കാവി ഭയപ്പെടുത്തുന്ന അടയാളമായി മാറി; ബിജെപിക്കെതിരെ തൃശൂര്‍ അതിരൂപത മുഖപത്രം

കാവി ഭയപ്പെടുത്തുന്ന അടയാളമായി മാറി; ബിജെപിക്കെതിരെ തൃശൂര്‍ അതിരൂപത മുഖപത്രം

തൃശൂര്‍: കാവി ഇന്ന് രാജ്യത്ത് ഭയത്തിന്റെ അടയാളമായി മാറിയെന്ന് തൃശൂര്‍ അതിരൂപത മുഖപത്രമായ കത്തോലിക്കാ സഭയുടെ മുഖപ്രസംഗം.

കത്തോലിക്കാ സഭയുടെ മെയ് ലക്കത്തിലെ 'മത ചിഹ്നങ്ങളെ ഭീകരതയുടെ അടയാളങ്ങളാക്കരുത്' എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് കാവി നിറം ഭയത്തിന്റെ അടയാളമായെന്നുള്ള വിമര്‍ശനമുള്ളത്. ദൂര്‍ദര്‍ശന്‍ ചാനലിന്റെ ലോഗോ കാവി നിറമാക്കിയതുള്‍പ്പടെ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

'കാവി കാണുമ്പോള്‍ ഭയം തോന്നുന്നു' എന്ന ഹിന്ദുത്വ ഭീകരരുടെ ആക്രമണങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവരുടെ വിലാപം കേള്‍ക്കാനിടയായെന്നും കാവിയെ മതരാഷ്ട്ര പ്രത്യയ ശാസ്ത്രത്തിന്റെ ഉടയാടയാക്കി മാറ്റുന്നവര്‍ രാജ്യത്തിന്റെ സംസ്‌കാരത്തെയാണ് തേജോവധം ചെയ്യുന്നതും ലേഖനം കുറ്റപ്പെടുത്തുന്നു.

തെലങ്കാനയില്‍ മദര്‍ തെരേസയുടെ പേരിലുള്ള സ്‌കൂള്‍ ജയ് ശ്രീറാം വിളികളുമായെത്തിയവര്‍ ആക്രമിച്ചിരുന്നെന്നും സ്‌കൂളും മദര്‍ തെരേസയുടെ രൂപവും തകര്‍ത്ത ആക്രമികള്‍ അവിടെ കാവിക്കൊടിയാണ് സ്ഥാപിച്ചതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

വിദ്യ പകര്‍ന്നു നല്‍കുന്ന ഒരു സ്ഥാപനം തകര്‍ത്തുകൊണ്ട് മറ്റുള്ളവരെ ഭയപ്പെടുത്താന്‍ കാവിക്കൊടി നാട്ടിയത് വിരോധാഭാസമാണെന്നും ലേഖനം വിമര്‍ശിക്കുന്നു.

ഭരണഘടന സ്ഥാപനങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും അക്കാദമിക് രംഗവും കാവിവല്‍കരിക്കുന്നു എന്ന ആക്ഷേപം ശക്തമാണെന്നും ദൂര്‍ദര്‍ശന്റെ ലോഗോ കാവി നിറമാക്കിയതിനെ ചൂണ്ടിക്കാണ്ടിക്കൊണ്ട് ലേഖനം വിമര്‍ശിച്ചു.

പാഠ പുസ്തകങ്ങളില്‍ വരെ ഇതിന്റെ അനുരണനങ്ങള്‍ കാണുന്നുണ്ട്. മുന്‍കാലത്തെ ഭരണാധികാരികള്‍ സ്ഥാപിച്ച പലതും ചരിത്രത്തില്‍ നിന്ന് ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം അതിന്റെ ഭാഗമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

പാര്‍ലമെന്റ് മന്ദിരം മാത്രമല്ല ജനാധിപത്യം തന്നെ ഇല്ലാതാകുമെന്ന് സംശയിക്കുന്നവരുണ്ടെന്നും വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന തിരുത്തുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നത് അതിന്റെ ഭാഗമായിട്ടാണെന്നും കത്തോലിക്കാ സഭയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.