഴിക്കും. റെയിൽവേയുടെ സമഗ്ര വികസനത്തിനായി നാഷണൽ റെയിൽ പ്ലാൻ– 2030 നടപ്പിലാക്കും. ജൂൺ 2022 ഓടെ വെസ്റ്റേൺ– ഈസ്റ്റേൺ കോറിഡോർ ഉദ്ഘാടനം ചെയ്യാനാകും. പിപിപി മാതൃകയിൽ നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി  വ്യക്തമാക്കി. ഡിസംബർ 2023 ഓടെ ബ്രോഡ്ഗേജ് പാതകൾ സമ്പൂർണമായി വൈദ്യുതീകരിക്കുമെന്നു ധനമന്ത്രി പറഞ്ഞു.

എന്നാൽ ആദായനികുതി നിരക്കില്‍ മാറ്റമില്ല. 75 വയസിന് മുകളിലുള്ളവര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട. പെന്‍ഷന്‍, പലിശ വരുമാനം മാത്രമുള്ളവര്‍ക്കാണ് ഇളവ്. ആദായനികുതി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകസമിതി വരും. പ്രവാസി ഇന്ത്യക്കാരുടെ  ഇരട്ടനികുതി ഒഴിവാക്കി. നികുതി പുനഃപരിശോധിക്കാനുള്ള സമയം ആറില്‍ നിന്ന് മൂന്നുവര്‍ഷമാക്കി.

അതേസമയം സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും ആയുസ്സ് നിശ്ചയിച്ച് പൊളിക്കാന്‍ നിര്‍ദേശിക്കുന്ന പോളിസി നടപ്പാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും പ്രകൃതി സൗഹാര്‍ദ വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച പോളിസിയാണിത്.

കൊച്ചി തുറമുഖത്ത് പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. മൽസ്യബന്ധന തുറമുഖത്തെ വാണിജ്യ കേന്ദ്രമായി വികസിപ്പിക്കുമെന്ന വാഗ്ദാനമാണ് മന്ത്രി നൽകുന്നത്. കൊച്ചി ഉൾപ്പടെ അഞ്ച് ഹാർബറുകളാണ് ഇത്തരത്തിൽ വികസിപ്പിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.