വിശ്വാസ പൈതൃകം വരും തലമുറക്ക് കൈമാറാൻ നാം ഉത്തരവാദിത്വപ്പെട്ടവർ; നാട് വിട്ട് കാശുണ്ടാക്കാൻ പോയവരല്ല പ്രവാസി കത്തോലിക്കർ, അവർ മിഷൻ പ്രവർത്തനത്തിനായി വിളിക്കപ്പെട്ടവർ: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

വിശ്വാസ പൈതൃകം വരും തലമുറക്ക് കൈമാറാൻ നാം ഉത്തരവാദിത്വപ്പെട്ടവർ; നാട് വിട്ട് കാശുണ്ടാക്കാൻ പോയവരല്ല പ്രവാസി കത്തോലിക്കർ, അവർ മിഷൻ പ്രവർത്തനത്തിനായി വിളിക്കപ്പെട്ടവർ: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

നോക്ക് : പ്രവാസ ജീവിതത്തിനിടയിലും സ്വന്തം വിശ്വാസ പാരമ്പര്യങ്ങളും ആചാരമര്യാദകളും ജീവിത ശൈലികളും കളയാതെ സംരക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ടവരാണെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. നമ്മുടെ വിശ്വാസ പൈതൃകം അടുത്ത തലമുറയ്ക്ക് കൈമാറ്റപ്പെടണം.

നമ്മുടെ മതബോധന വിശ്വാസ പരിശീലനം ഏന്ത് വിലകൊടുത്തും കാത്തുസൂക്ഷിക്കണം. അത് കേവലം പ്രാർത്ഥന പഠിപ്പിക്കലല്ല, അത് ഒരു നല്ല ജീവിത ശൈലിയിലേയ്ക്ക് നയിക്കേണ്ടതാകണം. നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനത്തിൽ മുഖ്യകാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്.

നിങ്ങൾ ഭവനത്തിൽ കൊടുക്കുന്ന പരിശീലനം ഒരു കാറ്റിക്കിസം ക്ലാസുകളിലും കിട്ടില്ല. കാറ്റിക്കിസം ക്ലാസുകൾ ഒരു അക്കാദമിക് ലാബാണെങ്കിൽ ഭവനം ഒരു ലൈഫ് ലാബ് ആണെന്നും പിതാവ് കൂട്ടിച്ചേർത്തു. നാട് വിട്ട് വിദേശത്തെത്തിയ പ്രവാസികൾ എല്ലാ അർത്ഥത്തിലും മിഷനറിമാരാണ്. നാട് വിട്ട് കാശുണ്ടാക്കാൻ പോയവരല്ല പ്രവാസി കത്തോലിക്കരെന്നും അവർ മിഷൻ പ്രവർത്തനത്തിനായി വിളിക്കപ്പെട്ടവരാണെന്നും മാർ റാഫേൽ തട്ടിൽ അഭിപ്രായപ്പെട്ടു.

മിഷൻ പ്രവർത്തനങ്ങൾ ബലപ്പെടുത്താനുള്ള തീവ്രശ്രമങ്ങൾ നമ്മൾ ഓരൊരുത്തരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. നിങ്ങൾ ഈ നാട്ടിൽ ചേർത്ത പുളിമാവിനു സദൃശ്യമാണെന്ന് ഐറീഷ് സീറോ മലബാർ പ്രവാസികളെ ഓർമ്മിപ്പിച്ചു. നിങ്ങളുടെ വിശ്വാസ പൈതൃകങ്ങൾ കാത്തുസൂക്ഷിക്കാനുള്ള പോരാട്ടമാണ് നിങ്ങളുടെ പ്രവാസ കാലഘട്ടത്തിലെ അധ്വാനം.

ഇന്ത്യയിൽ സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഐറീഷ് മിഷനറിമാരുടെ സേവനങ്ങളെ നന്ദിപൂർവ്വം അനുസ്മരിച്ച പ്രസംഗം ആരഭിച്ച മേജർ ആർച്ച് ബിഷപ്പ് കുടുംബ പ്രാർഥനയിലുള്ള നിഷ്ഠ, അനുദിന വിശുദ്ധ കുർബാന, മിഷ്യൻ പ്രവർത്തനങ്ങളോടുള്ള അഭിനിവേശം എന്നിവ സീറോ മലബാർ സഭാമക്കളുടെ മുഖമുദ്രകളെന്ന മാർപ്പാപ്പയുടെ വാക്കുകൾ ആവർത്തിച്ചു.

അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനം ഭക്തിസാന്ദ്രമായി. അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും വിവിധ ഭാഗങ്ങളിൽനിന്നെത്തിയ അയ്യായിരത്തോളം വിശ്വാസികൾ പരിശുദ്ധ ദൈവമാതാവിൻ്റെ സാന്നിധ്യം നിറഞ്ഞ് നിൽക്കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ ബസലിക്കയിൽ ദിവ്യബലി അർപ്പിച്ചു. വിശ്വാസികൾ നിറഞ്ഞ് കവിഞ്ഞ നോക്ക് ബസലിക്കയിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമ്മികനായിരുന്നു.

സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ, തീർത്ഥാടനത്തിൻ്റെ കോർഡിനേറ്റർ ഫാ. ബാബു പരത്തേപതിക്കയ്ക്കൽ, റീജണൽ കോർഡിനേറ്റേഴ്സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ജിൽസൺ കോക്കണ്ടത്തിൽ എന്നിവരും ഫാ. മാത്യു തുരുത്തിപ്പള്ളിൽ, ഫാ. റോയ് ജോർജ്ജ് വട്ടക്കാട്ട്, ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ, ഫാ. സിജോ വെട്ടിക്കൽ, ഫാ. ജെയിൻ മാത്യു മണ്ണത്തുകാരൻ, ഫാ. ജോ പഴേപറമ്പിൽ, ഫാ. ജിജോ ജോൺ ആശാരിപറമ്പിൽ, ഫാ. സജി ഡോമിനിക്ക് പൊന്മിനിശേരി, ഫാ. ജോമോൻ കാക്കനാട്ട്, ഫാ. ബിജോ ഞാലൂർ, ഫാ. ഫാ. ക്രൈസ്റ്റാനന്ദ്‌, ഫാ. ആൻ്റണി നെല്ലിക്കുന്നേൽ, ഫാ. റെജി കുര്യൻ, ഫാ. അനിഷ് മാത്യു വഞ്ചിപ്പറയിൽ, ഫാ. ഷിൻ്റോ തോമസ്, ഫാ. പ്രയേഷ് പുതുശേരി, ഫാ. ബിനോജ് മുളവരിക്കൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. ജോസഫ് ഒ.സി.ഡി., ഫാ. സാനോജ് ഒ.സി.ഡി., ഫാ. റെൻസൻ തെക്കിനേഴത്ത്, ഫാ. സോജി വർഗ്ഗീസ് എന്നിവരും സഹകാർമ്മികരായിരുന്നു.