ഓസ്‌ട്രേലിയയില്‍ നാല് വയസുകാരന്റെ ജന്മദിനത്തിന് ഹമാസ് തീമിലുള്ള കേക്ക് നിര്‍മിച്ച് ബേക്കറി; പൊലീസ് അന്വേഷണം ആരംഭിച്ചു

ഓസ്‌ട്രേലിയയില്‍ നാല് വയസുകാരന്റെ ജന്മദിനത്തിന് ഹമാസ് തീമിലുള്ള കേക്ക് നിര്‍മിച്ച് ബേക്കറി; പൊലീസ് അന്വേഷണം ആരംഭിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നാല് വയസുകാരന്റെ ജന്മദിനത്തിന് ഹമാസ് ഭീകരന്‍ അബു ഉബൈദയുടെ ചിത്രങ്ങളുള്ള കേക്ക് നിര്‍മിച്ച് ബേക്കറി. കേക്കിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദമായത്. ജന്മദിനം ആഘോഷിക്കുന്ന നാലു വയസുകാരന്‍ ഹമാസ് ഭീകരന്റെ വേഷത്തില്‍ കേക്കിന്റെ അരികില്‍ നില്‍ക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം.

സിഡ്നിയിലെ 'ഓവന്‍ ബേക്കറി ബൈ ഫുഫു' എന്ന ബേക്കറിയാണ് കേക്ക് രൂപകല്‍പന ചെയ്തത്. പാലസ്തീന്‍ പതാകയും ഹമാസിന്റെ വക്താവ് അബു ഉബൈദയുടെ ചിത്രവും ഉള്‍പ്പെടുത്തിയ കേക്കിന്റെ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ അവര്‍ തന്നെ പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ബേക്കറി നടത്തുന്നവര്‍ തങ്ങളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു. വിവാദ സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ െഫഡറല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അബു ഉബൈദയുടെ ചിത്രത്തിന് സമായമായ രീതിയിലാണ് കുട്ടി വസ്ത്രം ധരിച്ചത്. കപ്പ് കേക്കുകളില്‍ പോലും ഭീകരന്റെ ചിത്രം ഇടം പിടിച്ചിട്ടുണ്ട്.

കുട്ടിയുടെ ജന്മദിനത്തില്‍ ഹമാസ് ഭീകരന്റെ ചിത്രമുള്ള കേക്കിനെ ഭയാനകമെന്നാണ് ന്യൂ സൗത്ത് വെയില്‍സിന്റെ പ്രീമിയര്‍ ക്രിസ് മിന്‍സ് വിശേഷിപ്പിച്ചത്. 'ഹമാസ് ഒരു ഭീകര സംഘടനയാണ്. കുട്ടികളുടെ പാര്‍ട്ടികള്‍ നിഷ്‌കളങ്കവും രസകരവുമായിരിക്കണം, വെറുപ്പ് പ്രചരിക്കാനുള്ള ഇടമാകരുത്' - അദ്ദേഹം പറഞ്ഞു. അബു ഉബൈദയുടെ മുഖമുള്ള കേക്കുകള്‍ ആശങ്കയുണ്ടാക്കുന്നതായി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹമാസിനെ തീവ്രവാദ സംഘടനയായി ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിട്ടുണ്ട്. ഹമാസ് ഭീകര്‍ക്ക് ലഭിക്കുന്ന പിന്തുണയില്‍ ആശങ്ക രേഖപ്പെടുത്തി ഓസ്ട്രേലിയന്‍ ജൂത അസോസിയേഷനും രംഗത്തു വന്നു. തീവ്രവാദം യഹൂദ സമൂഹത്തിന്റെ മാത്രമല്ല ലോകത്തിന് തന്നെ ഭീഷണിയാണെന്ന് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് റോബര്‍ട്ട് ഗ്രിഗറി പറഞ്ഞു. ഇത്തരമൊരു തീം ഉപയോഗിച്ച് ഒരു കേക്ക് നിര്‍മിക്കാനുള്ള കുടുംബത്തിന്റെ തീരുമാനത്തെ നിരവധി പേര്‍ വിമര്‍ശിക്കുന്നുണ്ട്.

ഹമാസ് സായുധ വിഭാഗമായ അല്‍ ഖസാം ബ്രിഗേഡ്‌സിന്റെ വക്താവ് അബു ഉബൈദ. ഗാസയില്‍ ഹമാസിന്റെ യുദ്ധത്തിന്റെ മുഖമാണ് അബു ഉബൈദ. വളരെ അപൂര്‍വ്വമായി മാത്രം പുറംലോകത്തെത്തുന്ന അബു ഉബൈദ എപ്പോഴും ചുവന്ന കള്ളിത്തുണി കൊണ്ട് മുഖം മറച്ചാണ് പ്രത്യക്ഷപ്പെടുന്നത്. ഇസ്രയേലി സൈനികരെ അടക്കം തട്ടിക്കൊണ്ട് പോയി വധിച്ചതില്‍ കുപ്രസിദ്ധനാണ് അബു ഉബൈദ.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം അഴിച്ചുവിട്ടപ്പോള്‍ അമേരിക്ക അബു ഉബൈദയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.