സെപ്റ്റംബറിൽ ലക്സംബർഗും ബെൽജിയവും സന്ദർശിക്കാനൊരുങ്ങി ഫ്രാൻസിസ് മാർപാപ്പ

സെപ്റ്റംബറിൽ ലക്സംബർഗും ബെൽജിയവും സന്ദർശിക്കാനൊരുങ്ങി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാന്‍ സിറ്റി: ബെൽജിയവും ലക്സംബർഗും സന്ദർശിക്കാനൊരുങ്ങി ഫ്രാൻസിസ് മാർപാപ്പ. സെപ്റ്റംബർ 26 മുതൽ 29 വരെയായിരിക്കും പാപ്പയുടെ സന്ദർശനമെന്ന് വത്തിക്കാൻ അറിയിച്ചു. ഇരു രാജ്യങ്ങളും സന്ദർശിക്കാനുള്ള അതാത് രാഷ്ട്രത്തലവന്മാരുടെയും സഭാ അധികാരികളുടെയും ക്ഷണം മാര്‍പാപ്പ സ്വീകരിച്ചതായി വത്തിക്കാന്‍ വ്യക്തമാക്കി.

സെപ്റ്റംബർ 26 വ്യാഴാഴ്ച ലക്സംബർഗിൽ ഇറങ്ങുന്ന പാപ്പ 29 ഞായറാഴ്ച വരെയുള്ള സന്ദര്‍ശനത്തിനിടെ ബെൽജിയൻ നഗരങ്ങളായ ബ്രസ്സൽസ്, ല്യൂവൻ, ല്യൂവൻ ലാ ന്യൂവ് എന്നിവയും സന്ദർശിക്കും. 1425 ൽ സ്ഥാപിതമായ ല്യൂവൻ സർവ്വകലാശാലയുടെ 600-ാം വാർഷികത്തോട് അനുബന്ധിച്ചാണ് മാർപാപ്പ ഈ യാത്ര നടത്തുന്നതെന്നത് ശ്രദ്ധേയമാണ്.
റോമിലേക്ക് മടങ്ങുന്നതിന് മുമ്പ് സെപ്റ്റംബർ 29 ന് ഫ്രാൻസിസ് മാർപാപ്പ ബ്രസൽസിൽ ഞായറാഴ്ച കുർബാനയ്ക്ക് നേതൃത്വം നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബെൽജിയത്തിലെ കത്തോലിക്കാ സഭയുടെ വെബ്സൈറ്റ് വെളിപ്പെടുത്തുന്നു. മാർപാപ്പയുടെ സന്ദർശന പരിപാടികൾ പിന്നീട് പ്രസിദ്ധീകരിക്കും.

അതേ സമയം സെപ്റ്റംബർ രണ്ട് മുതൽ 13 വരെ ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യ, ഈസ്റ്റ് ടിമൂർ, പാപ്പുവ ന്യൂഗിനിയ, സിംഗപ്പുർ എന്നീ നാല് രാജ്യങ്ങൾ സന്ദർശിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. നീണ്ട യാത്രയ്ക്ക് ശേഷം വത്തിക്കാനില്‍ മടങ്ങിയെത്തുന്ന പാപ്പ 13 ദിവസങ്ങൾക്ക് ശേഷമാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വീണ്ടും യാത്ര തിരിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.