ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ തുടരുന്ന സമരത്തിന്റെ ഭാഗമായി രാജ്യ വ്യാപക റോഡ് ഉപരോധത്തിന് കര്‍ഷകരുടെ തീരുമാനം. വരുന്ന ആറിന് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ ദേശീയ, സംസ്ഥാന പാതകള്‍ ഉപരോധിക്കുമെന്ന് കര്‍ഷക സമര സമിതി നേതാവ് യോഗേന്ദ്ര യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം എംഎസ്പിയില്‍ സംഭരണത്തിനായി എഫ്‌സിഐക്ക് വായ്പ വഴി നീട്ടിയ ധനസഹായത്തിനുള്ള ബജറ്റ് വിഹിതം 1,36,600 കോടി രൂപയായിരുന്നു. ഈ വര്‍ഷം ഒരു തുകയും അനുവദിച്ചിട്ടില്ല. എഫ്സിഐ അടച്ചുപൂട്ടാനുള്ള ഗൂഢാലോചനയാണ് ഇതെന്ന് കര്‍ഷകര്‍ സംശയിക്കുന്നുവെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.
കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനങ്ങളാണ് ഇക്കൊല്ലത്തെ ബജറ്റിലുള്ളതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ അവകാശപ്പെട്ടിരുന്നു. താങ്ങുവില പരിഷ്‌കരണത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. ഉല്‍പ്പാദന ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവിലയായി ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്.
കാര്‍ഷിക വായ്പയായി 16.5 ലക്ഷം കോടി രൂപ നല്‍കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നെല്ലിന്റെ താങ്ങുവില ഈ വര്‍ഷം ഇരട്ടിയാക്കി. 1.5 കോടി കര്‍ഷകര്‍ക്ക് ഇത് പ്രയോജനം ചെയ്തു. 1000 മണ്ഡികളെ നാഷണല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചതായും ധനമന്ത്രി പറഞ്ഞു.
കൃഷിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതിന് രൂപം നല്‍കിയ ഫണ്ട് വര്‍ധിപ്പിച്ചു. 40000 കോടി രൂപയായാണ് ഉയര്‍ത്തിയത്. എപിഎംസികളാണ് ഈ തുക ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുക. ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 10000 കോടി രൂപ അനുവദിക്കും. എളുപ്പം കേടുപാടുകള്‍ സംഭവിക്കുന്ന 22 ഭക്ഷ്യഉല്‍പ്പന്നങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.