കോട്ടയം: അതിതീവ്ര മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ ഉരുള്‍പൊട്ടല്‍. ഭരണങ്ങാനം വില്ലേജിലെ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുള്‍ പൊട്ടിയത്. സംഭവത്തില്‍ വ്യാപക കൃഷി നാശം ഉണ്ടായി. ഏഴ് വീടുകള്‍ക്കും നാശമുണ്ടായിട്ടുണ്ട്. ആളപായമില്ല.
മീനച്ചില്‍ താലൂക്കിലെ മലയോരമേഖലകളില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. അതിതീവ്ര മഴയെ തുടര്‍ന്ന് മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മീനച്ചിലാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി അറിയിച്ചു.
ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ച റെഡ് അലേര്‍ട്ട് തുടരുകയാണ്. 24 മണിക്കൂറില്‍ 204.4 മില്ലീ മീറ്ററില്‍ കൂടുതലായി മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
ജില്ലയില്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായ മഴയാണ് പെയ്തത്. കുറവിലങ്ങാട്, കടുത്തുരുത്തി മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. കോഴ-പാലാ റോഡിലും മരങ്ങാട്ടുപിള്ളി - കടപ്ലാമറ്റം റോഡിലും വെള്ളം കയറി.
എംസി റോഡില്‍ വെമ്പള്ളി തോട് കര കവിഞ്ഞതോടെ വെമ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും സമീപത്തെ വീടുകളിലും വെള്ളത്തില്‍ മുങ്ങി. കടപ്ലാമറ്റം ടെക്‌നിക്കല്‍ സ്‌കൂളിലും വെമ്പള്ളി, കളത്തൂര്‍, വയലാ, കടപ്പൂര്‍ ഭാഗങ്ങളിലെ കൃഷിയിടങ്ങളിലും വെള്ളം കയറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.