വിരമിക്കാന്‍ നാല് ദിവസം: തമ്മനം ഫൈസലിന്റെ ഗുണ്ടാ വിരുന്നുണ്ട ഡി.വൈ.എസ്.പിയ്‌ക്കെതിരെ വകുപ്പുതല അന്വേഷണം; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വിരമിക്കാന്‍ നാല് ദിവസം: തമ്മനം ഫൈസലിന്റെ ഗുണ്ടാ വിരുന്നുണ്ട ഡി.വൈ.എസ്.പിയ്‌ക്കെതിരെ വകുപ്പുതല അന്വേഷണം; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലെത്തി വിരുന്ന് സല്‍ക്കാരത്തില്‍ ഡി.വൈ.എസ്.പിക്കൊപ്പം പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.

ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.ജി സാബുവിനൊപ്പം വിരുന്നില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുത്തത്. വിരമിക്കാന്‍ നാല് ദിവസം മാത്രം ബാക്കിയുള്ള ഡി.വൈ.എസ്.പിയ്‌ക്കെതിരെ വകുപ്പ് തല അന്വേഷണവും തുടങ്ങി.

ഒരു ഡ്രൈവറും സി.പി.ഒയുമാണ് സസ്‌പെന്‍ഷനിലായിരിക്കുന്നത്. ഡി.വൈ.എസ്.പിയുടെ ഡെപ്യൂട്ടികളായി താല്‍കാലികമായി വന്ന ഉദ്യോഗസ്ഥരായ ഇവരുടെ പേരുവിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല. വിരുന്ന് സംബന്ധിച്ച വിവരം പുറത്തുവന്നതോടെ വിഷയത്തില്‍ പ്രാഥമിക അന്വേഷണത്തിന് എസ്.പി ഉത്തരവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് പിന്നാലെയാണ് എം.ജി സാബു സ്ഥലം മാറി ആലപ്പുഴയിലെത്തിയത്. എറണാകുളം റൂറല്‍ പോലീസ് പരിധിയില്‍ ദീര്‍ഘകാലം ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. അവിടെ വെച്ചുള്ള ബന്ധത്തെ തുടര്‍ന്നാണ് വിരുന്നില്‍ പങ്കെടുത്തതെന്നാണ് വിവരം.

നാല് ദിവസം മാത്രമാണ് ഡി.വൈ.എസ്.പി സാബുവിന് സര്‍വീസ് ബാക്കിയുള്ളത്. മെയ് 31 ന് വിരമിക്കും.അതിന്മുമ്പ് അദേഹത്തിന് സസ്‌പെന്‍ഷന്‍ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാപ്പ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടില്‍ ഞായറാഴ്ച ഒരുക്കിയ വിരുന്നിലാണ് ഡി.വൈ.എസ്.പിയും സംഘവും കുടുങ്ങിയത്.

ഗുണ്ടാ നേതാക്കളുടെ വീട്ടില്‍ നടത്തുന്ന 'ഓപ്പറേഷന്‍ ആഗ്' പരിശോധനയുടെ ഭാഗമായാണ് അങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍, ഡിവൈഎസ്പിക്കും പോലീസുകാര്‍ക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് പിന്നീടാണ് വ്യക്തമായത്. റെയ്ഡിനെത്തിയ അങ്കമാലി എസ്.ഐയെ കണ്ടതോടെ ഡി.വൈ.എസ്.പി ശുചി മുറിയില്‍ കയറി ഒളിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.