'മോഡി ഇനി പ്രധാനമന്ത്രിയാകില്ല, അധികാരം കിട്ടിയാൽ ബിജെപി ഭരണഘടന ഇല്ലാതാക്കും': രാഹുൽ ഗാന്ധി

'മോഡി ഇനി പ്രധാനമന്ത്രിയാകില്ല, അധികാരം കിട്ടിയാൽ ബിജെപി ഭരണഘടന ഇല്ലാതാക്കും': രാഹുൽ ഗാന്ധി

ന്യൂഡൽഹി: നരേന്ദ്ര മോഡി ഇനി പ്രധാനമന്ത്രിയാകില്ലെന്നും ഇനിയും അധികാരം കിട്ടിയാൽ ബിജെപി ഭരണഘടന ഇല്ലാതാക്കുമെന്നും രാഹുൽ ഗാന്ധി. ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യത്തിന്റെ കൊടുങ്കാറ്റാണ് വീശുന്നത്. ബിജെപിയ്ക്ക് ഏറെ പ്രതീക്ഷയുള്ള യുപിയിൽ ഏറ്റവും വലിയ തോൽവിയാണ് അവരെ കാത്തിരിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പിന്തുണയോടെ ഉത്തർപ്രദേശിലെ കന്നൗജിൽ സംഘടിപ്പിച്ച ഇന്ത്യാ മുന്നണിയുടെ സംയുക്ത റാലിയിലാണ് പ്രതികരണം.

നിങ്ങൾ കുറിച്ചുവെച്ചോളൂ, ഇനി നരേന്ദ്ര മോഡി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല. ഉത്തർപ്രദേശിൽ ബിജെപി കനത്ത തിരിച്ചടി നേരിടും. ഒരു മാറ്റം ജനം ഇതിനകം മനസിൽ കുറിച്ചുകഴിഞ്ഞെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തെ പ്രസംഗത്തിൽ ഒരിടത്ത് പോലും പ്രധാനമന്ത്രി നരേന്ദ്ര മോഡി അദാനിയെക്കുറിച്ചോ അംബാനിയെക്കുറിച്ചോ സംസാരിച്ചിട്ടില്ലെന്നും രാഹുൽ വിമർശിച്ചു.

ഭയപ്പെടുന്ന ഒരാൾ സ്വന്തം വിശ്വാസം അനുസരിച്ച് അവനെ രക്ഷിക്കാൻ കഴിയുന്ന വ്യക്തിയുടെ പേര് പറയുന്നു. സമാനമായ രീതിയിൽ നരേന്ദ്ര മോഡി തന്നെ രക്ഷിക്കാൻ കഴിയുന്ന രണ്ട് സുഹൃത്തുക്കളുടെ പേര് പറയുകയാണ്. അംബാനി.. അദാനി എന്നെ രക്ഷിക്കൂ എന്നാണ് പറയുന്നത്. ഏത് ട്രക്കിൽ എന്ത് പണം അദാനി കൊണ്ടുവന്നുവെന്ന് മോഡിക്ക് അറിയാം വ്യക്തിപരമായ അനുഭവം അദേഹത്തിനുണ്ടെന്നും രാഹുൽ കടന്നാക്രമിച്ചു.

അംബാനിയും അദാനിയുമായി രാഹുൽ ഒത്തുതീർപ്പാക്കിയെന്ന് തെലങ്കാനയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ മോഡി ആരോപിച്ചിരുന്നു. ഒത്തുതീർപ്പുണ്ടാക്കിയതിനാലാണ് രാഹുൽ രണ്ടുപേരെക്കുറിച്ചും മിണ്ടാത്തത്. ടെമ്പോയിൽ നോട്ട് കെട്ടുകൾ കിട്ടിയതുകൊണ്ടാണോ രാഹുൽ മിണ്ടാത്തതെന്നും മോഡി ചോദിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.