ബാർ കോഴയിൽ‌ ഗുരുതര ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ട്?'; സർക്കാരിനോട് ആറ് ചോദ്യങ്ങളുമായി വി. ഡി സതീശൻ

ബാർ കോഴയിൽ‌ ഗുരുതര ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ട്?'; സർക്കാരിനോട് ആറ് ചോദ്യങ്ങളുമായി വി. ഡി സതീശൻ

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം. വിഷയം പുറത്തുവന്നതിന് പിന്നാലെ എക്സൈസ് - ടൂറിസം വകുപ്പ് മന്ത്രിമാർ നൽകിയ വിശദീകരണങ്ങൾ പച്ചക്കള്ളമാണെന്ന് തെളിഞ്ഞതായി പ്രതിപകഷ നേതാവ് വി. ഡി സതീശൻ ആരോപിച്ചു. മദ്യനയത്തിൽ പ്രാഥമിക ആലോചന പോലും നടന്നിട്ടില്ലെന്നുള്ള മന്ത്രിമാരായ എം.ബി രാജേഷിന്റേയും, മുഹമ്മദ് റിയാസിന്റേയും വാദങ്ങൾ കള്ളമാണെന്നും ബാറുടമകളുമായുള്ള യോഗത്തിന്റെ തെളിവു സഹിതം പുറത്തുവിടാമെന്നും സതീശൻ വ്യക്തമാക്കി.

വിഷയത്തിൽ ടൂറിസം മന്ത്രിയും ഇടപെട്ടിട്ടുണ്ട്. ടൂറിസം മന്ത്രി എക്സൈസ് മന്ത്രിയെ മറികടന്നാണ് ഇക്കാര്യങ്ങളിൽ ഇടപെട്ടതെന്നും ഇത് എന്തിനായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മദ്യനയത്തിലെ മാറ്റങ്ങൾക്കായി ടൂറിസം മന്ത്രിക്ക് എന്തായിരുന്നു ഇത്ര തിടുക്കം. അബ്കാരി നിയമഭേദഗതികൾ ചർച്ച ചെയ്യുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലും ബാറുടമകളെ പങ്കെടുപ്പിച്ച് സൂം മീറ്റിങും ധനകാര്യ സമിതി യോഗവും ചേര്‍ന്നിട്ടുണ്ടെന്നും ഇത് മറച്ചുവെച്ചാണ് വിഷയത്തിൽ പ്രഥാമിക ചർച്ച പോലും നടന്നിട്ടില്ലെന്നുള്ള മന്ത്രിമാരുടെ നുണ പറച്ചിലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മദ്യനയം മാറ്റത്തിൽ പരാതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്നു ചോദിച്ച വി. ഡി സതീശൻ യുഡിഎഫിന്റെ കാലത്ത് സമാനമായ ആരോപണം വന്നപ്പോൾ കേസ് വിജിലൻസിനെയാണ് ഏൽപ്പിച്ചതെന്നും വ്യക്തമാക്കി. വിഷയം ഇത്രയേറെ ചർച്ചയായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മദ്യനയത്തിൽ നടത്തിയ യോഗത്തിനു ശേഷമാണ് ബാർ ഉടമകൾ പണം പിരിക്കാനായി മുന്നിട്ടിറങ്ങിയെതെന്നും സൂം മീറ്റിഗിൽ ബാർ ഉടമകളുടെ പ്രതിനിധികളും പങ്കെടുത്തിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

ഡി.ജി.പിക്ക് എക്‌സൈസ് മന്ത്രി നല്‍കിയ പരാതി അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കാനല്ലേയെന്നും സർക്കാരിനെ വിമർശിച്ചുകൊണ്ട് സതീശൻ ചോദിച്ചു. ബാർ കോഴ കേസിൽ സർക്കാരിനെതിരെ കടുത്ത പ്രതിഷേധ പരിപാടികൾക്ക് പ്രതിപക്ഷം നേതൃത്വം നൽകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.