സോളാർ സമരം പിൻവലിക്കാൻ ഇടനിലക്കാരനായിട്ടില്ല; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻ. കെ പ്രേമചന്ദ്രൻ എം പി

സോളാർ സമരം പിൻവലിക്കാൻ ഇടനിലക്കാരനായിട്ടില്ല; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻ. കെ പ്രേമചന്ദ്രൻ എം പി

തിരുവനന്തപുരം: സോളാര്‍ സമരം അവസാനിപ്പിക്കുന്നതിനായി ഒരു ഇടനില ചര്‍ച്ചയിലും താൻ ഭാഗമായിട്ടില്ലെന്ന് എൻ. കെ പ്രേമചന്ദ്രൻ എം പി. മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ ശരിയല്ലെന്നും തന്നെ ആരും ഇടനില നിൽക്കാൻ ചുമതലപ്പെടുത്തിയിട്ടില്ലെന്നും പ്രേമചന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഒരു സമരം നടക്കുമ്പോൾ അത് അവസാനിപ്പിക്കാൻ ചര്‍ച്ച നടക്കുന്നത് സ്വാഭാവികമാണ്. അതിനിടയിൽ എന്തെങ്കിലും കൊടുക്കൽ വാങ്ങൽ ഉണ്ടായതായി ആരോപണം ഇതുവരെ ആരും ഉന്നയിച്ചിട്ടില്ലെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. താൻ സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ടിരിക്കെയാണ് ആര്‍എസ്‌പി പ്രതിനിധിയായി എകെജി സെന്ററിൽ യോഗത്തിന് പോകാൻ ആവശ്യപ്പെട്ട് അറിയിപ്പ് ലഭിച്ചത്. അവിടെയെത്തിയപ്പോഴേക്കും സമരം അവസാനിപ്പിക്കാനുള്ള തീരുമാനം മുന്നണി നേതൃത്വം എടുത്തിരുന്നു.

ഈ സമയത്ത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണാൻ എൽഡിഎഫ് നേതാക്കളുടെ മുറിയിൽ ടെലിവിഷൻ വച്ച് കാത്തു നിൽക്കുകയായിരുന്നു നേതാക്കളെന്നും പ്രേമചന്ദ്രൻ പറഞ്ഞു. പിന്നീട് പിണറായി വിജയന്റെ നേതൃത്വത്തിൽ താനടക്കമുള്ളവര്‍ സമരമുഖത്തെത്തി സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

ജുഡീഷ്യൽ അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ഉൾപ്പെടുത്താനുള്ള ടേംസ് ഓഫ് റഫറൻസ് എൽഡിഎഫ് ആവശ്യപ്പെട്ടത് പ്രകാരം തയ്യാറാക്കിയത് താനാണെന്നും എൻകെ പ്രേമചന്ദ്രൻ കൊല്ലത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കേരള രാഷ്ട്രീയത്തിൽ നിർണായകമായി മാറിയ സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈ എടുത്തത് സിപിഐഎമ്മെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സോളാർ വിഷയം വീണ്ടും ചർച്ചകളിൽ നിറഞ്ഞിരുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.