ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്സഭാ മണ്ഡലത്തില്‍ ഇന്ന് നടന്ന വോട്ടെടുപ്പിന് ഒരു പ്രത്യേകതയുണ്ട്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ കോണ്‍ഗ്രസുകാര്‍ വോട്ട് രേഖപ്പെടുത്തിയത് നോട്ട (NON OF THE ABOVE) ബട്ടനിലാണ്.
ജനാധിപത്യം തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് എതിരായി എല്ലാവരും നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രചാരണം.
ആദ്യമായിട്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാന പാര്‍ട്ടി നോട്ടയ്ക്ക് വേണ്ടി വോട്ട് ചോദിക്കുന്നത്. അക്ഷയ് കാന്തി ബാം ആയിരുന്നു ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഏപ്രില്‍ 29 ന് അദേഹം കോണ്‍ഗ്രസ് നേതാക്കളുമായി ആലോചിക്കാതെ പിന്മാറുകയും പിന്നീട് ബിജെപിയില്‍ ചേരുകയും ചെയ്തു. കോണ്‍ഗ്രസ് കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.
സ്ഥാനാര്‍ത്ഥി പിന്മാറിയ സാഹചര്യത്തില്‍ മറ്റൊരാളെ നിര്‍ത്താന്‍ അവസരം തരണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചത്. പക്ഷേ, ഹര്‍ജി കോടതി തള്ളിയതോടെ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ലാതായി. തുടര്‍ന്നാണ് നോട്ട ബട്ടനില്‍ വോട്ട് ചെയ്യാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. മണ്ഡലത്തില്‍ വ്യാപകമായ പ്രചാരണവും നടത്തി.
ഗുജറാത്തിലെ സൂറത്തിലും സമാനമായ രീതിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്മാറിയിരുന്നു. അവിടെ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
കോണ്‍ഗ്രസ് പ്രചാരണം ഏറ്റെടുത്ത് നോട്ട ജയിച്ചാല്‍ എന്ത് സംഭവിക്കും. നോട്ട കൂടുതല്‍ വോട്ട് നേടിയാല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് ആര് പാര്‍ലമെന്റിലെത്തും? വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമോ?... നിയമം പറയുന്നത് എന്താണ് എന്ന് പരിശോധിക്കാം.
നോട്ടയ്ക്ക് കൂടുതല്‍ വോട്ട് ലഭിച്ചാല്‍ രണ്ടാം സ്ഥാനത്തുള്ള വ്യക്തിയെ വിജയിയായി പ്രഖ്യാപിക്കുമെന്നാണ് നിയമം പറയുന്നത്. ഇന്‍ഡോര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ നോട്ട ജയിച്ചാലും രണ്ടാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാര്‍ത്ഥി ശങ്കര്‍ ലാല്‍വാനി എംപിയാകുമെന്ന് ചുരുക്കം.
ഇന്‍ഡോറില്‍ നിന്നുള്ള സിറ്റിങ് എംപിയാണ് ശങ്കര്‍ ലാല്‍വാനി. 2019 ല്‍ അഞ്ച് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദേഹം തിരഞ്ഞടുക്കപ്പെട്ടത്. ഇത്തവണയും ബിജെപി തന്നെ ജയിക്കുമെന്നാണ് വിലയിരുത്തല്‍.
എങ്കിലും ഈസി വാക്കോവര്‍ വേണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. ശക്തമായ മല്‍സരം കാഴ്ചവയ്ക്കണമെന്നും കോണ്‍ഗ്രസ് തീരുമാനിച്ചു. മൗന ജാഥ, പോസ്റ്റര്‍, വാഹന പ്രചാരണം തുടങ്ങിയ രീതിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.