മരിയന്‍ പ്രത്യക്ഷീകരണങ്ങളുൾപ്പെടെ അത്ഭുത സംഭവങ്ങളെ വിശകലനം ചെയ്യാന്‍ പുതിയ മാര്‍ഗരേഖ പ്രസിദ്ധീകരിച്ച് വത്തിക്കാൻ

മരിയന്‍ പ്രത്യക്ഷീകരണങ്ങളുൾപ്പെടെ അത്ഭുത സംഭവങ്ങളെ വിശകലനം ചെയ്യാന്‍ പുതിയ മാര്‍ഗരേഖ പ്രസിദ്ധീകരിച്ച് വത്തിക്കാൻ

വത്തിക്കാന്‍ സിറ്റി: മരിയന്‍ പ്രത്യക്ഷീകരണങ്ങൾ ഉള്‍പ്പെടെയുള്ള അത്ഭുത പ്രതിഭാസങ്ങളുടെ ആധികാരികതയെക്കുറിച്ചുള്ള പഠനത്തിന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി വത്തിക്കാന്‍. വിശ്വാസകാര്യാലയ അധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസാണ് 'പ്രകൃത്യാതീതമെന്ന് അറിയപ്പെടുന്ന സംഭവങ്ങൾ വിവേചിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ' ( norms for discerning alleged supernatural phenomena) എന്ന രേഖ പ്രകാശനം ചെയ്ത‌ത്.

മരിയന്‍ പ്രത്യക്ഷീകരണം പോലുള്ള അത്ഭുത പ്രതിഭാസങ്ങളെ വിവേചിച്ച് അറിയുന്നതിനായി നടത്തുന്ന പഠനങ്ങളില്‍ പ്രാദേശിക ബിഷപ്പുമാരെടുക്കുന്ന തീരുമാനങ്ങള്‍ വിശ്വാസവുമായി ബന്ധപ്പെട്ട വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ അനുമതിയോടെ വേണമെന്ന് പുതിയ മാര്‍ഗരേഖയില്‍ പറയുന്നു. പ്രത്യക്ഷീകരണങ്ങളെയോ അത്ഭുതങ്ങളെയോ കുറിച്ച് എന്തെങ്കിലും പ്രഖ്യാപനം നടത്താൻ രൂപതാ മെത്രാന് അധികാരമില്ല. അതേസമയം സംഭവത്തെ കുറിച്ച് വിശകലനം ചെയ്ത ശേഷം അവിടെ ഭക്തകൃത്യങ്ങളോ മറ്റോ പ്രോത്സാഹിപ്പിക്കുവാന് മെത്രാന് അധികാരമുണ്ടെന്നും രേഖ വ്യക്തമാക്കുന്നു.

അത്ഭുതകരമായ ഒരു സംഭവമുണ്ടായാൽ രൂപതാ മെത്രാൻ അക്കാര്യം വിശദമായി പഠിച്ചതിന് ശേഷം വിശ്വാസ കാര്യാലയത്തിൽ റിപ്പോർട്ട് സമർപ്പിക്കണം. വിഷയത്തില്‍ പഠനം നടത്താന്‍ ഒരു ദൈവശാസ്ത്രജ്ഞനും കാനൻ നിയമവിദഗ്‌ധനും ഒരു വിദഗ്ധനും ഉൾപ്പെടുന്ന സമിതിയെ നിയോഗിക്കണം. വസ്‌തുതകൾ അന്വേഷിച്ച് കഴിഞ്ഞാൽ ബിഷപ്പ് പഠനഫലങ്ങൾ ഡിക്കാസ്റ്ററിയിലേക്ക് അയയ്ക്കണം. ലഭിച്ച വിവരങ്ങളും പിന്തുടരുന്ന നടപടിക്രമങ്ങളും ഡിക്കാസ്റ്ററി വിശകലനം ചെയ്യും.

വിശ്വാസ കാര്യാലയം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതുവരെ അത്ഭുത പ്രതിഭാസത്തിന്റെ ആധികാരികതയെയോ അമാനുഷികതയെയോ കുറിച്ച് പൊതു പ്രഖ്യാപനം നടത്താന്‍ ബിഷപ്പുമാര്‍ക്ക് അവസരമുണ്ടാകില്ല. അത്ഭുതം ഒന്നിലധികം രൂപതകളുടെ ഭാഗമാകുന്നുണ്ടെങ്കില്‍ ഈ പ്രതിഭാസത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു ഇൻ്റർഡയോസിസൻ കമ്മീഷൻ രൂപീകരിക്കണമെന്നും രേഖയില്‍ പറയുന്നു. യഥാർത്ഥ ദൈവ വിശ്വാസം വളർത്താനും അത് അന്ധവിശ്വാസമായി അധപതിക്കാതിരിക്കാനും പുതിയ മാർഗ നിർദേശങ്ങൾ ഉതകുമെന്ന് കർദ്ദിനാൾ വിക്‌ടർ മാനുവൽ ഫെർണാണ്ടസ് പറഞ്ഞു.

നേരത്തെയും വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ സേവനം ബിഷപ്പുമാര്‍ പ്രയോജനപ്പെടുത്തിയിരുന്നെങ്കിലും കൂടുതല്‍ സുതാര്യമായ വിധത്തില്‍ ഡിക്കാസ്റ്ററി ബിഷപ്പിനെ സഹായിക്കണമെന്നാണ് പന്തക്കുസ്താ ദിനമായ ഇന്ന് പ്രാബല്യത്തില്‍ വരുന്ന പുതിയ മാര്‍ഗരേഖയില്‍ നിഷ്‌കര്‍ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.