തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ കാലംചെയ്ത മാര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു. ഇന്നലെ ഉച്ചയോടെ കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ച ഭൗതിക ശരീരം വിലാപയാത്രയായാണ് ജന്മനാടായ നിരണത്ത് കൊണ്ടു വന്നത്.
ഇന്ന് രാവിലെ ഒന്‍പത് മുതല്‍ നാളെ രാവിലെ ഒന്‍പത് വരെ തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊതുദര്‍ശനം. നാളെ രാവിലെ 10 ന് പള്ളിയിലേക്ക് വിലാപയാത്ര. 11 ന് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രല്‍ പള്ളിയില്‍ കബറടക്ക ശുശ്രൂഷ. പള്ളിയുടെ അരികിലാണ് കബറിടം. ഓര്‍ത്തഡോക്‌സ് പാരമ്പര്യപ്രകാരം എട്ട് ഘട്ടങ്ങളുള്ള കബറടക്ക ശുശ്രൂഷയുടെ ഒരുക്കങ്ങളായി.
മെത്രാപ്പോലീത്തയുടെ മകനും ബിഷപ്പുമായ ഡാനിയേല്‍ മോര്‍ തിമൊഥെയോസ്, മരുമകനും സഭാ സെക്രട്ടറിയുമായ റവ. ഡോ.ഡാനിയേല്‍ ജോണ്‍സണ്‍, ജോഷ്വാ മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ, സഭാ വക്താവ് റവ. ഫാ.സിജോ പന്തപ്പള്ളി എന്നിവര്‍ അനുഗമിച്ചു. ഹരിപ്പാട് നഗരസഭയുടെ അന്തിമോപചാരത്തിന് ശേഷം വൈകിട്ട് 6.45 ന് നിരണം സെന്റ് തോമസ് പള്ളിയില്‍ മൃതദേഹം വഹിച്ച ആംബുലന്‍സ് എത്തി. ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും രാഷ്ട്രീയ, സാമൂഹ്യ സാംസ്‌കാരിക പ്രമുഖരും ഉള്‍പ്പെടെ വന്‍ജനാവലി എത്തിയിരുന്നു.
മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്‌കോപ്പ, മാത്യൂസ് മാര്‍ അപ്രേം എപ്പിസ്‌കോപ്പ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കബറടക്കത്തിന്റെ രണ്ടാം ശുശ്രൂഷ ഇവിടെ നല്‍കി. തുടര്‍ന്ന് നഗരസഭയുടെ നേതൃത്വത്തില്‍ തിരുവല്ല കെഎസ്ആര്‍ടിസി കോര്‍ണറില്‍ പൗരാവലി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
കഴിഞ്ഞ ഏഴിന് അമേരിക്കയിലെ ഡാലസില്‍ പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ച് പരിക്കേറ്റ മെത്രാപ്പൊലീത്ത ചികിത്സയിലിരിക്കെ എട്ടിന് വൈകിട്ടാണ് കാലം ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.