രാജ്യസഭാ സീറ്റ്: ജോസ് കെ. മാണിക്കായി കരുക്കള്‍ നീക്കി കേരള കോണ്‍ഗ്രസ്; നിലപാട് കടുപ്പിച്ച് സിപിഐ

രാജ്യസഭാ സീറ്റ്: ജോസ് കെ. മാണിക്കായി കരുക്കള്‍ നീക്കി കേരള കോണ്‍ഗ്രസ്; നിലപാട് കടുപ്പിച്ച് സിപിഐ

കൊച്ചി: സംസ്ഥാനത്ത് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ ഒന്ന് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും അത് മറ്റാര്‍ക്കും വിട്ടു കൊടുക്കില്ലെന്നും സിപിഐ. ഇന്ന് കോട്ടയത്ത് ചേരുന്ന എല്‍ഡിഎഫിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ സീറ്റ് ആവശ്യപ്പെടാനാണ് സിപിഐയുടെ നീക്കം.

ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലൊന്നില്‍ അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസ്-എം നീക്കം സജീവമാക്കിയതോടെയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നത്. എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ. മാണി എന്നിവരുടെ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്നതോടെയാണ് സീറ്റിനായി കേരള കോണ്‍ഗ്രസും സിപിഐയും കടുംപിടിത്തം നടത്തുന്നത്.

മൂന്ന് സീറ്റില്‍ രണ്ടെണ്ണം എല്‍ഡിഎഫിന് ജയിക്കാന്‍ സാധിക്കുന്നതാണ്. ഒഴിവ് വരുന്ന സീറ്റ് സിപിഐയുടേതാണെന്നും അത് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ലെന്നുമാണ് പാര്‍ട്ടിയുടെ വാദം. ജോസ് കെ. മാണിക്കായി വീണ്ടും രാജ്യസഭാ സീറ്റ് നേടിയെടുക്കുകയെന്നതാണ് കേരള കോണ്‍ഗ്രസിന്റെ ലക്ഷ്യം.

വീണ്ടും സീറ്റ് ലഭിച്ചില്ലെങ്കില്‍ പാര്‍ലമെന്ററി പദവി ഇല്ലാത്ത അവസ്ഥയിലേക്ക് പാര്‍ട്ടി ചെയര്‍മാന് ചുരുങ്ങേണ്ടി വരും. ലോക്സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റ് ചോദിച്ചെങ്കിലും നിഷേധിച്ച സാഹചര്യത്തില്‍ രാജ്യസഭ സീറ്റില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്.

എന്നാല്‍ എല്‍ഡിഎഫ് യോഗത്തില്‍ സീറ്റ് വിഷയം ഔദ്യോഗികമായി ഉന്നയിക്കാനാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം. രാജ്യസഭാ സീറ്റ് വിഷയം മുന്നണിയില്‍ ഇതുവരെ ചര്‍ച്ചയായിട്ടില്ലെന്നും സീറ്റിനായി ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നുമാണ് എല്‍ഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നത്.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മൂന്ന് സീറ്റുകളില്‍ ജയിക്കുമെന്നാണ് സിപിഐ എക്‌സിക്യൂട്ടീവ് വിലയിരുത്തല്‍. തൃശൂര്‍, മാവേലിക്കര എന്നീ മണ്ഡലങ്ങളില്‍ ജയം ഉറപ്പാണെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കാനുള്ള സാധ്യയുണ്ടെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു. കൂടാതെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം വന്‍തോതില്‍ ഇടിയുമെന്നും സിപിഐ എക്‌സിക്യൂട്ടീവ് വിലയിരുത്തി. എല്‍ഡിഎഫിന് 12 സീറ്റ് കിട്ടുമെന്നാണ് സിപിഐയുടെയും കണക്ക് കൂട്ടല്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.