ബ്രാറ്റിസ്ലാവ: സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിറ്റ്സോയ്ക്ക് (59) നേരെ വധശ്രമം. ഒന്നിലേറെ തവണ വെടിയേറ്റ ഫിറ്റ്‌സോയുടെ നില ഗുരുതരമായി തുടരുകയാണ്. പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 2.30 ന് (ഇന്ത്യന്‍ സമയം വൈകിട്ട് ആറിന്) തലസ്ഥാനമായ ബ്രാറ്റിസ്ലാവയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള ഹാന്‍ഡ്‌ലോവ നഗരത്തിലായിരുന്നു സംഭവം.
ഇവിടെ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി സെന്ററില്‍ സര്‍ക്കാര്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങാനൊരുങ്ങവെ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യവെ ഫിറ്റ്‌സോയ്ക്ക് നേരെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. നിലത്തുവീണ ഫിറ്റ്‌സോയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ കാറിലേക്ക് മാറ്റി. 71 കാരനായ പ്രതിയെ പൊലീസ് സംഭവ സ്ഥലത്ത് വച്ച് തന്നെ പിടികൂടിയിരുന്നു.
അതേസമയം ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റ ഫിറ്റ്‌സോയെ സമീപത്തെ ആശുപത്രിയിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി ഹാന്‍ഡ്‌ലോവയ്ക്ക് കിഴക്കുള്ള ബാന്‍സ്‌ക ബൈസ്ട്രിക നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഫിറ്റ്‌സോയുടെ കൈയിലും കാലിലും വയറ്റിലും വെടിയേറ്റെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
2006 മുതല്‍ 2010 വരെയും 2012 മുതല്‍ 2018 വരെയും സ്ലോവാക്യയുടെ പ്രധാനമന്ത്രിയായിരുന്നു ഫിറ്റ്‌സോ. 1992 മുതല്‍ പാര്‍ലമെന്റായ നാഷണല്‍ കൗണ്‍സിലില്‍ അംഗമാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ഡയറക്ഷന്‍ സോഷ്യല്‍ ഡെമോക്രസി പാര്‍ട്ടി നേതാവായ ഫിറ്റ്‌സോ യൂറോപ്യന്‍ യൂണിയന്‍, നാറ്റോ അംഗരാജ്യമായ സ്ലോവാക്യയില്‍ വീണ്ടും അധികാരത്തിലേറിയത്.
സെപ്റ്റംബറിലെ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലെ 150 ല്‍ 42 സീറ്റ് നേടി ഫിറ്റ്‌സോയുടെ പാര്‍ട്ടി ഒന്നാമതെത്തി. 76 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. തുടര്‍ന്ന് വോയിസ്, സ്ലോവാക് നാഷണല്‍ പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. റഷ്യയോട് മൃദു സമീപനമുള്ള ഫിറ്റ്‌സോ അധികാരത്തിലെത്തിയ പിന്നാലെ ഉക്രെയിന് നല്‍കി വന്ന സൈനിക സഹായം നിറുത്തലാക്കിയിരുന്നു. അദേഹത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്.
ആയുധങ്ങള്‍ നല്‍കില്ലെങ്കിലും മാനുഷിക സഹായങ്ങള്‍ തുടരുമെന്നും പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ആയുധ വിതരണക്കാരില്‍ നിന്ന് സമാധാന സ്ഥാപകരാകണമെന്നും ഫിറ്റ്‌സോ തുറന്നടിച്ചിരുന്നു. ഉക്രെയിനില്‍ സംഘര്‍ഷം ആരംഭിക്കാന്‍ കാരണം അമേരിക്കന്‍ ഇടപെടലാണെന്ന് ഫിറ്റ്‌സോ മുമ്പ് ആരോപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.