ലണ്ടന്‍: ലണ്ടനില്‍ സ്വന്തം നായകളുടെ ആക്രമണത്തില്‍ അമ്പതുകാരി ദാരുണമായി കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഹോണ്‍ചര്‍ച്ചിലാണ് സംഭവം. എക്സല്‍ ബുള്ളി (XL bully) ഇനത്തില്‍പ്പെട്ട നായകളില്‍ നിന്നാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് സത്രീക്ക് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ രണ്ട് നായകളെ പൊലീസ് പിടികൂടിയിട്ടുണ്ട്. നായകളുടെ ആക്രമണത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. നായക്കള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നതായും സ്ഥലത്ത് എത്തുമ്പോള്‍ ഇവര്‍ മുറിക്കുള്ളില്‍ അടച്ചിട്ട നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് പൊലീസ് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് ജീവനക്കാരെയും ഒരു ഓഫീസറെയും ഹെലികോപ്റ്ററില്‍ വീട്ടിലേക്ക് അയച്ചിരുന്നു. ആക്രണത്തില്‍ മരിച്ച സ്ത്രീയുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഫെബ്രുവരി ഒന്നു മുതല്‍, ഇംഗ്ലണ്ടിലും വെയില്‍സിലും എക്‌സ്എല്‍ ബുള്ളി ബ്രീഡ് നായകളെ മതിയായ കാരണം ഇല്ലാതെ വളര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. നായകളെ വന്ധ്യംകരിച്ചിരിക്കണം, മൈക്രോചിപ്പ് ചെയ്ത് മുഖാവരണം ധരിപ്പിക്കാതെ പുറത്തിറക്കരുതെന്നും നിര്‍ദേശമുണ്ട്. മനുഷ്യര്‍ക്ക് നേരെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്നാണ് എക്‌സ്എല്‍ ബുള്ളികളെ നിരോധിക്കാനുള്ള യുകെ സര്‍ക്കാരിന്റെ നീക്കം.
2022 ല്‍ 15,350 എക്‌സ്എല്‍ ബുള്ളി നായ്ക്കളുടെ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍.
അമേരിക്കന്‍ എക്‌സ്എല്‍ ബുള്ളി നമ്മുടെ സമൂഹത്തിന് പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഭീഷണിയാണെന്നും എക്‌സ് പ്ലാറ്റ്‌ഫോമില്‍ റിഷി സുനക് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കന്‍ പിറ്റ്ബുള്‍ ടെറിയറില്‍ നിന്ന് ബ്രീഡ് ചെയ്‌തെടുത്ത അമേരിക്കന്‍ പിറ്റ്ബുള്‍ എക്‌സ് എല്ലിനെ നിരോധിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിരുന്നു. പിറ്റ് ബുള്‍സിനെക്കാള്‍ പേശീബലവും ഭാരമേറിയ അസ്ഥിഘടനയുമാണ് ഇവയുടെ പ്രത്യേകത.
മനുഷ്യന്റെ അസ്ഥികള്‍ പോലും നിഷ്പ്രയാസം കടിച്ച് മുറിക്കാന്‍ ശേഷിയുള്ള ഇനം നായയാണ് ബുള്ളി ഡോഗ്.
2014ലാണ് ഇവ യുകെയിലെത്തിയത്. ആക്രമണോത്സുകത നിറഞ്ഞ കായിക ഇനങ്ങളില്‍ ഉപയോഗിച്ചിരുന്നതിനാലാണ് ഇവയ്ക്ക് ബുള്ളി എന്ന പേര് ലഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.