തിരുവനന്തപുരം: സിപിഎം തുടങ്ങി വച്ച സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കൈയെടുത്തത് അവര്‍ തന്നെയെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍. സിപിഎം നേതൃത്വത്തിന്റെ നിര്‍ദേശാനുസരണം മാധ്യമ പ്രവര്‍ത്തകനും കൈരളി ടി.വി എംഡിയുമായ ജോണ്‍ ബ്രിട്ടാസ് തന്നെ വിളിച്ചെന്നാണ് സമകാലിക മലയാളത്തിലെഴുതിയ ലേഖനത്തില്‍ അദേഹം വ്യക്തമാക്കുന്നത്.
'സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ?' എന്നായിരുന്നു ഫോണില്‍ വിളിച്ച് ബ്രിട്ടാസ് തന്നോട് ചോദിച്ചത്. എന്താ അവസാനിപ്പിക്കണം എന്നു തോന്നിത്തുടങ്ങിയോ എന്ന് തിരിച്ചു ചോദിച്ചു. മുകളില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് ബ്രിട്ടാസിന്റെ കോള്‍ എന്ന് മനസിലായി.
ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സമരം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ അറിയിക്കാമോ എന്നായിരുന്നു ബ്രിട്ടാസിന്റെ അടുത്ത ചോദ്യമെന്നും ലേഖനത്തില്‍ പറയുന്നു.
തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ വിളിച്ചു. ഒത്തുതീര്‍പ്പ് ഫോര്‍മുല യുഡിഎഫ് അംഗീകരിക്കുകയും കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂരും സംസാരിക്കുകയും ചെയ്തു. എന്‍.കെ പ്രമേചന്ദ്രനാണ് ഇടതു പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്തത്. കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നു. ഇതിലുണ്ടായ ധാരണാ പ്രകാരമാണ് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനം വിളിച്ചത്.
പാര്‍ട്ടി അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കം. എന്നാല്‍ തോമസ് ഐസക് അടക്കമുള്ള നേതാക്കളോ, സമരത്തിനെത്തിയ പ്രവര്‍ത്തകരോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. താനും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഇടനില നിന്നിരുന്നെന്ന് ജോണ്‍ മുണ്ടക്കയം ലേഖനത്തില്‍ പറയുന്നു.
അതേസമയം, സോളാര്‍ സമരത്തില്‍ ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പ്രതികരിച്ചു. എന്നാല്‍ സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു നീക്കമുണ്ടായപ്പോള്‍ അതിനെ പോസിറ്റീവായി എടുത്തെന്നും തലസ്ഥാനത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമമെന്നും അദേഹം പറഞ്ഞു. ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെപ്പറ്റി അറിയില്ലെന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.