കോട്ടയം: സംസ്ഥാനത്ത് ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലൊന്നിന് അവകാശവാദുമായി കേരള കോണ്‍ഗ്രസ്-എമ്മും സിപിഐയും രംഗത്തെത്തിയതോടെ ഇടത് മുന്നണിയില്‍ സീറ്റ് തര്‍ക്കം മുറുകി.
സീറ്റില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിങ് കമ്മിറ്റിയിലെ തീരുമാനം. രാജ്യസഭ സീറ്റു സംബന്ധിച്ച് ഇടത് മുന്നണിയും സിപിഎമ്മും തീരുമാനമെടുക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയുടെ ഭാഗമായ ശേഷം കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ ഭരണത്തിന് വഴിയൊരുക്കിയതായി ജോസ് കെ. മാണി വ്യക്തമാക്കി. ഓരോ തവണയും മുന്നണിയെ മാറിമാറി പരീക്ഷിക്കുന്ന ശിലമാണ് കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഉണ്ടായിരുന്നത്. അതിലൊരു മാറ്റമുണ്ടാകാന്‍ കാരണമായത് കേരള കോണ്‍ഗ്രസിന്റെ തീരുമാനമാണെന്ന് എല്ലാവരും വിലയിരുത്തിയ കാര്യമാണെന്നും അദേഹം പറഞ്ഞു.
സിപിഎമ്മും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം അക്കാര്യം വിലയിരുത്തിയിട്ടുണ്ട്. രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിന് ഇല്ല. കേരള കോണ്‍ഗ്രസ് യുഡിഎഫ് മുന്നണി വിട്ടു വരുമ്പോള്‍ രാജ്യസഭ എംപി സ്ഥാനമുണ്ടായിരുന്നു. അതുകൊണ്ട് രാജ്യസഭ സീറ്റ് ലഭിച്ചേ മതിയാകൂ എന്ന് ഇടതുമുന്നണിയില്‍ ഉന്നയിക്കാനാണ് പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചത്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി, സിപിഎം നേതാവ് എളമരം കരീം എന്നിവരുടെ സീറ്റുകളാണ് എല്‍ഡിഎഫില്‍ ഒഴിവു വരുന്നത്. മൂന്നു സീറ്റുകളില്‍ ഒന്ന് പ്രതിപക്ഷത്തിന് ലഭിക്കും.
ശേഷിക്കുന്ന രണ്ടെണ്ണത്തില്‍ ഒന്നിനു വേണ്ടിയാണ് സിപിഐയും കേരള കോണ്‍ഗ്രസും ചരടുവലി സജീവമാക്കിയത്. എല്‍ഡിഎഫിന് ലഭിക്കുന്ന ഒരു സീറ്റ് സിപിഎം എടുക്കും. ശേഷിക്കുന്ന ഒരു സീറ്റ് വേണമെന്ന് സിപിഐയും ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.