പതിനഞ്ച് ദിവസത്തിനുള്ളില്‍ നവകേരള ബസ് കട്ടപ്പുറത്ത്; ബുക്കിങ് നിര്‍ത്തി: ബംഗളൂരു സര്‍വീസ് തല്‍ക്കാലമില്ല

പതിനഞ്ച് ദിവസത്തിനുള്ളില്‍ നവകേരള ബസ് കട്ടപ്പുറത്ത്; ബുക്കിങ് നിര്‍ത്തി: ബംഗളൂരു സര്‍വീസ് തല്‍ക്കാലമില്ല

കൊച്ചി: സര്‍വീസ് തുടങ്ങി പതിനഞ്ച് ദിവസത്തിനുള്ളില്‍ തന്നെ നവകേരള ബസ് നിരത്തില്‍ നിന്നും പിന്‍വലിച്ചു. അറ്റകുറ്റ പണികള്‍ക്കായാണ് കോഴിക്കോട് ബെംഗളൂരു റൂട്ടിലോടുന്ന ബസ് നിരത്തില്‍ നിന്നും പിന്‍വലിച്ചതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.

നാളെയും മറ്റെന്നാളും ബസിന്റെ സര്‍വീസ് ഉണ്ടായിരിക്കില്ല. അതിനാല്‍ ബസിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങും കെഎസ്ആര്‍ടിസി നിര്‍ത്തി വെച്ചു. അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ 24 മുതല്‍ ബസ് വീണ്ടും സര്‍വീസ് നടത്തുമെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.

കെഎസ്ആര്‍ടിസിയുടെ ഗരുഡ പ്രീമിയം ബസിനോട് യാത്രക്കാര്‍ക്കും തണുത്ത പ്രതികരണമാണുള്ളത്. സീറ്റു പകുതിയും കാലിയായാണ് കഴിഞ്ഞ ആഴ്ച ബസ് സര്‍വീസ് നടത്തിയത്.

ഉയര്‍ന്ന ടിക്കറ്റ് നിരക്കും സൗകര്യപ്രദമല്ലാത്ത സമയക്രമവുമാണ് യാത്രക്കാര്‍ ബസിനെ കൈവിടാന്‍ കാരണം. ഈ മാസം അഞ്ചിന് സര്‍വീസ് തുടങ്ങിയ ബസില്‍ ആദ്യ ദിവസങ്ങളില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ സീറ്റുകള്‍ കാലിയായാണ് സര്‍വീസ്.

26 സീറ്റുകള്‍ മാത്രമുള്ള ബസിന് ഇരു വശങ്ങളിലേക്കും ഡീസലിന് മാത്രം 35,000 രൂപവരെ ചെലവ് വരുന്നുണ്ട്. ഇരു വശങ്ങളിലേക്കും മുഴുവന്‍ സീറ്റുകളില്‍ യാത്രക്കാര്‍ കയറിയാല്‍ ടിക്കറ്റിനത്തില്‍ 65,000 രൂപ വരെയാണ് വരുമാനമായി ലഭിക്കുന്നത്.

ഗരുഡ പ്രീമിയത്തില്‍ എന്‍ഡ് ടു എന്‍ഡ് ടിക്കറ്റാണ് നല്‍കുന്നത്. ഇതു മാറ്റി പകരം സ്റ്റേജ് ഫെയറാക്കി മാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നിലവില്‍ ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് 1171 രൂപയാണ് നിരക്ക്.

ജിഎസ്ടി ഉള്‍പ്പെടെ 1256 രൂപ നല്‍കണം. സാധാരണ ബസുകളിലെ പോലെ ദൂരം കണക്കാക്കിയുള്ള ടിക്കറ്റ് നിരക്ക് ഈടാക്കുന്നതാണ് സ്റ്റേജ് ഫെയര്‍.

എന്‍ഡ് ടു എന്‍ഡ് ടിക്കറ്റ് നിരക്കാകുമ്പോള്‍ മൈസൂരു, ബത്തേരി, കല്‍പറ്റ, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് ടിക്കറ്റ് എടുക്കുന്നവരെല്ലാം മുഴുവന്‍ നിരക്കും നല്‍കണം. ഇതുമൂലം മൈസൂരുവില്‍ നിന്ന് ബസില്‍ സീറ്റുണ്ടങ്കിലും യാത്രക്കാര്‍ കയറുന്നില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.