കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് സുപ്രീം കോടതിയില്‍ ഉന്നയിക്കുമെന്ന് ഹര്‍ജിക്കാര്‍

 കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് സുപ്രീം കോടതിയില്‍ ഉന്നയിക്കുമെന്ന്  ഹര്‍ജിക്കാര്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ നടപ്പാക്കിയത് ചോദ്യം ചെയ്യുമെന്ന് ഹര്‍ജിക്കാര്‍. സിഎഎക്കെതിരെ 237 ഹര്‍ജികളാണ് കോടതിയില്‍ ഉള്ളത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ഇന്നലെ 14 പേര്‍ക്കാണ് പൗരത്വം നല്‍കാന്‍ തീരുമാനമായത്. പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് വിതരണം ചെയ്തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് വിതരണം ചെയ്തത്. 300 പേര്‍ക്ക് ഓണ്‍ലൈനായി പൗരത്വം നല്‍കാനാണ് നീക്കം.

അതേസമയം സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. അര്‍ഹരായ എല്ലാ അഭയാര്‍ത്ഥികള്‍ക്കും പൗരത്വം നല്‍കും. എത്ര അപേക്ഷകള്‍ ലഭിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. രാജസ്ഥാന്‍, യുപി, അസം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവര്‍ക്കാണ് തുടക്കത്തില്‍ പൗരത്വം നല്‍കിയിരിക്കുന്നത്.

പാകിസ്ഥാനില്‍ നിന്ന് വന്ന അഭയാര്‍ത്ഥികളാണിവര്‍. കൂടുതല്‍ അപേക്ഷകര്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചു കൊടുക്കും എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അവസാന ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന യുപി, ബീഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സിഎഎ വലിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

മുസ്ലിം ലീഗും കേരള സര്‍ക്കാരും സിഎഎ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹര്‍ജികളില്‍ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിട്ടുമുണ്ട്. അതിനിടെയാണ് സര്‍ക്കാര്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയിരിക്കുന്നത്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.