'കേരളത്തിലും തമിഴ്നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കും; ലോക്‌സഭയില്‍ 400 സീറ്റ് കടക്കും': അമിത് ഷാ

'കേരളത്തിലും തമിഴ്നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കും; ലോക്‌സഭയില്‍  400 സീറ്റ് കടക്കും': അമിത് ഷാ

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും തമിഴ്നാട്ടിലും ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്നും ആകെ 400 സിറ്റിലധികം നേടുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ അവകാശവാദം.

പശ്ചിമ ബംഗാളില്‍ എന്‍ഡിഎ 30 സീറ്റ് നേടും. ബീഹാറില്‍ 2019 ആവര്‍ത്തിക്കും. ഒഡീഷയില്‍ പതിനാറോ അതില്‍ കൂടുതലോ സീറ്റ് നേടും. തെലങ്കാനയില്‍ പത്തോ പന്ത്രണ്ടോ എംപിമാര്‍ ബിജെപിക്കുണ്ടാകും. ആന്ധ്രാപ്രദേശില്‍ 18 സീറ്റുകള്‍ വരെ വിജയിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു.

ബിജെപി 400 സീറ്റ് നേടിയാല്‍ ഭരണഘടന മാറ്റുമെന്ന പ്രതിപക്ഷ ആരോപണങ്ങളെ അമിത് ഷാ തള്ളി.' 2014 മുതല്‍ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ഭൂരിപക്ഷം എന്‍ഡിഎയ്ക്കുണ്ടായിരുന്നു. എന്നാലത് ഞങ്ങള്‍ ഒരിക്കലും ചെയ്യില്ല. പത്തുവര്‍ഷത്തിനിടെ സംവരണത്തില്‍ ഞങ്ങള്‍ കൈവച്ചിട്ടു പോലുമില്ല. രാമക്ഷേത്രം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അതൊരിക്കലും തിരഞ്ഞെടുപ്പ് വിഷയമല്ല.

ഏക സിവില്‍കോഡ് വലിയ പരിഷ്‌കരണമാണ്. ഉത്തരാഖണ്ഡ് അത് നടപ്പിലാക്കി. മുസ്ലീം പ്രതിനിധികളടക്കം അതിനെ എതിര്‍ത്തിരുന്നു. രാജ്യത്തുടനീളമത് നടപ്പിലാക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ഒരിക്കലും നടപ്പിലാകാത്ത വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

മറ്റുള്ളവര്‍ പറയാന്‍ ആവശ്യപ്പെടുന്നതാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ഹവായ് ചെരുപ്പിനും ബ്രാന്‍ഡഡ് ഷൂസിനും ഒരേ നികുതി ഏര്‍പ്പെടുത്തണമെന്നാണ് അദേഹം പറയുന്നത്. തിരഞ്ഞടുപ്പ് ബോണ്ടിലെ നിലപാടില്‍ പുനപരിശോധന നടത്തേണ്ടത് സുപ്രീം കോടതിയാണ്. ബദല്‍ ഏര്‍പ്പെടുത്താതെ ഏത് നയവും ഇല്ലാതാക്കുന്നത് ശരിയല്ലെന്നും അമിത് ഷാ പറഞ്ഞു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.