റഷ്യ- മ്യാൻമർ വിഷയങ്ങളിൽ ജോ ബൈഡൻ മാറ്റുതെളിയിക്കുമോ ?

റഷ്യ- മ്യാൻമർ  വിഷയങ്ങളിൽ   ജോ ബൈഡൻ മാറ്റുതെളിയിക്കുമോ ?

തികഞ്ഞ ജനാധിപത്യ വാദി എന്നറിയപ്പെടുന്ന ജോ ബൈഡൻ  നേരിടുന്ന  പ്രാഥമിക പരീക്ഷണങ്ങളാണ് മ്യാൻമറിലെ സൈനിക അട്ടിമറിയും റഷ്യയിലെ വിമതർക്കെതിരായ വൻ ആക്രമണവും. ലോക രാജ്യങ്ങൾക്കിടയിൽ അമേരിക്കയുടെ സ്വീകാര്യത ചർച്ചാവിഷയമാകുമ്പോൾ ലോകം ബൈഡന്റെ നടപടികളിലേക്കു ഉറ്റുനോക്കുന്നുന്നു.

മനുഷ്യാവകാശങ്ങൾ, സംസാര സ്വാതന്ത്ര്യം, സ്വതന്ത്ര രാഷ്ട്രീയം എന്നിവയ്ക്കുള്ള യുഎസിന്റെ പിന്തുണ പുനഃസ്ഥാപിക്കുമെന്ന പ്രതിജ്ഞയുമായി അധികാരമേറ്റ പ്രസിഡന്റ് ജോ ബൈഡൻ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന രണ്ട് ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നു. മുൻ പ്രസിഡന്റ് ഇത്തരത്തിലുള്ള പ്രശ്ങ്ങളിൽ നിന്നും അന്തർദേശീയ വേദികളിൽ നിന്നും സൗകര്യ പൂർവ്വം ഒഴിഞ്ഞു നിൽക്കുകയായിരുന്നു പതിവ്.

മ്യാൻമറിലും റഷ്യയിലും ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളായിരുന്നു കലാകാലങ്ങളയായി അമേരിക്ക സ്വീകരിച്ചിരുന്നത് . ഇപ്പോഴത്തെ പ്രശ്നങ്ങൾ ആഗോളതലത്തിലുള്ള സന്തുലിതാവസ്ഥയെ തന്നെ ബാധിച്ചേക്കാവുന്നതാണ് . മ്യാൻമറിലേ സൈനീക അട്ടിമറി,  ചൈനയുടെ കൈകളെ ശക്തിപ്പെടുത്താൻ സാധ്യതയുണ്ട്. ലോക രാജ്യങ്ങൾ എല്ലാം അട്ടിമറിയെ അപലപിച്ചപ്പോൾ ചൈന സൈനീക അട്ടിമറിയെ പരോക്ഷമായി അനുകൂലിച്ചുകൊണ്ട് തന്നെയാണ് നിലപാട് സ്വീകരിച്ചത്.

അമേരിക്കൻ ഐക്യനാടുകളിലെ ആഭ്യന്തര രാഷ്ട്രീയ അനിശ്ചിതത്വവുമായി നേരിട്ട് ബന്ധിപ്പിക്കാനാവുന്ന ഒരു സാഹചര്യവും നിലവിലില്ലെങ്കിലും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലാവധിയുടെ അവസാന മാസങ്ങളിൽ സംഭവിച്ച കാര്യങ്ങൾ അമേരിക്കയ്ക്ക് ആഗോള തലത്തിൽ സ്വീകാര്യത കുറച്ചു എന്ന് കരുതുന്നവരാണ് പല നിരീക്ഷകരും. എന്നാൽ ഇത് അമേരിക്കൻ സ്വാധീനത്തെ ബാധിക്കുമെന്ന നിരീക്ഷണങ്ങൾ ബൈഡൻ അനുകൂലികൾ നിരസിക്കുകയാണുണ്ടായത്.

ഒബാമയുടെ ഭരണകാലത്ത് മ്യാൻമർ ഭാഗികമായി ജനാധിപത്യത്തിലേക്ക് തിരിച്ചുവന്നതിനുശേഷം പിൻ‌വലിച്ച ഉപരോധം തിരികെ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ബൈഡൻ അറിയിച്ചു. ആക്രമണം നേരിടുന്നിടത്തെല്ലാം അമേരിക്ക ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിമിത ജനാധിപത്യവുമായി നടത്തിയ ഹ്രസ്വ പരീക്ഷണത്തിന് ശേഷം മ്യാൻമറിൽ സൈന്യം സർക്കാരിന്റെ നിയന്ത്രണം ഏറ്റെടുത്തുതു വഴി ചൈനയ്ക്ക് തന്റെ അയൽരാജ്യത്തിലേക്ക് കൂടുതൽ സൗകര്യപൂർണ്ണമായ പ്രവേശനം ലഭിക്കുവാൻ അവസരംലഭിച്ചു. ജനാധിപത്യത്തിന് കീഴിൽ പടിഞ്ഞാറൻ രാജ്യങ്ങൾ ചൈനയുടെ സ്വാധീനം കുറയ്ക്കുവാൻ ശ്രമിച്ചത് അവരെ ചൊടിപ്പിച്ചു എന്ന് വ്യക്തം. ജനാധിപത്യത്തിനായുള്ള അമേരിക്കയുടെ പിന്തുണയും സ്വേച്ഛാധിപത്യത്തിനായുള്ള ചൈനീസ് പിന്തുണയും തമ്മിലുള്ള മത്സരമായിരിക്കും ഇനി വരുന്നത് . കുറച്ചുകാലമായി മ്യാൻമറിൽ സംഘർഷങ്ങൾ ഉടലെടുക്കുന്നുണ്ടെങ്കിലും ജനാധിപത്യ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നതിൽ വലിയ തോതിൽ അമേരിക്കയുടെ സഹായം ഉണ്ടായിരുന്നു.

റഷ്യയെ ജനാധിപത്യത്തിലേക്ക് കൊണ്ട് വരുന്നതിൽ അമേരിക്കൻ നയതന്ത്രജ്ഞത വിജയിച്ചു എങ്കിലും പിന്നീട് അത്തരം പരിഷ്കരണങ്ങൾക്ക് ഗതിവേഗം നിയന്ത്രിക്കുവാൻ അമേരിക്കയ്ക്ക് സാധിച്ചില്ല . വ്ലാഡിമിർ പുട്ടിന്റെ നേതൃത്വത്തിലുള്ള റഷ്യക്കാരെ നേരിടുന്നത് അമേരിക്കയ്ക്ക് കൂടുതൽ ബുദ്ധിമുട്ടായിരിക്കും.

റഷ്യയിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇരുമ്പ് മുഷ്ടി ഉപയോഗിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ പിന്തുണച്ചുള്ള പ്രകടനങ്ങൾ ഇല്ലാതാക്കുവാൻ പരിശ്രമിക്കുന്നു. അമേരിക്ക ഇപ്പോൾ തന്നെ റഷ്യക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ കർശനമായ ഉപരോധങ്ങൾ അമേരിക്ക ആസൂത്രണം ചെയ്യുന്നു എന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഒരു ടിവി അഭിമുഖത്തിൽ പറഞ്ഞു.

റഷ്യയ്‌ക്കെതിരായ പുതിയ ഉപരോധങ്ങൾ നവാൽനിയുടെ പ്രക്ഷോഭങ്ങൾ അടിച്ചമർത്തയതിനു മാത്രമല്ല: അമേരിക്കക്കെതിരെ റഷ്യ നടത്തിയ വലിയ സൈബർ ആക്രമണം, പ്രസിഡന്റ് തെരെഞ്ഞെടുപ്പിലെ ഇടപെടൽ അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ട് താലിബാൻ നടത്തുന്ന അക്രമങ്ങൾക്കു റഷ്യ നൽകുന്ന സഹായങ്ങൾ എന്നിവയൊക്കെ അമേരിക്കയെ ചൊടിപ്പിക്കുന്നുണ്ട്.

ലോകാരോഗ്യസംഘടനയിലെ അംഗത്വം, പാരീസ് കരാറിൽ തിരികെ പ്രവേശിക്കുക എന്നിങ്ങനെ ട്രംപിന്റെ നടപടികൾ തിരുത്തുക എന്നത് താരതമ്യേന എളുപ്പമുള്ള നടപടികളായിരുന്നു എങ്കിൽ റഷ്യയും മ്യാൻമറും ബൈഡനു യഥാർത്ഥ പരീക്ഷണ വേദികളായിരിക്കും. ലോകം കാത്തിരിക്കുന്നു അമേരിക്ക വീണ്ടും ലോക പോലീസ് ആകുമോ എന്ന് !


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.