അമേരിക്കയിൽ ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭത്തിന് അറസ്റ്റിലാകുന്നവരെ ആറു മാസത്തെ കമ്മ്യൂണിറ്റി സേവനത്തിന് ഗാസയിലേക്ക് അയയ്ക്കുന്ന ബില്‍ അവതരിപ്പിച്ച് റിപ്പബ്ലിക്കൻ പ്രതിനിധി

അമേരിക്കയിൽ ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭത്തിന് അറസ്റ്റിലാകുന്നവരെ ആറു മാസത്തെ കമ്മ്യൂണിറ്റി സേവനത്തിന് ഗാസയിലേക്ക് അയയ്ക്കുന്ന ബില്‍ അവതരിപ്പിച്ച് റിപ്പബ്ലിക്കൻ പ്രതിനിധി

വാഷിങ്ടണ്‍: അമേരിക്കന്‍ സര്‍വകലാശാലകളിലും കോളജുകളിലും ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടുന്നവരെ ആറു മാസത്തേക്ക് ഗാസയില്‍ അയയ്ക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ അവതരിപ്പിച്ച് റിപ്പബ്ലിക്കന്‍ ജനപ്രതിനിധികള്‍. രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു വ്യാപിച്ച ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ 2000-ത്തിലധികം ആളുകള്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. 

അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരെ ആറു മാസത്തേക്ക് യുദ്ധബാധിത മേഖലയായ ഗാസയില്‍ കമ്മ്യൂണിറ്റി സേവനത്തിന് അയയ്ക്കണമെന്നാണ് ബില്‍ ശുപാര്‍ശ ചെയ്യുന്നത്.

സര്‍വകലാശാലകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തി ക്യാമ്പസിനുള്ളില്‍ അനധികൃതമായി ടെന്റുകള്‍ സ്ഥാപിച്ചാണ് പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ നടക്കുന്നത്. ഇതിനിടെ നിരവധി ക്യാമ്പസുകളില്‍ പോലീസുമായും ഇസ്രയേല്‍ അനുകൂലികളുമായും ഏറ്റുമുട്ടലുകള്‍ ഉണ്ടാവുകയും ചെയ്തു. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും അമേരിക്ക ഇസ്രയേലിന് നല്‍കുന്ന സഹായങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.

ടെന്നസിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസാണ് ബില്‍ അവതരപ്പിച്ചത്. ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ശിക്ഷയെന്നോണമാണ് ബില്ലിലെ വ്യവസ്ഥകള്‍. 'ആന്റിസെമിറ്റിസം കമ്മ്യൂണിറ്റി സര്‍വീസ് ആക്റ്റ്' എന്നാണ് ബില്ലിന്റെ പേര്.

'വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കാനും ക്യാമ്പസിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താനുമായി ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ഉപേക്ഷിച്ചു. പ്രക്ഷോഭം മൂലം ബിരുദദാന ചടങ്ങുകള്‍ പോലും റദ്ദാക്കി. ഇതു മതിയാക്കാന്‍ സമയമായി - ഓഗ്ലെസ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. അതിനാലാണ് കാമ്പസില്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് ശിക്ഷിക്കപ്പെട്ട ഏതൊരു വ്യക്തിയെയും കുറഞ്ഞത് ആറ് മാസത്തെ കമ്മ്യൂണിറ്റി സേവനത്തിനായി ഗാസയിലേക്ക് അയക്കാന്‍ ബില്‍ കൊണ്ടുവന്നത്.

'നിങ്ങള്‍ ഒരു തീവ്രവാദ സംഘടനയെ പിന്തുണയ്ക്കുകയും കാമ്പസുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നയാളാണെങ്കില്‍ ഈ അവസരം സ്വീകരിക്കണം. ബില്‍ നടപ്പായാല്‍ ഈ ഹമാസ് അനുകൂലികള്‍ ഒരു ദിവസം പോലും നിലനില്‍ക്കില്ലെന്ന് ഞാന്‍ വാതുവയ്ക്കുന്നു. നമുക്ക് അവര്‍ക്ക് അവസരം നല്‍കാം' - ഓഗ്ലെസ് തന്റെ നിലപാട് വ്യക്തമാക്കി.

അതേസമയം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കേവലം ഒരു സീറ്റിന്റെ കേവല ഭൂരിപക്ഷം മാത്രമുള്ള സഭയില്‍ ബില്‍ പാസാകാന്‍ അനിശ്ചിതത്വം നേരിടേണ്ടി വരും. അത് പാസായാലും ഡെമോക്രാറ്റിന്റെ നിയന്ത്രണത്തിലുള്ള സെനറ്റ് അത് അവഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.