പെരുമ്പാവൂർ ജിഷ വധക്കേസ്; അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ; വധശിക്ഷ ശരിവച്ച് ഹൈക്കോടതി

പെരുമ്പാവൂർ ജിഷ വധക്കേസ്; അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ; വധശിക്ഷ ശരിവച്ച് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്നാണ് വിധിപ്രസ്താവത്തിനിടെ ഹൈക്കോടതി പറഞ്ഞത്. കൊലപാതകം ഡല്‍ഹി നിര്‍ഭയ കേസിന് സമാനമാണെന്നും കോടതി നിരീക്ഷിച്ചു.

നിയമ വിദ്യാർഥിയായ ജിഷയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 2017 ലാണ് എറണാകുളം സെഷൻസ് കോടതി പ്രതി അമീറുൽ ഇസ്ലാമിന് വധശിക്ഷ വിധിക്കുന്നത്. അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതിയുടെ വധശിക്ഷ ശരിവെക്കണമെന്നായിരുന്നു സർക്കാറിൻ്റെ ആവശ്യം.

ദൃക്സാക്ഷികളില്ലാത്ത സംഭവത്തിൽ തന്നെ കുറ്റക്കാരനാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദം. ശാസ്ത്രീയ തെളിവുകൾ ഉപയോഗിച്ചാണ് അമീറുൾ ഇസ്ലാമിനെതിരായ കുറ്റം പ്രോസിക്യൂഷൻ തെളിയിച്ചത്. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ഥി വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ആഴത്തില്‍ ഏറ്റ മുറിവുകള്‍ ആയിരുന്നു മരണ കാരണം. കൊല്ലപ്പെടും മുന്‍പ് യുവതി പ്രതിയുടെ കൈയ്യില്‍ കടിച്ചു. ഇതിലൂടെ ലഭിച്ച സാമ്പിളിലെയും പ്രതിയുടെയും ഡിഎന്‍എ ഒരുപോലെയായി.

അമീറുള്‍ ഇസ്ലാമിന്റെ രക്തം യുവതിയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ചു. അമീറുള്‍ ഇസ്ലാമിന്റെ ചെരുപ്പില്‍ നിന്നും യുവതിയുടെ ഡിഎന്‍എ കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയില്‍ നിന്നും യുവതിയുടെ ഡിഎന്‍എ സാമ്പിള്‍ ലഭിച്ചു. ഇതെല്ലാം ശാസ്ത്രീയമായി തെളിയിച്ചാണ് യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കുറ്റത്തിന് പ്രതിക്ക് പ്രൊസിക്യൂഷന്‍ വധശിക്ഷയെന്ന വിധി ഉറപ്പുവരുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.