'എഐയ്ക്ക് കടിഞ്ഞാണിട്ടില്ലെങ്കില്‍ മനുഷ്യരാശിക്ക് തന്നെ അപകടം'; ഓപ്പണ്‍ എഐയിലെ മുഖ്യ ഗവേഷകനും പടിയിറങ്ങി

 'എഐയ്ക്ക് കടിഞ്ഞാണിട്ടില്ലെങ്കില്‍ മനുഷ്യരാശിക്ക് തന്നെ അപകടം'; ഓപ്പണ്‍ എഐയിലെ മുഖ്യ ഗവേഷകനും പടിയിറങ്ങി

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ്‍ എഐയുടെ മുഖ്യ ഗവേഷകന്‍ രാജിവച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി (എഐ) ബന്ധപ്പെട്ട് സുരക്ഷാ കാര്യങ്ങളില്‍ കമ്പനി വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ലെന്ന് ആരോപിച്ച് എഐ ഗവേഷകന്‍ ജാന്‍ ലീക്ക് ആണ് രാജിവച്ചത്.

എഐ സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിന് കടിഞ്ഞാണിട്ടില്ലെങ്കില്‍ മനുഷ്യരാശിക്ക് തന്നെ അപകടകരമാണെന്ന് ജാക്ക് ലീക്ക് മുന്നറിയിപ്പ് നല്‍കി. എഐയുമായി ബന്ധപ്പെട്ട് സാം ആള്‍ട്ട്മാന്റേയും ടീമിന്റേയും മുന്‍ഗണനകളെ ചൊല്ലി ആശങ്ക അറിയിച്ച് ഈ മാസം ആദ്യം ഓപ്പണ്‍ എഐ ജീവനക്കാര്‍ എക്സില്‍ നീണ്ട കുറിപ്പ് പങ്കുവച്ചിരുന്നു. ഓപ്പണ്‍ എഐയില്‍ തന്റെ യാത്ര അവസാനിപ്പിക്കാന്‍ ചീഫ് സയന്റിസ്റ്റ് ഇല്യ സറ്റ്‌സ്‌കേവര്‍ തീരുമാനിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ജാന്‍ ലീക്കിന്റെ രാജി സ്ഥിരീകരിച്ചത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓപ്പണ്‍എഐയുടെ വളര്‍ച്ചയുടെ പ്രധാന ഭാഗമായിരുന്നു ജാന്‍ ലീക്ക്. കൂടാതെ കമ്പനിയില്‍ എജിഐ ടെക് നിര്‍മ്മിക്കുന്ന ടീമിന്റെ ഭാഗവുമായിരുന്നു. എന്നാല്‍ സാങ്കേതിക വിദ്യയോടുള്ള ഓപ്പണ്‍ എഐയുടെ സമീപനത്തെക്കുറിച്ചും എഐ മനുഷ്യര്‍ക്ക് ഉണ്ടാക്കിയേക്കാവുന്ന സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കാതെ കമ്പനി മുന്നോട്ടുപോകുന്നതുമായി ബന്ധപ്പെട്ടും നിരവധി സംശയങ്ങള്‍ ഉന്നയിച്ചാണ് രാജി.

ഗവേഷണം നടത്താന്‍ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലം ഓപ്പണ്‍ എഐ ആയിരിക്കുമെന്ന് കരുതിയതിനാലാണ് താന്‍ ചേര്‍ന്നത്. എന്നിരുന്നാലും കമ്പനിയുടെ പ്രധാന മുന്‍ഗണനകളെക്കുറിച്ച് താന്‍ ഓപ്പണ്‍ എഐ നേതൃത്വത്തോട് വിയോജിക്കുന്നുവെന്ന് അദേഹം എക്സില്‍ കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.