ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തോടടുക്കുമ്പോള്‍ ഇന്ത്യ മുന്നണിയുടെ വിജയത്തെക്കുറിച്ച് കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
പത്ത് വര്‍ഷം ഭരിക്കുന്ന സുസ്ഥിരമായ ഒരു സര്‍ക്കാര്‍ ഇന്ത്യ മുന്നണി രാജ്യത്തിന് നല്‍കുമെന്നും ഖാര്‍ഗെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതികരണം നോക്കുമ്പോള്‍ ഭരണ മാറ്റത്തിന്റെ നല്ല സൂചനകളാണ് ലഭിക്കുന്നതെന്നും അദേഹം പറഞ്ഞു.
പൊതുജനങ്ങളില്‍ നിന്നും സ്ത്രീകളില്‍ നിന്നുമുള്ള പ്രതികരണം പുതിയ കാര്യമാണ്. 2019 ലെ സ്ഥിതി ഇതായിരുന്നില്ല, ആദിവാസി മേഖലയായാലും നഗരമായാലും ഇടത്തരക്കാരായാലും താഴെത്തട്ടിലുള്ളവരായാലും എവിടെ പോയാലും അവിടെ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.
പ്രധാനമന്ത്രി ആരാകുമെന്ന ചോദ്യത്തിന് 'ആദ്യം നമുക്ക് തിരഞ്ഞെടുപ്പില്‍ ജയിക്കാം. പ്രധാനമന്ത്രിയെ എങ്ങനെ തിരഞ്ഞെടുക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. കുട്ടി ഇതുവരെ ജനിച്ചിട്ടില്ല, അതിന്റെ വലുപ്പം എന്തായിരിക്കുമെന്ന് എങ്ങനെ ചര്‍ച്ച ചെയ്യും' എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടി.
ഇന്ത്യ മുന്നണി എത്ര സീറ്റ് നേടുമെന്ന് കൃത്യമായി പ്രവചിക്കാന്‍ കഴിയില്ലെങ്കിലും 300 കടക്കുമെന്ന് ഖാര്‍ഗെ തറപ്പിച്ചു പറഞ്ഞു. ആദ്യത്തെ ദളിത് പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിനും ഖാര്‍ഗെ പ്രതികരിച്ചു. 'പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നു. ഒരു ദളിതന്‍ എന്ന നിലയില്‍ ഒരു സ്ഥാനവും കഴിഞ്ഞ 53 വര്‍ഷമായി ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല.
ഞാന്‍ ആദ്യം വിദ്യാഭ്യാസ മന്ത്രിയായി, രണ്ടാമതുമായി, ഞാന്‍ റവന്യൂ, ഗ്രാമവികസന മന്ത്രിയായി. മൂന്നാമത് വീണ്ടും ഗ്രാമവികസന മന്ത്രിയായി. എന്റെ സമുദായത്തില്‍ നിന്ന് മാത്രം അഞ്ച് ദളിത് മന്ത്രിമാരുണ്ടെങ്കിലും ഞാന്‍ വകുപ്പുകള്‍ ആവശ്യപ്പെട്ടിട്ടില്ല.
ദളിതരുടെ പേരില്‍ ഞാന്‍ ഒന്നും ചോദിച്ചിട്ടില്ല. എന്നാല്‍ എനിക്ക് ജനങ്ങളെ സേവിക്കാന്‍ അവസരം ലഭിച്ചു. അത് പാര്‍ട്ടിയുടെ പരിപാടികളോടും നയങ്ങളോടുമുള്ള നിങ്ങളുടെ പ്രതിബദ്ധതയെ ആശ്രയിച്ചിരിക്കുന്നു. ഞങ്ങള്‍ക്കൊരു നേതാവുണ്ട്, രാഹുല്‍ ഗാന്ധി. എല്ലാം സഖ്യകക്ഷികള്‍ തീരുമാനിക്കും'- ഇങ്ങനെയായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.
'2004 ല്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ചായിരുന്നുവെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ പാര്‍ട്ടികളും വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എ.ബി വാജ്പേയി എന്ന ഒരു നേതാവും ഇന്ത്യ ഷൈനിങ് ക്യാമ്പെയ്നും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലായിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 140 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. പിന്നീട് യുപിഎ രൂപീകരിച്ചു. സോണിയാ ഗാന്ധിയോട് പ്രധാനമന്ത്രിയാകാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് നിരസിച്ചു. സാമ്പത്തിക വിദഗ്ധനായ ഒരു നല്ല മനുഷ്യനെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നു. പിന്നെ മന്‍മോഹന്‍ സിങ് വന്നു, അഞ്ചു വര്‍ഷം അവിടെ ഉണ്ടായിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായോ?
'നോട്ട് നിരോധനം പോലെയല്ല, വളരെ നല്ല നയങ്ങളാണ് മന്‍മോഹന്‍ സിങ്് കൊണ്ടുവന്നത്. അദ്ദേഹം സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തി. മന്‍മോഹന്‍ സിങ് സംസാരിക്കുമ്പോള്‍, ഒബാമ പറഞ്ഞത് പോലെ ലോകം മുഴുവന്‍ കേള്‍ക്കുമായിരുന്നു. ഞാന്‍ പറഞ്ഞത് ശരിയാണോ എന്ന് പിന്നീട് കാണാം. 2004 മുതല്‍ 2014 വരെയുള്ള ഉദാഹരണങ്ങള്‍ നമുക്കുണ്ട്' - ഖാര്‍ഗെ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.