ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങള്‍ ഗൗതം അദാനിക്ക് തീറെഴുതിക്കൊടുക്കാന്‍ എത്ര ടെമ്പോ പണം ലഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
അദാനിയും അംബാനിയും കോണ്‍ഗ്രസിന് അര്‍ധരാത്രി ടെമ്പോകളില്‍ കള്ളപ്പണം നല്‍കിയെന്ന് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോഡി ആരോപിച്ചിരുന്നു. എങ്കില്‍ ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജന്‍സികളെ ഉപയോഗിച്ച് എത്രയും വേഗം അന്വേഷണം നടത്തണമെന്ന് തിരിച്ചടിച്ച് രാഹുല്‍ രംഗത്തു വന്നു. ഇതിന് ശേഷം ഇതേക്കുറിച്ച് മോഡി പിന്നീട് മിണ്ടിയതേയില്ല.
അദാനിയുമായി മോഡിക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ വീണ്ടും രംഗത്തു വന്നത്. ലഖ്‌നോ വിമാനത്താളത്തില്‍ നിന്ന് മുംബൈക്കുള്ള യാത്രക്കിടെയാണ് സമൂഹ മാധ്യമമായ 'എക്‌സി'ല്‍ രാഹുല്‍ മോഡിയോട് ചോദ്യമുന്നയിച്ചത്.
'ഇന്ന് ഞാന്‍ ലഖ്‌നോ വിമാനത്താവളത്തിലുണ്ടായിരുന്നു. ഇവിടുന്ന് മുംബൈ വരേക്കും ഗുവാഹത്തിയില്‍ നിന്ന് അഹ്മദാബാദ് വരേക്കും എല്ലാ വിമാനത്താവളങ്ങളും പ്രധാനമന്ത്രി തന്റെ 'ടെമ്പോ സുഹൃത്തി'ന് നല്‍കിയിരിക്കുകയാണ്.
എത്ര ടെമ്പോകള്‍ക്കാണ് രാജ്യത്തിന്റെ ആസ്തികള്‍ വിറ്റത്? ഇക്കാര്യം നരേന്ദ്ര മോഡി രാഷ്ട്രത്തോട് പറയുമോ?' -രാഹുല്‍ ചോദിച്ചു. മുംബൈ, അഹമ്മദാബാദ്, ലഖ്‌നോ, മംഗളൂരു, ഗുവാഹത്തി, തിരുവനന്തപുരം വിമാനത്താവളങ്ങളെ വിഡിയോയില്‍ രാഹുല്‍ പരാമര്‍ശിച്ചു.
'2020 നും 2021 നുമിടക്ക് നികുതിദായകരുടെ പണം കൊണ്ട് നിര്‍മിച്ച ഏഴ് വിമാനത്താവളങ്ങളാണ് 50 വര്‍ഷത്തേക്ക് ഗൗതം ഭായിക്ക് നല്‍കിയത്. ഇതിനായി എത്ര ടെമ്പോകളെടുത്തു എന്നത് ജനങ്ങളോട് പറയണം. എപ്പോഴാണ് ഇതിന്റെ അന്വേഷണം തുടങ്ങുന്നത്?
അദാനിയും അംബാനിയും ഞങ്ങള്‍ക്ക് കള്ളപ്പണം നല്‍കിയെന്ന് അഞ്ചോ ആറോ ദിവസം മുമ്പാണ് നിങ്ങള്‍ പറഞ്ഞത്. ഇ.ഡിയെയും സി.ബി.ഐയെയും അന്വേഷണത്തിന് പറഞ്ഞയക്കൂ' -രാഹുല്‍ പരിഹസിച്ചു. വിമാനത്താവളത്തിലെ അദാനി ഡിഫന്‍സ് ആന്‍ഡ് ഏറോസ്‌പേസിന്റെ പരസ്യവും വിഡിയോയില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.