സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ആദ്യമായി റോമിലെത്തിയപ്പോള്‍ ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ, തട്ടില്‍ പിതാവിനെയും പെര്‍മനെന്റ് സിനഡംഗങ്ങളെയും റോമിലെ സീറോ മലബാര്‍ സഭാ വിശ്വാസികളെയും അഭിസംബോധന ചെയ്തു കൊണ്ട് നല്‍കിയ സന്ദേശത്തിന്റെ വിശകലനം. തയ്യാറാക്കിയത് ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ.
ആമുഖം
സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് തിരഞ്ഞെടുക്കപ്പെടുകയും അധികാരമേറ്റെടുക്കുകയും അതുവഴി മാര്‍ത്തോമ്മാശ്ലീഹായുടെ പിന്‍ഗാമിയായി പ്രസ്തുത സഭയുടെ പിതാവും തലവനുമായിത്തീരുകയും ചെയ്തശേഷം അദ്ദേഹം റോമിലെത്തി പത്രോസിന്റെ പിന്‍ഗാമിയായ ഫ്രാന്‍സീസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുകയും തന്റെ അനുസരണവും വിധേയത്വവും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പല കാരണങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ടു.
അതില്‍ ആദ്യത്തേത്, മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ വിമാനത്താവളത്തില്‍ വച്ച് സ്വീകരിക്കുവാനായി പൗരസ്ത്യ കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ക്ലാവുദിയോ ഗുജറോത്തി തന്നെ എത്തിയിരുന്നു എന്നുള്ളതാണ്. കത്തോലിക്കാ സഭയുടെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെ വീണ്ടെടുത്ത സഭാ വിജ്ഞാനീയ (ecclesiology) മനുസരിച്ച് മാര്‍പാപ്പ കഴിഞ്ഞാല്‍, കര്‍ദ്ദിനാള്‍മാര്‍ക്ക് മുകളിലാണ് സ്വയം ഭരണാവകാശമുള്ള പൗരസ്ത്യ കത്തോലിക്കാ സഭകളിലെ പാത്രിയാര്‍ക്കീസുമാരും മേജര്‍ ആര്‍ച്ച് ബിഷപ്പുമാരുമെന്നുള്ള തത്വം വ്യക്തമായി പ്രായോഗികമാക്കപ്പെട്ട ഒരു സന്ദര്‍ഭമായിരുന്നു അത്.
അതുപോലെ തന്നെ റോമന്‍ കൂരിയ പ്രാദേശിക സഭകളെ ഭരിക്കുന്നതിലുപരി മാര്‍പാപ്പയുടെ നാമത്തില്‍ സഹായിക്കുവാനുള്ള സംവിധാനങ്ങളാണെന്നുള്ള ഫ്രാന്‍സീസ് മാര്‍പാപ്പയുടെ തനതായ വീക്ഷണത്തിന്റെ ആവിഷ്‌കാരം കൂടിയായി ആ സംഭവത്തെ നമുക്ക് മനസിലാക്കാനാവും.
ഇതുതന്നെയായിരിക്കണം പൗരസ്ത്യ കാര്യാലയത്തിലെ കൂടിക്കാഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കുമവസാനം മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ നടുക്കിരുത്തി കര്‍ദ്ദിനാള്‍ പരോളിനും കര്‍ദ്ദിനാള്‍ ഗുജറോത്തിയും രണ്ടു വശങ്ങളിലുമായി ഇരുന്നുകൊണ്ടുള്ള ഗ്രൂപ്പ് ഫോട്ടോ എടുക്കല്‍ വഴിയും വത്തിക്കാന്‍ സൂചിപ്പിക്കുവാനാഗ്രഹിച്ചത്.
എന്നാല്‍ വിമാനത്താവളത്തിലെ സ്വീകരണം വഴിയും ഗ്രൂപ്പ് ഫോട്ടോ വഴിയും പറഞ്ഞതിലും പതിന്മടങ്ങ് പ്രാധാന്യമേറിയതായിരുന്നു ഫ്രാന്‍സീസ് മാര്‍പാപ്പ തട്ടില്‍ പിതാവിനെയും പെര്‍മനെന്റ് സിനഡംഗങ്ങളെയും റോമിലെ സീറോ മലബാര്‍ സഭാ വിശ്വാസികളെയും അഭിസംബോധന ചെയ്തുകൊണ്ട് നല്‍കിയ സന്ദേശം. 2024 മെയ് 13-ാം തിയതിയിലെ ആ സന്ദേശം വത്തിക്കാന്റെ വെബ് പേജില്‍ ഇംഗ്ലീഷിലും ഇറ്റാലിയന്‍ ഭാഷയിലും നല്‍കപ്പെട്ടിട്ടുണ്ട്. അദ്ദേഹം നല്‍കിയ സന്ദേശം ഇറ്റാലിയന്‍ ഭാഷയിലുള്ളതാണ്. ഈ സന്ദേശത്തിന്റെ വിശകലനമാണ് ഈ ലേഖനത്തില്‍.
1. സീറോ-മലബാര്‍ സഭയുടെ മാര്‍ത്തോമ്മാ ശ്ലൈഹീക പൈതൃകം
സീറോ മലബാര്‍ വിശ്വാസികള്‍ ഇന്ത്യയില്‍ മാത്രമല്ല അറിയപ്പെടുന്നതെന്നും ലോകം മുഴുവനും ഈ സഭാംഗങ്ങളുടെ വിശ്വാസത്തിന്റെയും ഭക്തിയുടെയും തീക്ഷ്ണത പ്രസിദ്ധമാണ് എന്ന് പറഞ്ഞു കൊണ്ടാണ് മാര്‍പാപ്പ തന്റെ സന്ദേശം ആരംഭിക്കുന്നത് തന്നെ.
'നിങ്ങളുടെ വിശ്വാസത്തിന് പ്രാചീനമായ ഒരുത്ഭവമാണുള്ളത്' എന്ന് പറഞ്ഞു തുടങ്ങുന്ന ഫ്രാന്‍സീസ് മാര്‍പാപ്പ, അത് രൂഢമൂലമായിരിക്കുന്നത് ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിലെത്തിയ സാക്ഷ്യത്തിലാണ് എന്ന് പറഞ്ഞു വയ്ക്കുമ്പോള്‍ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ അപ്പസ്‌തോലിക മിശിഹാനുഭവത്തില്‍ ഭാഗഭാക്കായവരും അതിന്റെ പിന്‍തലമുറക്കാരും അവകാശികളും ഒന്നാം നൂറ്റാണ്ടു മുതല്‍ തുടരുന്ന ഒരു സഭാ സമൂഹത്തിന്റെ തുടര്‍ച്ചയുമാണെന്നുള്ള ചരിത്ര സത്യം ഫ്രാന്‍സീസ് മാര്‍പാപ്പ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയാണ്.
തുടര്‍ന്ന് അദ്ദേഹം സീറോ മലബാര്‍ സഭാംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്നത് ഇങ്ങനെയാണ്: 'അദ്ദേഹത്തിന്റെ ശ്ലൈഹിക പ്രബോധനങ്ങളുടെ സൂക്ഷിപ്പുകാരും അവകാശികളുമാണ് നിങ്ങള്‍.' ഈ വാക്കുകളിലൂടെ സീറോ മലബാര്‍ സഭയുടെ യഥാര്‍ത്ഥ ഔന്നത്യവും ദൗത്യവും സഭാതനയരെ ഓര്‍മ്മിപ്പിക്കുകയാണ് പത്രോസിന്റെ പിന്‍ഗാമിയായ ആ വലിയ ഇടയന്‍.
സീറോ-മലബാര്‍ സഭാംഗങ്ങള്‍ വലിയൊരു പൈതൃകത്തിനവകാശികളാണ്. അവര്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ പ്രേഷിത പ്രവര്‍ത്തനം മൂലം രൂപം കൊണ്ട ഒരു അപ്പസ്‌തോലിക സഭയിലെ അംഗങ്ങളാണ്. അവരുടെ വിശ്വാസത്തിന്റെ പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയും പ്രേക്ഷിത ചൈതന്യവും പൈതൃകമായി കിട്ടിയവരാണ്; ആ പൈതൃകം കൈമോശം വരാതെ കാത്തു സൂക്ഷിക്കേണ്ടവരാണ് എന്നൊക്കെയാണ് മാര്‍പാപ്പ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
മാര്‍പാപ്പയുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഒട്ടും യാദൃശ്ചികമാകാനിടയില്ല. മാര്‍ത്തോമ്മാ ശ്ലീഹായുടെ കേരളത്തിലെ പ്രേഷിത പ്രവര്‍ത്തനത്തെയും മൈലാപ്പൂരിലെ രക്തസാക്ഷിത്വത്തെയും പറ്റിയുള്ള ചരിത്ര രേഖകളും ഇടമുറിയാത്ത പാരമ്പര്യവും ഒന്നാം നൂറ്റാണ്ടു മുതല്‍ ഇന്നുവരെ തുടരുന്ന ഒരു മാര്‍ത്തോമ്മാ നസ്രാണി സമൂഹവും മൈലാപ്പൂരിലെ കബറിടവും അനേകം ചരിത്രകാരന്മാരുടെ സാക്ഷ്യവും ഉണ്ടായിരുന്നിട്ടും അത് ചരിത്രമോ കെട്ടുകഥയോ എന്ന് സംശയം ഉന്നയിച്ച സീറോ-മലബാര്‍ സഭയിലെ ഒരു വിമത പ്രമുഖനുള്ള ഫ്രാന്‍സീസ് മാര്‍പാപ്പയുടെ വ്യക്തമായ മറുപടിയും ഏറ്റവും ആധികാരികമായ തീര്‍പ്പു കല്‍പ്പിക്കലും തന്നെയായി വേണം മാര്‍പാപ്പയുടെ ഈ വാക്കുകളെ കത്തോലിക്കാ സഭ തന്നെ മനസിലാക്കേണ്ടത്.
2. സീറോ മലബാര്‍ സഭയുടെ വിശ്വാസത്തെ പ്രതിയുള്ള സഹനങ്ങള്‍
തുടര്‍ന്ന് മാര്‍പാപ്പ സഭാതനയരെ ഓര്‍മ്മിപ്പിക്കുന്നത് സീറോ മലബാര്‍ സഭയുടെ ചരിത്ര യാത്രയില്‍ നേരിടേണ്ടി വന്നിട്ടുള്ള വെല്ലുവിളികളെപ്പറ്റിയാണ്. ആ ചരിത്ര യാത്രയെ ദീര്‍ഘവും ദുര്‍ഘടവുമെന്ന് വിശേഷിപ്പിക്കുന്ന മാര്‍പാപ്പ, അതിനോടു ചേര്‍ത്ത് വിശദീകരിക്കുന്നത് ഈ വെല്ലുവിളികളില്‍ ചിലത് വിശ്വാസ സമൂഹത്തിലെ അംഗങ്ങള്‍ തന്നെ വരുത്തിവച്ചതാണെന്നും അവരുടെ അജ്ഞത മൂലവും വളര്‍ന്ന് പുഷ്പാലംകൃതയായ ഈ സഭയുടെ പ്രത്യേകതകളെ മനസിലാക്കുവാനുള്ള അവരുടെ പരാജയവുമാണ് അതിന്റെ കാരണമെന്നുമാണ്.
ഇവിടെ പരിശുദ്ധ പിതാവ് സൂചിപ്പിക്കുന്നത് 1599 ലെ ഉദയംപേരൂര്‍ സൂനഹദോസിലൂടെയുള്ള പാശ്ചാത്യ അധിനിവേശവും നിയമ വിരുദ്ധമായ ലത്തീനീകരണവും തല്‍ഫലമായുണ്ടായ പിളര്‍പ്പുകളും ശിഥിലീകരണവും തന്നെ. പാശ്ചാത്യ മിഷനറിമാരുടെ ദുര്‍നടപടികളുടെ പശ്ചാത്തലത്തിലും മാര്‍പാപ്പയോടുള്ള സ്‌നേഹവും വിധേയത്വവും മൂലം എല്ലാം സഹിച്ച് കത്തോലിക്കാ സഭയില്‍ നിന്ന് ഒരിക്കലും വിട്ടുപോകാതിരുന്ന സീറോ മലബാര്‍ സഭയെ ശ്ലാഘിക്കുകയാണ് മാര്‍പാപ്പ.
പ്രതിസന്ധികളിലും പീഡനങ്ങളിലും പത്രോസിന്റെ പിന്‍ഗാമിയോട് എന്നാളും ചേര്‍ന്നു നിന്ന സീറോ മലബാര്‍ സഭയെപ്പറ്റി മാര്‍പാപ്പ പറയുന്നത് ഇങ്ങനെയാണ്: 'എങ്കിലും നിങ്ങള്‍ പത്രോസിന്റെ പിന്‍ഗാമിയോട് വിശ്വസ്തരായി നില നിന്നു' (Yet, you have remained faithful to the successor of Peter). ഇവിടെ മാര്‍പാപ്പ വ്യക്തമായി ഖണ്ഡിക്കുന്നത് ഉദയംപേരൂര്‍ സൂനഹദോസിലൂടെയാണ് അകത്തോലിക്കരായിരുന്ന, അഥവാ നെസ്‌തോറിയന്‍ സഭാംഗങ്ങളായിരുന്ന മാര്‍ത്തോമ്മാ നസ്രാണികളെ കത്തോലിക്കാ സഭയില്‍ ചേര്‍ത്തതെന്ന വാദമാണ്.
ആ വാദത്തിന്റെ പൊള്ളത്തരം മനസിലാക്കുന്നതിന് വെറും ഒരു ചോദ്യം ചോദിച്ചാല്‍ മാത്രം മതിയാകും. അതായത്, ഗോവ മെത്രാപ്പോലീത്ത മാര്‍ത്തോമ്മാ നസ്രാണികളോട് സൂനഹദോസില്‍ പങ്കെടുക്കുവാന്‍ കല്‍പ്പിച്ചത് അനുസരിക്കാത്തവരെ മഹറോന്‍ ശിക്ഷകൊണ്ട് ശിക്ഷിക്കുമെന്നുള്ള ഭീഷണിയുടെ പുറത്താണ്. ഒരു കത്തോലിക്കാ മെത്രാന് എന്നാണ് അകത്തോലിക്കരായ വൈദികര്‍ക്കും അല്‍മായര്‍ക്കുമെതിരായി മഹറോന്‍ ശിക്ഷയുടെ ഭീഷണി മുഴക്കി അവരെ ഒരു കത്തോലിക്കാ സൂനഹദോസില്‍ പങ്കെടുക്കുവാന്‍ കല്‍പ്പിക്കുവാനാവുക?
അവര്‍ കത്തോലിക്കരാണെന്നുള്ള ഉത്തമ ബോധ്യം ഗോവ ആര്‍ച്ച് ബിഷപ്പിനും അതുപോലെ തന്നെ തങ്ങള്‍ കത്തോലിക്കരായതിനാല്‍ മാര്‍പാപ്പയുടെ പ്രതിനിധിയായ ഗോവ ആര്‍ച്ച് ബിഷപ്പിനെ അനുസരിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു എന്ന അവബോധമാണ് മാര്‍ത്തോമ്മാ നസ്രാണികളെ ആ സൂനഹദോസില്‍ പങ്കെടുക്കുവാനും നിര്‍ബന്ധിതമാക്കിയതെന്നും ഇതില്‍നിന്നു തന്നെ വ്യക്തം.
ഒരിക്കലും കത്തോലിക്കാസഭയുമായിട്ടുള്ള കൂട്ടായ്മയില്‍ നിന്ന് അകന്നു പോകാത്തതിനാല്‍ തനിക്ക് സീറോ മലബാര്‍ സഭാംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനും 'നിങ്ങള്‍ സ്വീകരിച്ചതും മുന്നോട്ടുകൊണ്ടു പോകുന്നതുമായ നിങ്ങളുടെ മഹത്വമുള്ള പാരമ്പര്യത്തില്‍ (glorious legacy) നിങ്ങളെ ഉറപ്പിക്കുന്നതിനും സന്തോഷമുണ്ട്' എന്നാണ് ഫ്രാന്‍സീസ് മാര്‍പാപ്പ തുടര്‍ന്ന് വ്യക്തമാക്കുന്നത്.
3. അനുസരണമുള്ളിടത്തെ സഭയുള്ളൂ; അനുസരണമില്ലെങ്കില്‍ ശീശ്മ
സീറോ മലബാര്‍ സഭയുടെ അനുസരണത്തെപ്പറ്റിയാണ് മാര്‍പാപ്പ തുടര്‍ന്ന് പറയുന്നത്. അതിങ്ങനെയാണ്: 'നിങ്ങള്‍ അനുസരണമുള്ളവരാണ്. അനുസരണമുള്ളിടത്തെ സഭയുള്ളൂ. എവിടെ അനുസരണക്കേടുണ്ടോ, അവിടെ ശീശ്മയുണ്ട്. നിങ്ങള്‍ അനുസരണമുള്ളവരാണ്. ഇതാണ് നിങ്ങളുടെ മഹത്വപൂര്‍ണമായ വിശേഷണം.
അനുസരണം. ഇത് സഹനമില്ലാത്തതല്ല എന്നെനിക്കറിയാം; പക്ഷേ, നിങ്ങള്‍ മുന്നേറാന്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു' (You are obedient, and where obedience is present, there is the Church. Where there is disobedience, there is schism. You are obedient; this is one of your glorious attributes: obedience. I know this is not without suffering, but continue to press forward).
സീറോ മലബാര്‍ സഭയുടെ അനുസരണത്തിന്റെ ചരിത്രം ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം തന്നെ, മാര്‍പാപ്പയെ അനുസരിക്കാത്തവര്‍ സഭയ്ക്കകത്തല്ല, പ്രത്യുത ശീശ്മയിലാണ്, സഭയ്ക്ക് പുറത്താണ് എന്ന് അര്‍ത്ഥശങ്കക്കിടമില്ലാത്തരീതിയില്‍ വ്യക്തമാക്കുകയാണ് മാര്‍പാപ്പായിവിടെ.
4. പൗരസ്ത്യ പാരമ്പര്യങ്ങള്‍ കത്തോലിക്കാ സഭയുടെ വിലയേറിയ നിധികള്‍
അനുസരണത്തെപ്പറ്റി ഓര്‍മ്മിപ്പിച്ചശേഷം തുടര്‍ന്ന് മാര്‍പാപ്പ സീറോ മലബാര്‍ സഭയുടെ ചരിത്രത്തെപ്പറ്റി പരാമര്‍ശിക്കുന്നതോടൊപ്പം തന്നെ അതൊരു പൗരസ്ത്യസഭയാണെന്ന് സൂചിപ്പിക്കുകയും പൗരസ്ത്യ പാരമ്പര്യങ്ങള്‍ സഭയുടെ അമൂല്യ സമ്പത്താണെന്നുകൂടി അനുസ്മരിക്കുന്നതിങ്ങനെയാണ്: 'നിങ്ങളുടെ ചരിത്രം അതുല്യവും അമൂല്യവുമാണ്. അതുപോലെ, അത് ദൈവത്തിന്റെ മുഴുവന്‍ വിശുദ്ധ ജനത്തിനുമായുള്ള വിശിഷ്ടമായ പൈതൃകവുമാണ്.
പൗരസ്ത്യ പാരമ്പര്യങ്ങള്‍ സഭയിലെ ഒഴിച്ചുകൂടാനാവാത്ത നിധികളാണെന്ന് നിങ്ങളെ ഓര്‍മ്മിപ്പിക്കുവാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. നമ്മെ ചരിത്രവുമായി ബന്ധിപ്പിക്കുന്ന വേരുകളെ വേര്‍പെടുത്തുകയും എല്ലാറ്റിനെയും അവയുടെ പ്രയോജനത്തിന്റെയും അടുപ്പത്തിന്റെയും പേരില്‍ വിലയിരുത്തുന്ന നമ്മുടെ ഈ കാലഘട്ടത്തില്‍ ഇക്കാര്യം ഓര്‍ക്കുന്നത് പ്രത്യേകിച്ചും പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
ദൗര്‍ഭാഗ്യവശാല്‍ മതപരമായ മനോഭാവങ്ങളിലും ഇത് ബാധിക്കാം. ഈ പശ്ചാത്തലത്തില്‍, പൗരസ്ത്യ സഭകള്‍ തങ്ങളുടെ പുരാതനവും എപ്പോഴും നവീനവുമായ ആധ്യാത്മിക ഉറവിടങ്ങളില്‍ നിന്ന് കോരിയെടുക്കുവാന്‍ അനുവദിക്കുന്നു (The Christian Orient allows us to draw from ancient and ever new sources of spirituality). അവ സഭയിലേക്ക് ചൈതന്യം പകരുന്ന പുതു ഉറവകള്‍ ആയിത്തീരുന്നു' (these become fresh springs that bring vitality to the Church).
5. സ്വന്തം സഭയോടുള്ള ബന്ധം പരിപോഷിപ്പിക്കുക
തുടര്‍ന്ന് മാര്‍പാപ്പ സീറോ മലബാര്‍ സഭാ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നത് സ്വയംഭരണാവകാശമുള്ള സഭയെ (Church sui iuris) സ്വന്തമെന്ന് കരുതി ആ ബന്ധം പരിപോഷിപ്പിക്കുവാനും അതുവഴി ആ സഭയുടെ ആരാധനക്രമ, ദൈവശാസ്ത്ര, ആധ്യാത്മിക, സാംസ്‌കാരിക പൈതൃകം കൂടുതല്‍ തെളിമയോടെ പ്രശോഭിക്കുവാന്‍ ഇടവരുത്തുവാനുമാണ്. മാര്‍പാപ്പ കൂട്ടിച്ചേര്‍ക്കുന്നു: 'ഞാന്‍ നിങ്ങളുടെ സഭാതലവനോട് പശ്ചിമേഷ്യ (ഗള്‍ഫ്) യിലെ കുടിയേറ്റക്കാരായ സഭാംഗങ്ങളുടെ മേലുള്ള ഭരണാധികാരത്തിനായി അപേക്ഷിക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
6. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരം
സീറോ മലബാര്‍ സഭയുടെ 2024 ലെ സ്ഥിതി വിവരക്കണക്കനുസരിച്ച് സീറോ മലബാര്‍ സഭയിലെ വിശ്വാസികളുടെ അംഗസംഖ്യ 50,89,812 ആണ്. അവരില്‍ 43,96,472 പേര്‍ സീറോ മലബാര്‍ സഭയിലെ 35 രൂപതകളിലാണ് ജീവിക്കുന്നത്. ബാക്കിയുള്ള ഏഴ് ലക്ഷം വിശ്വാസികളില്‍ 5,70,035 പേര്‍ ജീവിക്കുന്നത് പശ്ചിമേഷ്യയെന്നും ഗള്‍ഫ് രാജ്യങ്ങളെന്നും Middle East എന്ന് പാശ്ചാത്യരും വിളിക്കുന്ന നാടുകളിലാണ്.
സീറോ മലബാര്‍ സഭാ തനയരായ അഞ്ചുലക്ഷത്തില്‍പ്പരം ആള്‍ക്കാര്‍ ഗള്‍ഫ് മേഖലയില്‍ ഉണ്ടായിരുന്നിട്ടും അവര്‍ക്കുള്ള അജപാലന ശുശ്രൂഷ നല്‍കുന്നതിനുള്ള അധികാരം ഇതുവരെ സീറോ മലബാര്‍ സഭയ്ക്കുണ്ടായിരുന്നില്ല. ദീര്‍ഘകാലമായുള്ള സീറോ മലബാര്‍ സഭയുടെ ആവശ്യമായിരുന്നു ഈ അജപാലനാധികാരം. ഫ്രാന്‍സീസ് മാര്‍പാപ്പയുടെ സന്ദേശത്തില്‍ വ്യക്തമാക്കുന്നത് ഇനിയും അതിനായുള്ള ഔദ്യോഗികമായ അപേക്ഷ രേഖാമൂലം സമര്‍പ്പിക്കേണ്ടത്, നൈയാമികമായി ആവശ്യമുണ്ടെങ്കിലും വാക്കാലെ, അപ്പോള്‍ മുതല്‍ ആ അധികാരാവകാശങ്ങള്‍ സീറോ-മലബാര്‍ സഭയ്ക്ക് മാര്‍പാപ്പ നല്‍കിയിരിക്കുന്നു എന്നതാണ്.
അജപാലനാധികാരം 2024 മെയ് പതിമൂന്നാം തീയതി തന്നെ കിട്ടിയിരിക്കുന്നതായി കണ്ട് അത് ഉപയോഗിക്കാമെന്നുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം തീര്‍ച്ചയായും സീറോ മലബാര്‍ സഭയ്ക്ക് ആഹ്ലാദം നല്‍കുന്നതാണ്; ഒരു സ്വപ്ന സാക്ഷാത്കാരവുമാണ്. എന്നാല്‍ ഇതൊരു അവകാശവും അധികാരവുമെന്നതിലുപരി ഒരു സേവന ദൗത്യമായാണ് സഭാധികാരികളും സഭാ സമൂഹങ്ങളും കാണേണ്ടത്. കത്തോലിക്കാസഭ പല സ്വയം ഭരണാധികാര സഭകളുടെ കൂട്ടായ്മയാണ്. എല്ലാ സഭകളും അധികാരത്തിലും ഔന്നത്യത്തിലും തുല്യവുമാണ്.
ഓരോ സഭയും തനത് സഭയുടെ ആരാധനക്രമത്തോടും ദൈവശാസ്ത്രത്തോടും ആധ്യാത്മികതയോടും കാനന്‍ നിയമത്തോടും വിശ്വസ്തത പാലിച്ചുകൊണ്ടായിരിക്കണം തങ്ങളുടെ സഭാ തനയരുടെയിടയില്‍ അജപാലന ശുശ്രൂഷ നിര്‍വഹിക്കേണ്ടത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഗള്‍ഫ് രാജ്യങ്ങളിലുള്ള സീറോ മലബാര്‍ സഭാ വിശ്വാസികളുടെ ഇടയിലേക്ക് അജപാലകരായി അയക്കപ്പെടുന്നവര്‍ക്ക് തങ്ങളുടെ ദൗത്യത്തിന്റെ പ്രത്യേകതകളെപ്പറ്റി അവബോധമുണ്ടായിരിക്കണം.
അല്ലാതെ ലത്തീന്‍ സഭയെ അനുകരിച്ച് സീറോ മലബാര്‍ പൈതൃകത്തെ അവഗണിച്ച് സങ്കരശുശ്രൂഷ നിര്‍വഹിച്ച് ധന സമാഹരണ മാര്‍ഗമായി ഈ അനുവാദത്തെ ദുരുപയോഗിക്കുവാന്‍ ഇടയാകാതെ നോക്കുവാന്‍ സീറോ മലബാര്‍ സഭാ നേതൃത്വത്തിന് കടമയുണ്ട്.
7. ഞാന്‍ നിങ്ങളെ സഹായിക്കുവാനാണാഗ്രഹിക്കുന്നത്; മറികടക്കാനല്ല
ഗള്‍ഫ് നാടുകളിലെ അജപാലനാധികാരം നല്‍കിയ ശേഷം തുടര്‍ന്ന് മാര്‍പാപ്പ പറയുന്നത് തന്റെ ദൗത്യത്തെയും പരിശ്രമങ്ങളെയും പറ്റിയാണ്. അദ്ദേഹത്തിന്റെ ശ്രമങ്ങളൊക്കെയും സീറോ മലബാര്‍ സഭയെ സഹായിക്കുവാന്‍ മാത്രമാണ്. അല്ലാതെ സീറോ മലബാര്‍ സഭയുടെ സ്വയംഭരണാധികാരം കവര്‍ന്നെടുക്കുവാനോ 1599 ലെ ഉദയംപേരൂര്‍ സൂനഹദോസില്‍ സംഭവിച്ചതു പോലെ ഒരു രണ്ടാം പാശ്ചാത്യാധിനിവേശ ശ്രമമോ അല്ല എന്നതാണ്:
'I wish to help you, not supercede you.' സീറോ മലബാര്‍ സഭ, സഭയ്ക്കുള്ളിലെ പ്രശ്‌ന പരിഹാരത്തിനുള്ള എല്ലാ അധികാരാവകാശങ്ങളുമുള്ള ഒരു സ്വയം ഭരണാധികാര സഭയാണെന്നും അതിനാല്‍ ആ സഭയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുവാന്‍ മാര്‍പാപ്പയുടെയോ പരിശുദ്ധ സിംഹാസനത്തിന്റെയോ സഹായം തേടേണ്ട കാര്യം പോലുമില്ലായെന്നും പൗരസ്ത്യ കാനോന സംഹിതയില്‍ പ്രശ്‌ന പരിഹാരത്തിനുള്ള എല്ലാ നൈയാമിക നടപടിക്രമങ്ങളും അടങ്ങിയിട്ടുണ്ടെന്നും പരിശുദ്ധ മാര്‍പാപ്പ വ്യക്തമാക്കുകയാണിവിടെ.
കത്തോലിക്കാസഭ എന്നും അംഗീകരിച്ചിരിക്കുന്ന നിയമ തത്വങ്ങളിലൊന്നാണ് the principle of subsidiarity. അതിന്റെ അര്‍ത്ഥം, താഴ്ന്ന തലത്തിലുള്ള ഒരധികാരിക്ക് ചെയ്യുവാന്‍ നിയമപരമായി അധികാരമുള്ള ഒരു കാര്യത്തില്‍ ഉന്നതാധികാരി അനാവശ്യമായി ഇടപെടേണ്ടതില്ല എന്നതാണ്. നിയമപരമായി ഇടപെടാന്‍ അവകാശവും അധികാരവും ഇല്ലെന്നല്ല; മറിച്ച് അങ്ങനെ ചെയ്യാതിരിക്കുന്നതാണ് ഉചിതം എന്നതാണ്. ഈ തത്വംകൂടി വ്യംഗ്യപ്പിക്കുകയാണ് മാര്‍പാപ്പ ഇവിടെ.
അതുപോലെ തന്നെ നിയമ വ്യാഖ്യാന സംബന്ധിയായ തത്വങ്ങളില്‍ (Hermeneutical Principles) പ്രധാനപ്പെട്ട ഒന്നാണ്് Regulae Iuris എന്ന ബോനിഫാസ് എട്ടാമന്‍ മാര്‍പാപ്പയുടെ നിയമ തത്വങ്ങള്‍. അതിലൊന്നാണ് ആര്‍ക്ക് അധികാരമുണ്ടോ അയാള്‍ക്ക് ഉത്തരവാദിത്വവുമുണ്ട് എന്നത്. അധികാരം പേറുന്നയാള്‍ തന്റെ കടമകള്‍ നിര്‍വഹിച്ചില്ലെങ്കില്‍ അയാളെ കുറ്റകരമായ അനാസ്ഥക്ക് ശിക്ഷിക്കുവാന്‍ വരെ കാനന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട് (cf. CCEO c.1462 §2).
അധികാര കസേരയോട് താല്‍പര്യം എന്നാല്‍ അധികാരത്തിന്റെ ഉത്തരവാദിത്ത നിര്‍വഹണം മാര്‍പാപ്പയെ ഏല്‍പ്പിച്ചേക്കാമെന്നുള്ള ചില അധികാരികളുടെ വ്യാമോഹത്തിന് തടയിടുകയും കൂടിയാണ് മാര്‍പാപ്പ ഇവിടെ. നിങ്ങള്‍ നിങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന അധികാര ശുശ്രൂഷയുടെ ഭാഗമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുക. നിങ്ങളെ സഹായിക്കുവാന്‍ ഞാനും എന്റെ കൂരിയായും സദാ സന്നദ്ധരാണ് എന്ന സന്ദേശമാണ് മാര്‍പാപ്പ ഇവിടെ നല്‍കിയിരിക്കുന്നത്.
അദ്ദേഹം ഇങ്ങനെ വ്യക്തമാക്കുന്നു: 'ഒരു സ്വയം ഭരണാധികാര സഭയെന്ന സ്വഭാവം, നിങ്ങള്‍ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളെയും വെല്ലുവിളികളെയും ശ്രദ്ധാപൂര്‍വം പരിശോധിക്കുന്നതിന് മാത്രമല്ല, പ്രത്യുത, അവയെ പരിഹരിക്കുവാനുതകുന്ന നടപടികള്‍ സ്വീകരിക്കുവാനുള്ള ഉത്തരവാദിത്വവും സുവിശേഷ ധീരതയും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും സിനഡിന്റെയും മാര്‍ഗ നിര്‍ദ്ദേശങ്ങളോട് വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് നിങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഇതാണ് സഭ ആഗ്രഹിക്കുന്നത്. കാരണം, പത്രോസിനെക്കൂടാതെ, മേജര്‍ ആര്‍ച്ച് ബിഷപ്പിനെക്കൂടാതെ സഭയില്ല.'
ഞങ്ങള്‍ കത്തോലിക്കാ സഭയില്‍ തന്നെ തുടരും. എന്നാല്‍ ഞങ്ങള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനെയോ, സിനഡിനെയോ അനുസരിക്കുകയില്ല എന്നുപറയുന്ന വിമതര്‍ക്കുള്ള വ്യക്തമായ മറുപടിയാണ് ഫ്രാന്‍സീസ് മാര്‍പാപ്പ ഇവിടെ നല്‍കിയിരിക്കുന്നത്. മാര്‍പാപ്പയുടെ നേരിട്ടുള്ള കീഴില്‍ വരുന്ന ഒരു മെട്രോപൊളിറ്റന്‍ സ്വതന്ത്ര സഭ എന്നത് ഒരു ഉട്ടോപ്യന്‍ ദിവാസ്വപ്നം മാത്രമാണെന്ന് പരിശുദ്ധ പിതാവ് വ്യക്തമാക്കുകയാണിവിടെ.
8. ഈ സന്ദേശം മാര്‍പാപ്പയുടെ മുന്‍ സന്ദേശങ്ങളുടെ തുടര്‍ച്ച
ഫ്രാന്‍സീസ് മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ വ്യക്തമാക്കുന്ന മറ്റൊരു വസ്തുത തന്റെ ഈ സന്ദേശം താന്‍ നേരത്തെ സീറോ മലബാര്‍ സഭക്ക് പൊതുവായും എറണാകുളം-അങ്കമാലി അതിരൂപതക്ക് പ്രത്യേകമായും നല്‍കിയ സന്ദേശങ്ങളുടെ തുടര്‍ച്ചയാണ് എന്നതാണ്. ഇവിടെ പരാമര്‍ശ വിഷയമായ സന്ദേശങ്ങള്‍ 2021 ജൂലൈ മൂന്നിന് ഫ്രാന്‍സീസ് മാര്‍പാപ്പ സീറോ മലബാര്‍ സഭക്ക് മുഴുവനായും അയച്ച, എല്ലാവരും പുതുതായി അംഗീകരിച്ച സീറോ മലബാര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി നടപ്പില്‍ വരുത്തണമെന്നുള്ള കത്ത്, മാര്‍പാപ്പ 2022 മാര്‍ച്ച് 25 ന് എറണാകുളം-അങ്കമാലി അതിരൂപതക്ക് ആ വര്‍ഷം ഈസ്റ്ററോടു കൂടി എങ്കിലും പുതിയ കുര്‍ബാനയര്‍പ്പണര ീതി നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന കത്ത്, 2023 ഡിസംബര്‍ ഏഴിലെ മാര്‍പാപ്പയുടെ എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങള്‍ക്കായുള്ള വീഡിയോ സന്ദേശം എന്നിവയാണ്.
വീഡിയോ സന്ദേശത്തില്‍ അദ്ദേഹം അസന്നിഗ്ദ്ധമായി വ്യക്തമാക്കിയ ഒരു കാര്യം മാര്‍പാപ്പയെയും മേജര്‍ ആര്‍ച്ച് ബിഷപ്പിനെയും സിനഡിനെയും അനുസരിക്കാത്തവര്‍ കത്തോലിക്കാ സഭയുടെ കൂട്ടായ്മയ്ക്ക് വെളിയിലാണെന്നും അവര്‍ വെറും ഒരു സെക്ട് മാത്രമാണെന്നും അവര്‍ കത്തോലിക്കരല്ലാതായിരിക്കുന്നുമെന്നുമാണ്. കഴിഞ്ഞ കാലങ്ങളിലെ ഈ മൂന്ന് സന്ദേശങ്ങളിലും നിര്‍ദ്ദേശങ്ങളിലും വ്യക്തമാക്കിയിരിക്കുന്ന ഒന്നും താന്‍ റദ്ദ് ചെയ്യുന്നില്ലെന്നും അത് താന്‍ ആവര്‍ത്തിച്ചുറപ്പിക്കുകയാണ് ചെയ്യുന്നതെന്നുമാണ് ഫ്രാന്‍സീസ് മാര്‍പാപ്പ ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്.
ഇക്കാര്യത്തെപ്പറ്റി ഫ്രാന്‍സീസ് മാര്‍പാപ്പയുടെ സന്ദേശം ഇപ്രകാരം വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു: 'ഈ ലക്ഷ്യം മുന്‍നിര്‍ത്തി വിശ്വാസികള്‍ക്ക് ഞാന്‍ അടുത്ത കാലത്ത് കത്തുകളും ഒരു വീഡിയോ സന്ദേശവും ഒരു വിശദാംശത്തില്‍ മര്‍ക്കട മുഷ്ടിയോടെ മുറുകെപ്പിടിച്ചു കൊണ്ട് സഭയുടെ നന്മക്ക് ആഘാതമേല്‍പ്പിക്കുന്ന അപകടകരമായ പ്രലോഭനങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കിക്കൊണ്ട് അയച്ചിരുന്നു.
തന്നെത്തന്നെയല്ലാതെ മറ്റാരെയും ശ്രവിക്കാന്‍ കൂട്ടാക്കാത്ത താന്‍ പ്രമാണിത്തത്തില്‍ നിന്നാണ് ഈ പ്രലോഭനം ഉടലെടുക്കുന്നത്. തന്നെത്തന്നെ ആധികാരികമായി കണക്കിലാക്കുന്ന ഈ സ്വഭാവത്തെ സ്പാനിഷ് ഭാഷയില്‍ ഞങ്ങള്‍ വിളിക്കുന്നത് 'ഞാന്‍, എന്റെ, എനിക്ക്, എന്നോടുകൂടെ, ഞാന്‍ വഴി' എന്നാണ്.
ഇവിടെയാണ് പിശാച്, വിഭജിക്കുന്നവന്‍, യഥാര്‍ത്ഥത്തിലുള്ളത്, നുഴഞ്ഞുകയറുകയും കര്‍ത്താവിന്റെ മരണത്തിന് മുമ്പ് പ്രകടിപ്പിച്ച ഏറ്റവും ഹൃദയംഗമമായ 'നാമെല്ലാവരും, അതായത് അവിടുത്തെ ശിഷ്യരെല്ലാവരും വിഭജനമില്ലാതെ, കൂട്ടായ്മയെ നശിപ്പിക്കാതെ ഒന്നായിരിക്കണമെന്നുള്ള ആഗ്രഹത്തെ, നശിപ്പിക്കുന്നത്. ഇക്കാരണത്താല്‍ ഐക്യം സംരക്ഷിക്കേണ്ടത് വെറുമൊരു ഭക്തോപദേശമല്ല, പ്രത്യുത ഒരു ദൗത്യമാണ്; പ്രത്യേകിച്ചും അത് അനുസരണം വാഗ്ദാനം ചെയ്യുകയും അതുപോലെ തന്നെ, സ്‌നേഹത്തിന്റെയും വിനയത്തിന്റെയും മാതൃകകളാകുവാന്‍ വിശ്വാസികള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്ന വൈദികരുടെ കാര്യത്തില്‍.'
ഇത്രയും പറഞ്ഞ ശേഷം ഫ്രാന്‍സീസ് മാര്‍പാപ്പ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞതിങ്ങനെയാണ്: 'അഭിവന്ദ്യ പിതാവേ (Your Beatitude), നമുക്ക് നിശ്ചയദാര്‍ഢ്യത്തോടുകൂടി അക്ഷീണം കൂട്ടായ്മയെ സംരക്ഷിക്കുവാന്‍ അധ്വാനിക്കാം.
അങ്ങനെ ലൗകികതയാല്‍ പ്രലോഭിക്കപ്പെട്ട, അതുമൂലം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ വിഭാഗീയതയിലേക്ക് വഴുതി വീണ, നമ്മുടെ സഹോദരീ സഹോദരന്മാര്‍ അവര്‍ അവരെ സ്‌നേഹിക്കുന്ന ഒരു വലിയ കുടുംബത്തിന്റെ ഭാഗമാണെന്നും അവരുടെ തിരിച്ചു വരവിനായി പ്രതീക്ഷിക്കുന്നുവെന്നും തിരിച്ചറിയുവാന്‍, ധൂര്‍ത്തപുത്രന്റെ ഉപമയിലെ പിതാവിനെപ്പോലെ നമുക്ക് നമ്മുടെ വാതിലുകളും ഹൃദയങ്ങളും തുറന്നിടാം. അങ്ങനെ, അവര്‍ മനസ്തപിച്ച് കഴിയുമ്പോള്‍ തിരിച്ചുകയറുവാന്‍ അവര്‍ അധികം ബുദ്ധിമുട്ട് നേരിടാതിരിക്കുവാന്‍ (cf. Evangelii Gaudium, 46): നമ്മള്‍ അവരെ കാത്തിരിക്കുന്നു.'
മുകളിലുദ്ധരിച്ച മാര്‍പാപ്പയുടെ സന്ദേശം വളരെയധികം ശ്രദ്ധാര്‍ഹമാണ്. കാരണം, തന്നെ അനുസരിക്കാത്ത വിമതര്‍, ധൂര്‍ത്ത പുത്രനെപ്പോലെ പന്നിക്കുഴിയിലാണ്, പിതൃഭവനത്തിന് പുറത്താണ്, അവര്‍ കത്തോലിക്കാസഭയുടെ കൂട്ടായ്മയിലല്ല എന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. തുടര്‍ന്ന് മാര്‍പാപ്പ കൂട്ടായ്മയ്ക്കായി ഒന്നിച്ചുള്ള ചര്‍ച്ചകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമുള്ള ആഹ്വാനമാണ് സഭാതനയര്‍ക്ക് നല്‍കുന്നത്.
എന്നാല്‍ ഈ ചര്‍ച്ച സഭയില്‍ നിന്ന് അനുസരണക്കേട് കാണിച്ച് ശീശ്മയില്‍ നിപതിച്ച് സഭയ്ക്ക് പുറത്തുപോയവരോടുള്ള ചര്‍ച്ചയല്ല; പ്രത്യുത, മനസ്തപിച്ച് തിരിച്ചുവന്ന് സഭാ സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരോടുള്ള ചര്‍ച്ചയാണ് എന്നുമാത്രം. സിനഡ് എടുത്ത് മാര്‍പാപ്പ അംഗീകരിച്ചെടുത്ത തീരുമാനങ്ങള്‍ മാറ്റുവാനുള്ള ചര്‍ച്ചയോ മനസ്തപിക്കാതെ ശീശ്മയില്‍ നില്‍ക്കുന്നവരോടുള്ള ചര്‍ച്ചയോ അല്ല ഇവിടെ വിവക്ഷിക്കുന്നത്.
മാര്‍പാപ്പയുടെ പ്രതിനിധി മാര്‍ സിറില്‍ വാസില്‍ പിതാവ് അവരുമായി ആവശ്യത്തിന് ചര്‍ച്ച ചെയ്തു കഴിഞ്ഞതാണ്. ജനാഭിമുഖ കുര്‍ബാന എന്ന അവരുടെ ആവശ്യവും ലിറ്റര്‍ജിക്കല്‍ വേരിയന്റ് എന്ന ആവശ്യവുമെല്ലാം പരിശുദ്ധ സിംഹാസനം രേഖാമൂലം തള്ളിക്കളഞ്ഞതുമാണ്.
ഉപസംഹാരം
സ്ഥല സമയ പരിധി കഴിഞ്ഞതുകൊണ്ട് മാര്‍പാപ്പയുടെ സന്ദേശത്തിന്റെ തുടര്‍ ഭാഗത്തിന്റെ വിശകലനത്തിലേക്ക് കടക്കുവാന്‍ ഈ ലേഖകന് ഇപ്പോള്‍ സാധ്യമല്ല. എങ്കിലും, നടത്തിയ അവലോകനത്തിന്റെ വെളിച്ചത്തില്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നു:
പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പാപ്പയുടെ 2024 മെയ് 13-ാം തീയതിയിലെ സന്ദേശത്തില്‍ നിന്ന് വളരെ വ്യക്തമാണ് സീറോ മലബാര്‍ സഭയുടെ ചരിത്രവും മേന്മകളും കുറവുകളുമെല്ലാം അദ്ദേഹത്തിന് വളരെ വ്യക്തമാണെന്നത്. ഈ സഭയെപ്പറ്റി ആഴമായ അറിവും ബഹുമാനവും അദ്ദേഹത്തിനുണ്ട്. സീറോ മലബാര്‍ സഭയുടെ ന്യായമായ അവകാശങ്ങള്‍ സാധിച്ചു തരുന്നതിന് അദ്ദേഹം എപ്പോഴും ഒരുക്കമാണ്.
എന്നാല്‍ അനുസരണയില്ലാത്തവരോട് അവര്‍ മനസ്തപിച്ച് തിരിച്ചുവരുന്നതു വരെ യാതൊരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം സന്നദ്ധനുമല്ല. എന്നാല്‍, തെറ്റ് ചെയ്തവരെ ശിക്ഷാ നടപടികള്‍ ഉള്‍പ്പെടെയുള്ള നടപടികളിലൂടെ മാനസാന്തരത്തിലേക്ക് നയിക്കുവാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട മേലധികാരികളുടേതാകയാല്‍ അവരില്‍ നിന്ന് ആ ദൗത്യം ഏറ്റെടുക്കുവാന്‍ ഇത്തരുണത്തില്‍ പരിശുദ്ധ സിംഹാസനം ഉദ്ദേശിക്കുന്നില്ലതാനും.
ഭാരതത്തിലെ മാര്‍ത്തോമ്മാശ്ലീഹായുടെ പ്രേക്ഷിത പ്രവര്‍ത്തനവും രക്തസാക്ഷിത്വവും ചരിത്ര സംഭവങ്ങളായി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന ഈ സന്ദേശത്തില്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ വിശ്വാസ പ്രഘോഷണ ഫലമായുണ്ടായ സീറോ മലബാര്‍ സഭ ഒരു കാലവും കത്തോലിക്കാ സഭയുടെ കൂട്ടായ്മയില്‍ നിന്ന് അകന്നു പോയിട്ടില്ല എന്നും വ്യക്തമാക്കുന്ന ഈ സന്ദേശം കൂടുതലായ അര്‍ത്ഥ തലങ്ങളും സന്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന ഒന്നാകയാല്‍ കൂടുതല്‍ ആഴത്തിലുള്ള പഠനത്തിനും അപഗ്രഥനത്തിനും വിധേയമാകുമെന്ന് പ്രത്യാശിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.