ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാനൂറിലധികം സീറ്റ് നേടുമെന്ന അവകാശവാദത്തില്‍ നിന്ന് മലക്കം മറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്നോ തോല്‍ക്കുമെന്നോ താന്‍ ഒരിക്കലും അവകാശവാദം ഉന്നയിച്ചിട്ടില്ല എന്നാണ് മോഡി ഇപ്പോള്‍ വ്യക്തമാക്കുന്നത്.
നാനൂറില്‍ അധികം സീറ്റ് നേടുമെന്ന് ആദ്യം പറഞ്ഞത് ജനങ്ങളാണെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. 400 ല്‍ അധികം ലോക്‌സഭാ സീറ്റുകള്‍ എന്ന ബിജെപിയുടെ പ്രധാന മുദ്രാവാക്യത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ തുറന്നു പറച്ചില്‍.
'ജയിക്കുമെന്നോ തോല്‍ക്കുമെന്നോ ഞാന്‍ മുമ്പും അവകാശപ്പെട്ടിട്ടില്ല. ഇത്തവണയും അത്തരമൊരു അവകാശവാദം എന്റെ ഭാഗത്ത് ഉണ്ടായിട്ടില്ല. 400 ല്‍ അധികം സീറ്റ് എന്ന് ആദ്യം പറഞ്ഞത് ജനങ്ങളാണ്. താനും പാര്‍ട്ടിയും ജനങ്ങളിലേക്ക് ഇറങ്ങി ചെന്നപ്പോള്‍ അവരുടെ കാഴ്ചപ്പാടുകളില്‍ നിന്നാണ് ഈ ആശയം ലഭിച്ചത്. ജനങ്ങള്‍ 400 ല്‍ അധികം എന്നു പറഞ്ഞപ്പോഴാണ് അവരുടെ കാഴ്ചപ്പാട് അറിയുന്നത്.
2019 ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയും മുന്നണിയെ പുറത്തു നിന്ന് പിന്തുണയ്ക്കുന്നവരും ചേര്‍ന്ന് 400 സീറ്റ് നേടിയിട്ടുണ്ട്. അതിനാല്‍ നേതാവെന്ന നിലയില്‍ ഇത്തവണ 400 ല്‍ അധികം സീറ്റ് നേടണമെന്ന് സഖ്യ കക്ഷികളോട് പറയേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടാണ് 400 ല്‍ അധികം എന്ന ലക്ഷ്യം മുന്നോട്ടു വെച്ചത്'- മോഡി വ്യക്തമാക്കി.
രാജ്യത്തിന്റെ ഭരണഘടന മാറ്റാനും വിദ്യാഭ്യാസ-തൊഴില്‍ സംവരണം എടുത്തു കളയാനുമുള്ള ആഗ്രഹം ഉള്ളതിനാലാണ് ബിജെപി 400 സീറ്റ് നേടുന്നതിനെ പ്രതിപക്ഷം ഭയക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റുവില്‍ തുടങ്ങി ഒരു കുടുംബത്തിലെ നാലുപേര്‍ ഭരണഘടനയെ കീറിമുറിച്ചെന്നും മോഡി ആരോപിച്ചു.
കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തൊട്ടാകെ നടന്ന തിരഞ്ഞെടുപ്പ് റാലികളില്‍ 400 ല്‍ അധികം സീറ്റുകള്‍ നേടും എന്ന മുദ്രാവാക്യമായിരുന്നു മോഡി പ്രധാനമായും ഉയര്‍ത്തിയത്. മുതിര്‍ന്ന ബിജെപി നേതാക്കളും പാര്‍ട്ടി നേതൃത്വും 400 ല്‍ അധികം എന്നത് തങ്ങളുടെ പ്രധാനമുദ്രാവാക്യവുമാക്കി.
ബിജെപിക്ക് 400 സീറ്റ് ലഭിച്ചാല്‍ ഭരണഘടനയില്‍ മാറ്റം വരുത്തുമെന്നായിരുന്നു ബിജെപി നേതാവും എംപിയുമായ അനന്ത്കുമാര്‍ ഹെഗ്ഡെ പറഞ്ഞത്. 'രാഷ്ട്രത്തിന്റെ ഭരണഘടന ഹിന്ദുമത താല്‍പര്യങ്ങള്‍ക്കനുസരിച്ച് തിരുത്തിയെഴുതാന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാം 400 സീറ്റുകളില്‍ വിജയിക്കേണ്ടതുണ്ട്' എന്നായിരുന്നു പരാമര്‍ശം.
400 സീറ്റില്‍ അധികം നേടുമെന്ന ബിജെപിയുടെ അവകാശവാദത്തെ ചോദ്യം ചെയ്തും വിമര്‍ശിച്ചും കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികളും രംഗത്ത് എത്തിയിരുന്നു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ബിജെപിയും മോഡിയും 400 സീറ്റ് നേടുമെന്ന അവകാശ വാദത്തില്‍ നിന്ന് പിന്നോട്ട് പോയതായി പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണത്തിന് ബലം നല്‍കുന്നതാണ് പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ തുറന്നുപറച്ചില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.