സൃഷ്ടാവായ ദൈവം, രക്ഷകനായ ഈശോ, ഒപ്പം സഞ്ചരിക്കുന്നവനായ പരിശുദ്ധാത്മാവ്; പരിശുദ്ധ ത്രിത്വത്തെ കുടുംബമായി വിശേഷിപ്പിച്ച് ലോക ശിശുദിനാഘോഷ വേളയില്‍ മാര്‍പാപ്പ

സൃഷ്ടാവായ ദൈവം, രക്ഷകനായ ഈശോ, ഒപ്പം സഞ്ചരിക്കുന്നവനായ പരിശുദ്ധാത്മാവ്; പരിശുദ്ധ ത്രിത്വത്തെ കുടുംബമായി വിശേഷിപ്പിച്ച് ലോക ശിശുദിനാഘോഷ വേളയില്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: 'ദൈവം നമ്മെ സൃഷ്ടിച്ചു, ഈശോ നമ്മെ രക്ഷിച്ചു, പരിശുദ്ധാത്മാവ് ജീവിതകാലം മുഴുവന്‍ നമ്മോടൊപ്പം സഞ്ചരിക്കുന്നു' - ലോക ശിശുദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ. പരിശുദ്ധ ത്രിത്വത്തിനുള്ളിലെ അഗാധമായ ഐക്യത്തെയും സ്‌നേഹത്തെയും കുറിച്ച് കുട്ടികളോട് ഊന്നിപ്പറഞ്ഞ മാര്‍പാപ്പ, പരിശുദ്ധ ത്രിത്വത്തെ ഒരു കുടുംബമായി വിശേഷിപ്പിക്കുകയും ചെയ്തു.

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ദിനമായ ഞായറാഴ്ച, പ്രഥമ ലോക ശിശുദിനാഘോഷങ്ങളുടെ പരിസമാപ്തി കുറിച്ചുകൊണ്ട് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒരുമിച്ചു കൂടിയ 50,000-ല്‍ പരം കുട്ടികള്‍ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. ഫ്രാന്‍സിസ് പാപ്പായുടെ അഭ്യര്‍ത്ഥനപ്രകാരമാണ് റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ മെയ് 25, 26 തിയതികളിലായി ലോക ശിശുദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്.

തന്റെ പ്രസംഗത്തിലൂടനീളം, കുട്ടികള്‍ക്കു മനസിലാകുന്ന ലളിതമായ ശൈലിയിലാണ് മാര്‍പാപ്പ പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള വിചിന്തനങ്ങള്‍ അവര്‍ക്ക് നല്‍കിയത്. നാം ദൈവത്തോടു പ്രാര്‍ഥിക്കുന്നു, പിതാവായ ദൈവത്തോട്, പുത്രനായ ദൈവത്തോട്, പരിശുദ്ധാത്മാവായ ദൈവത്തോട്. അപ്പോള്‍, എത്ര 'ദൈവങ്ങളുണ്ട്'? ഒരു ദൈവത്തില്‍ മൂന്ന് ആളുകള്‍ - പാപ്പാ വിശദീകരിച്ചു.


ആഗോള ശിശുദിനത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഒത്തുകൂടിയ ജനക്കൂട്ടം

'പിതാവായ ദൈവത്തോട് നാം പ്രാര്‍ത്ഥിക്കുന്നത് ഏത് പ്രാര്‍ത്ഥനയാണ്'? - മാര്‍പാപ്പ ചോദിച്ചു. 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' - കുട്ടികള്‍ മറുപടി പറഞ്ഞു. പിതാവായ ദൈവം നമ്മെ എല്ലാവരെയും സൃഷ്ടിക്കുകയും ആഴമായി സ്‌നേഹിക്കുകയും ചെയ്യുന്നു. അതിനാല്‍, ദൈവത്തില്‍ നിന്ന് എപ്പോഴും മാര്‍ഗനിര്‍ദേശങ്ങള്‍ തേടണമെന്ന് മാര്‍പാപ്പ അവരോട് പറഞ്ഞു.

തുടര്‍ന്ന്, പുത്രനായ ഈശോയിലേക്ക് പാപ്പാ അവരുടെ ശ്രദ്ധ ക്ഷണിച്ചു. ഈശോയ്ക്ക് ജീവിതത്തില്‍ കൊടുക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് പരിശുദ്ധ പിതാവ് അവരോട് സംസാരിച്ചു. 'ഈശോ നമ്മെ സഹായിക്കുന്നു, നമ്മോടൊപ്പം വസിക്കുന്നു, നാം വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ നമ്മുടെ ഉള്ളിലേക്ക് എഴുന്നള്ളി വരുകയും നമ്മുടെ പാപങ്ങളെല്ലാം ക്ഷമിക്കുകയും ചെയ്യുന്നു. ഈശോ എല്ലാം ക്ഷമിക്കുമെന്നത് സത്യമാണോ'?- പാപ്പാ ചോദിച്ചു. 'ക്ഷമിക്കും' എന്ന് കുട്ടികള്‍ മറുപടി പറഞ്ഞു.

അതിനുശേഷം, പരിശുദ്ധാത്മാവിനെപ്പറ്റി പാപ്പാ സംസാരിച്ചു. പരിശുദ്ധാത്മാവിനെക്കുറിച്ച് ഗ്രഹിക്കുക എന്നത് പ്രയാസമുള്ള കാര്യമാണെങ്കിലും മാമോദീസായിലൂടെയും മറ്റു കൂദാശകളിലൂടെയും പരിശുദ്ധാത്മാവിന്റെ ദിവ്യസാന്നിധ്യം നമുക്ക് അനുഭവിക്കാന്‍ സാധിക്കും. 'പരിശുദ്ധാത്മാവ് ജീവിതകാലം മുഴുവന്‍ നമ്മോടൊപ്പം സഞ്ചരിക്കുന്നു' - ഈ വാചകം ആവര്‍ത്തിച്ച് ഏറ്റുപറയാന്‍ പാപ്പ കുട്ടികളോട് ആവശ്യപ്പെട്ടു.

അവസാനമായി, മാര്‍പാപ്പ പരിശുദ്ധ മറിയത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. 'സ്വര്‍ഗത്തിലുള്ള നമ്മുടെ അമ്മയുടെ പേര് എന്താണ്' - പാപ്പാ ചോദിച്ചു. 'മറിയം' കുട്ടികള്‍ ഉത്തരം പറഞ്ഞു. തുടര്‍ന്ന്, അവര്‍ ഒരുമിച്ച് 'നന്മ നിറഞ്ഞ മറിയമേ' എന്ന ജപം ചൊല്ലി. കുട്ടികളോട് അവരുടെ മാതാപിതാക്കള്‍ക്കു വേണ്ടിയും മുത്തശ്ശീമുത്തശ്ശന്മാര്‍ക്ക് വേണ്ടിയും രോഗികളായ കുട്ടികള്‍ക്കു വേണ്ടിയും ലോക സമാധാനത്തിനു വേണ്ടിയും പ്രാര്‍ത്ഥിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പാ തന്റെ പ്രസംഗം അവസാനിപ്പിച്ചു.

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.