2025 ജൂബിലി വര്‍ഷം; വത്തിക്കാനില്‍ ഔദ്യോഗിക പ്രഖ്യാപനവുമായി ഫ്രാന്‍സിസ് പാപ്പ

2025 ജൂബിലി വര്‍ഷം; വത്തിക്കാനില്‍ ഔദ്യോഗിക പ്രഖ്യാപനവുമായി ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷമായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ. സ്വര്‍ഗാരോഹണ തിരുനാള്‍ ദിനത്തില്‍ വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങ്ങിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. കര്‍ദ്ദിനാള്‍മാരും ബിഷപ്പുമാരും തീര്‍ത്ഥാടകരും പ്രഖ്യാപനത്തിന് സാക്ഷികളായി.

2025 ജൂബിലി വര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ടുള്ള തിരുവെഴുത്ത് നാല് പേപ്പല്‍ ബസിലിക്കകളുടെ ആര്‍ച്ച്പ്രീസ്റ്റുമാര്‍ക്കും ബിഷപ്പുമാരുടെ പ്രതിനിധിക്കും സുവിശേഷവല്‍ക്കരണത്തിനായുള്ള ഡിക്കാസ്ട്രിയുടെ പ്രോ പ്രീഫെക്ടിനും പാപ്പ കൈമാറി. 'പ്രത്യാശ നിരാശരാക്കുന്നില്ല' എന്ന
തലക്കെട്ടിലുള്ള തിരുവെഴുത്തിന്റെ പ്രധാനഭാഗങ്ങള്‍ തിരുക്കര്‍മങ്ങള്‍ക്കു മുന്നോടിയായി വായിച്ചു. പ്രത്യാശ ഏവരുടെയും ഹൃദയങ്ങളില്‍ നിറയട്ടെയെന്ന് പാപ്പാ ജൂബിലിയുടെ ആരംഭം കുറിച്ചുകൊണ്ടുള്ള ലേഖനത്തില്‍ എഴുതി.

ഈ വര്‍ഷം ക്രിസ്മസ് തലേന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറക്കുന്നതോടെ 2025 ജൂബിലി വര്‍ഷത്തിന് തുടക്കമാകും. ഡിസംബര്‍ 29ന് റോമിലെ കത്തീഡ്രലായ സെന്റ് ജോണ്‍ ലാറ്ററന്‍ ആര്‍ച്ച് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറക്കും. അന്നേ ദിവസം തന്നെ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള കത്തീഡ്രലുകളിലും കോ കത്തീഡ്രലുകളിലും പ്രാദേശിക ബിഷപ്പുമാരുടെ നേതൃത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് ജൂബിലി വര്‍ഷത്തിന് പ്രാദേശികമായി തുടക്കം കുറിക്കും.

ജൂബിലി വര്‍ഷത്തിന്റെ പ്രധാന പ്രമേയമായ, ദൈവകൃപയിലുള്ള പ്രത്യാശ, പ്രഘോഷിക്കുന്നതില്‍ ദൈവജനത്തെ പൂര്‍ണമായി പങ്കുചേര്‍ക്കുന്നതിന് വേണ്ട എല്ലാ പരിശ്രമവും ജൂബിലി വര്‍ഷത്തില്‍ നടത്തണമെന്ന് പാപ്പ ആഹ്വാനം ചെയ്തു.

2025 ഡിസംബര്‍ 28ന് പ്രാദേശിക തലത്തില്‍ ജൂബിലി വര്‍ഷം സമാപിക്കും. അന്നേ ദിവസം തന്നെ സെന്റ് ജോണ്‍ ലാറ്ററന്‍, സെന്റ് മേരി മേജര്‍, സെന്റ് പോള്‍സ് എന്നീ ദൈവാലയങ്ങളിലെ വിശുദ്ധ വാതിലുകള്‍ അടക്കും. 2026 ജനുവരി ആറിന് യേശുവിന്റെ പ്രത്യക്ഷീകരണ തിരുനാള്‍ ദിനത്തിലാവും ഔദ്യോഗികമായി റോമില്‍ ജൂബിലി സമാപിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.