വോട്ടര്‍മാരുടെ എണ്ണം പരസ്യപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍; ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷം

വോട്ടര്‍മാരുടെ എണ്ണം പരസ്യപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍; ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: വോട്ടര്‍മാരുടെ പോളിങ് ഡാറ്റയോ ഓരോ പോളിങ് സ്റ്റേഷനിലും പോള്‍ ചെയ്ത വോട്ടുകളുടെ രേഖയോ വെളിപ്പെടുത്താന്‍ നിയമപരമായ അധികാരമില്ലെന്ന് സുപ്രീം കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍.

ഫോറം 17 സിയുടെ അടിസ്ഥാനത്തിലുള്ള അത്തരം വെളിപ്പെടുത്തലുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

നടന്നുകൊണ്ടിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ കണക്ക് ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും (എഡിആര്‍) കോമണ്‍ കോസും നല്‍കിയ അപേക്ഷയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം.

കമ്മീഷന്‍ ഫോം 17 ഇ വഴി വോട്ടര്‍ ഡാറ്റ സംയോജിപ്പിക്കുന്നതിനുള്ള നിയമപരമായ ബാധ്യതയും അതിന്റെ ആപ്പ്, വെബ്‌സൈറ്റ്, പത്രസമ്മേളനങ്ങള്‍ എന്നിവയിലൂടെ വോട്ടിങ്് ഡാറ്റയുടെ നിയമാനുസൃതമല്ലാത്ത സ്വമേധയാ വെളിപ്പെടുത്തലും തമ്മില്‍ വ്യത്യാസമുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.

ഇവിഎമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ രേഖകള്‍ അടങ്ങിയ ഫോറം 17 സി പരസ്യപ്പെടുത്താന്‍ നിയമപരമായ ഉത്തരവില്ല. സ്ഥാനാര്‍ത്ഥികള്‍ക്കോ അവരുടെ ഏജന്റുമാര്‍ക്കോ മാത്രമേ രേഖ നല്‍കാനാകൂ എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പിന് ശേഷം ഈ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കാല താമസം നേരിട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്. പൊതു തിരഞ്ഞെടുപ്പിലെ ഓരോ ഘട്ട വോട്ടെടുപ്പിന് ശേഷവും എല്ലാ പോളിങ് സ്റ്റേഷനുകളുടെയും ഫോറം 17 സിയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത് വോട്ടര്‍മാരുടെ ആധികാരിക രേഖകള്‍ വെളിപ്പെടുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റാംപൂര്‍ സീറ്റില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഭിഭാഷകന്‍ മെഹമൂദ് പ്രാച്ചയും തന്റെ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍ ഫോം 17 സി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഫോറം 17 സി വെളിപ്പെടുത്തുന്നത് വോട്ടര്‍മാര്‍ക്കിടയില്‍ ആകെ വോട്ട് സംബന്ധിച്ച് ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കോണ്‍ഗ്രസ്, എസ്,പി നേതാക്കള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.

ഒരു പോളിംഗ് സ്റ്റേഷനില്‍ പോള്‍ ചെയ്ത വോട്ടുകളുടെ രേഖയായ ഫോറം 17 സി അപ് ലോഡ് ചെയ്യാന്‍ നിയമപരമായ ബാധ്യതയില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് ശരിക്കും ഞെട്ടിക്കുന്നതാണ് എന്ന് മുതിര്‍ന്ന അഭിഭാഷകനും എസ്.പി നേതാവുമായ കപില്‍ സിബല്‍ പറഞ്ഞു.

എണ്ണിയ വോട്ടുകള്‍ അപ് ലോഡ് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് പോള്‍ ചെയ്ത വോട്ടുകള്‍ അപ് ലോഡ് ചെയ്തുകൂടാ? അത്തരമൊരു കമ്മീഷനെ എങ്ങനെ വിശ്വസിക്കും എന്നും കബില്‍ സിബല്‍ ചോദിച്ചു.

വിചിത്രമായ സംഭവങ്ങളില്‍ വോട്ടര്‍മാര്‍ ആശങ്കയിലാണ് എന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പ്രതികരിച്ചു. ആദ്യം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിങിന്റെ അന്തിമ കണക്ക് പുറത്തനുകൊണ്ടുവരാന്‍ 10-11 ദിവസമെടുത്തു.

തുടര്‍ന്ന് തത്സമയ ഡാറ്റയും അന്തിമ കണക്കും തമ്മിലുള്ള വ്യത്യാസം 1.07 കോടി വോട്ടുകളായി മാറുന്നു. ഇത് ശരിക്കും അഭൂതപൂര്‍വമാണ്. കാണാതായ ഇവിഎമ്മുകളെക്കുറിച്ചുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ഏറെ ആശങ്കാജനകമാണന്നും പവന്‍ ഖേര പറഞ്ഞു.

മൊത്തത്തിലുള്ള 1.07 കോടിയുടെ ഈ വ്യത്യാസം ഓരോ ലോക്സഭാ സീറ്റിലും 28,000 വോട്ടുകളുടെ വര്‍ധനയിലേക്ക് മാറും. ഇത് വളരെ വലുതാണ്. ബിജെപിക്ക് കനത്ത സീറ്റ് നഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളിലാണ് ഭിന്നത ഏറ്റവും കൂടുതല്‍. എന്താണ് സംഭവിക്കുന്നത് എന്നായിരുന്നു ജയ്റാം രമേശ് ചോദിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.