ബംഗളൂരു: അഡിക്റ്റീവ് മാനുഫാക്ച്വറിങ് (എ.എം) സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 3 ഡി പ്രിന്റഡ് എഞ്ചിന്‍ വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. പിഎസ് 4 എഞ്ചിനില്‍ രൂപമാറ്റം വരുത്തിയാണ് പരീക്ഷണത്തിന് വിധേയമാക്കിയത്.
പുതിയ എഞ്ചിനില്‍ 97 ശതമാനം അസംസ്‌കൃത വസ്തുക്കള്‍ ലാഭിക്കാനും പുനരുപയോഗിക്കാനും സാധിക്കും. കൂടാതെ ഉല്‍പാദന സമയം 60 ശതമാനം കുറയ്ക്കാനും സാധിക്കുമെന്ന് ഐഎസ്ആര്‍ഒ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) റോക്കറ്റിന്റെ മുകളിലത്തെ ഘട്ടത്തില്‍ പിഎസ് 4 എഞ്ചിന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. പിഎസ്എല്‍വിയുടെ നാലാം ഘട്ടത്തിലും പിഎസ്എല്‍വി റിയാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ ഒന്നാം ഘട്ടത്തിലും പിഎസ് 4 എഞ്ചിന്‍ ഉപയോഗിക്കുന്നുണ്ട്.
പരമ്പരാഗതമായ മെഷീനിങിലൂടെയും വെല്‍ഡിങിലൂടെയുമാണ് പിഎസ് 4 എഞ്ചിന്‍ നിര്‍മിച്ചിരിക്കുന്നത്. നൈട്രജന്‍ ടെട്രോക്സൈഡ് ഓക്സിഡൈസറായും മോണോ മീഥൈല്‍ ഹൈഡ്രോസൈന്‍ ഇന്ധനമായും യോജിപ്പിച്ചാണ് എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഐഎസ്ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററാണ് ഇത് വികസിപ്പിച്ചെടുത്തത്.
നിലവിലെ എ.എം സാങ്കേതിക വിദ്യയിലൂടെ നിരവധി ഗുണങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇതിലുപയോഗിച്ചിരിക്കുന്ന ലേസര്‍ പൗഡര്‍ ബെഡ് ഫ്യൂഷന്‍ ടെക്നിക് എഞ്ചിന്‍ ഭാഗങ്ങളുടെ എണ്ണം 14 ല്‍ നിന്ന് ഒന്നായി കുറച്ചിട്ടുണ്ട്.
കൂടാതെ 19 വെല്‍ഡിങ് പോയിന്റുകള്‍ ഒഴിവാക്കാന്‍ സാധിച്ചു. അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാന്‍ സാധിച്ചുവെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്ത എഞ്ചിന്‍ തമിഴ്നാട്ടിലെ മഹേന്ദ്ര ഗിരിയിലുള്ള ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സില്‍ വെച്ചാണ് വിക്ഷേപിച്ചത്. 74 സെക്കന്റ് ദൈര്‍ഘ്യമുള്ള എഞ്ചിന്റെ നാല് ഹോട്ട് ടെസ്റ്റുകളും വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഇനിയുള്ള പിഎസ്എല്‍വി ദൗത്യങ്ങളില്‍ എ.എം പിഎസ് 4 എഞ്ചിന്‍ ഉപയോഗിക്കാന്‍ പദ്ധതിയിടുന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.