'സൈറ്റ് അറ്റകുറ്റപ്പണിയിലാണ്, താങ്കളുടെ ക്ഷമയ്ക്ക് നന്ദി'; വിവരാവകാശ കമ്മീഷന്റെയും ഐ ടി മിഷന്റെയും വെബ്സൈറ്റുകള്‍ നിലച്ചിട്ട്  രണ്ടാഴ്ച

'സൈറ്റ് അറ്റകുറ്റപ്പണിയിലാണ്, താങ്കളുടെ ക്ഷമയ്ക്ക് നന്ദി'; വിവരാവകാശ കമ്മീഷന്റെയും ഐ ടി മിഷന്റെയും വെബ്സൈറ്റുകള്‍ നിലച്ചിട്ട്  രണ്ടാഴ്ച

കൊച്ചി: വിവരാവകാശ കമ്മീഷന്റെയും സര്‍ക്കാര്‍  ഉത്തരവുകളും സര്‍ക്കുലറുകളും ലഭ്യമാക്കുന്ന ഐ ടി മിഷന്റെയും വെബ്സൈറ്റുകള്‍ നിലച്ചിട്ട്  രണ്ടാഴ്ച. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പോര്‍ട്ടലില്‍ ലോഗ്  ഇന്‍ ചെയ്യുമ്പോള്‍ കിട്ടുന്ന മറുപടി 'സൈറ്റ് അറ്റകുറ്റപ്പണിയില്‍ ആണ്. താങ്കളുടെ ക്ഷമയ്ക്ക് നന്ദി'. ഐ ടി മിഷന്റെ പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്‌താല്‍ കിട്ടുക 'സര്‍ക്കുലറുകള്‍ താല്‍ക്കാലികമായി ലഭ്യമല്ല' എന്ന്.

റാങ്ക് ലിസ്റ്റുകളെ മറികടന്ന് താല്‍ക്കാലികക്കാരെ സ്ഥിരപെടുത്തുന്നതും പുതിയ താല്‍ക്കാലിക ഒഴിവുകള്‍ സൃഷ്ടിച്ചു തല്‍പരരെ തിരുകി കയറ്റുന്നതും വ്യാപകമായി പരാതിയുയര്‍ന്നിരിക്കെ വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതില്‍ ദുരൂഹത ഉണ്ടെന്നാണ് വിവരാവകാശ പ്രവര്‍ത്തകരുടെ ആരോപണം. വിവരാവകാശ അപ്പീലുകളുടെ കുത്തൊഴുക്ക് അധികൃതര്‍ക്ക് തലവേദന ഉണ്ടാക്കുന്നുണ്ടെന്നാണ് കഴിഞ്ഞ നിയമ സഭാ സമ്മേളനത്തില്‍ എ.എന്‍ ഷംസീറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

എന്നാല്‍ വകുപ്പുകളില്‍ നിന്നു കൃത്യമായ വിവരങ്ങള്‍ കിട്ടാതെ വരുമ്പോള്‍ ആണ് അപ്പീലുകള്‍ പെരുകുന്നതെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ ജേക്കബ് സന്തോഷ്‌ പറഞ്ഞു. സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ ഉപയോഗമാടക്കമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല. ഉത്തരവുകളും സര്‍ക്കുലറുകളും  സൈറ്റില്‍ ലഭ്യമാകാതെ വരുമ്പോള്‍ പരാതികള്‍ കൂടുന്നത് സ്വഭാവികമാണെന്നും സന്തോഷ്‌ പറഞ്ഞു.

വെബ്സൈറ്റുകള്‍ സാങ്കേതിക പിഴവില്‍ ആണെന്നാണ് വകുപ്പുകളില്‍ നിന്നുള്ള മറുപടി. എന്നാല്‍, നവംബറില്‍ വിരമിക്കും മുമ്പ് വിവരാവകാശ കമ്മീഷന്റെ വെബ്സൈറ്റ് നവീകരിച്ചിരുന്നെന്ന് മുഖ്യ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ വിൻസൺ എം.പോള്‍ പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.