കനത്ത മഴയില്‍ സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണം; വന്‍ നാശനഷ്ടം: എറണാകുളത്തും കോട്ടയത്തും റെഡ് അലര്‍ട്ട്

കനത്ത മഴയില്‍ സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണം; വന്‍ നാശനഷ്ടം: എറണാകുളത്തും കോട്ടയത്തും റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ മൂന്ന് മരണവും വന്‍ നാശ നഷ്ടവും. മിക്ക നഗരങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇന്ന് മഴക്കെടുതിയില്‍ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ശക്തമായ മഴയിലും കാറ്റിലും വീട്ടുമുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധര്‍മ്മപാലന്റെ മകന്‍ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്.

എറണാകുളം വേങ്ങൂരില്‍ കുളിക്കാന്‍ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകന്‍ എല്‍ദോസ് ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ആനാപ്പുഴയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കൊടുങ്ങല്ലൂര്‍ കാവില്‍കടവ് സ്വദേശി പാറെക്കാട്ടില്‍ ഷോണ്‍ സി ജാക്സണ്‍ (12) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ വീട്ടില്‍ നിന്ന്് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ദുരിതം സമ്മാനിച്ചത്. പെരുമഴയില്‍ കൊച്ചിയില്‍ വീണ്ടും വെളളക്കെട്ട് രൂപപ്പെട്ടു. കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റികളിലുളളവരേയുമാണ് ഏറെ ബാധിച്ചത്. എറണാകുളം ബൈപ്പാസിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമായി.

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ വെളളക്കെട്ടിനെ തടര്‍ന്ന് ഐ ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സമയത്ത് എത്താനായില്ല. നഗരത്തോട് ചേര്‍ന്ന താഴ്ന്ന മേഖലകളിലെ വീടുകളിലും വെളളം കയറി. ഫോര്‍ട്ടുകൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസിന് മുകളിലേക്ക് മരം വീണെങ്കിലും ആര്‍ക്കും പരിക്കില്ല. കളമശേരിയില്‍ വെളളം ഉയര്‍ന്നതോടെ ഒറ്റപ്പെട്ടുപോയവരെ ഫയര്‍ ഫോഴ്സ് എത്തി രക്ഷപെടുത്തി.

കൊല്ലത്തും തിരുവനന്തപുരത്തും റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഗതാഗതത്തിന് തടസമായി. കൊല്ലത്ത് അര്‍ധരാത്രി മുതല്‍ ഇടവിട്ട് ശക്തമായ മഴയുണ്ട്. കാവനാട്, പറക്കുളം ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ദേശീയ പാതയില്‍ ചാത്തന്നൂര്‍ മുതല്‍ പാരിപ്പള്ളി വരെ വെള്ളക്കെട്ടില്‍ ഗതാഗതം തടസപ്പെട്ടു.

കുണ്ടറ ചീരങ്കാവിന് സമീപം രാത്രി മരം വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങളുടെ ചില്ലുകള്‍ മരത്തിന്റെ ചില്ലകള്‍ വീണു തകര്‍ന്നു. വാളകത്ത് എംസി റോഡില്‍ വെള്ളക്കെട്ടുണ്ടായി. തിരുവനന്തപുരത്ത് നഗരമേഖലയിലും ഉള്‍പ്രദേശങ്ങളിലും മഴ കനത്തു. വര്‍ക്കല പാപനാശത്ത് കുന്നിടിഞ്ഞു.

തിരുവനന്തപുരം നഗരത്തില്‍ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മതിലിന്റെ ഒരു ഭാഗം തകര്‍ന്നു. കാട്ടാക്കട കൈതക്കോണത്ത് തോടുകള്‍ കര കവിഞ്ഞൊഴുകുകയാണ്.

കാട്ടാക്കട നെടുമങ്ങാട് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും അടച്ചു. കാലവര്‍ഷ പെയ്ത്ത് തുടങ്ങിയത് കണക്കിലെടുത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി റവന്യൂ മന്ത്രി അറിയിച്ചു.

അതിനിടെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. കനത്തമഴ ലഭിച്ച കൊച്ചിയിലും കോട്ടയത്തും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.